Fri. Nov 22nd, 2024
ബെംഗളൂരു:

ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹിരാകാശ ദൗത്യമായ ചന്ദ്രയാന്‍ ടു ലക്ഷ്യത്തിലെത്തിയില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെ നേരത്തേ നിശ്ചയിച്ചിരുന്ന അതേ പാതയില്‍ തന്നെയായിരുന്നു വിക്രം ലാന്‍ഡര്‍ സഞ്ചരിച്ചിരുന്നതെങ്കിലും പിന്നീട് ആശയവിനിമയം നഷ്ടപ്പെട്ടു. തുടര്‍ന്ന് ശാസ്തജ്ഞരെയും കോടിക്കണക്കിന് ഇന്ത്യാക്കാരെയും നിരാശരാക്കി പാതയില്‍ നിന്നും വാഹനം തെന്നിമാറുകയായിരുന്നു.

ഇതുവരെ ഒരു രാജ്യങ്ങളുടെയും ബഹിരാകാശ വാഹനങ്ങള്‍ എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിലൂടെ ഐ.എസ്.ആര്‍.ഒ ലക്ഷ്യമിട്ടിരുന്നത്. സാങ്കേതികമായി ഏറെ വെല്ലുവിളികളുള്ള ദൗത്യമായിരുന്നു ഇത്. ഒരു വെല്ലുവിളിയായി തന്നെയാണ് ഐ.എസ്.ആര്‍.ഒ ഈ ദൗത്യം ഏറ്റെടുത്തത്.

ബെംഗളൂരുവിലെ പീനിയയിലുള്ള ഇസ്ട്രാക്കില്‍ (isro tracking and commanding network mission operation complex) ആകാംക്ഷയോടെ കാത്തിരുന്ന ഗവേഷകരെ നിരാശപ്പെടുത്തി ദൗത്യം ശനിയാഴ്ച പലര്‍ച്ചെ ലക്ഷ്യം വിട്ടകന്നു. വിക്രം ലാന്‍ഡറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഇസ്ട്രാക്കില്‍ നിന്നായിരുന്നു. ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ ഇറങ്ങാനുള്ള കമാന്‍ഡ് നല്‍കി. പുലര്‍ച്ചെ 1.38 ആയപ്പോള്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 30 കിലോമീറ്റര്‍ ഉയരത്തിലെത്തി. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതുപോലെ പത്തു മിനിട്ടുകൊണ്ട് 7.4 കിലോമീറ്റര്‍ അടുത്തു വരെ റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്താനും കഴിഞ്ഞു.

വിക്രം ലാന്‍ഡറിന്റെ പാത ഇസ്ട്രാക്കിലെ സ്‌ക്രീനില്‍ കാണുകയായിരുന്നു ശാസ്ത്രജ്ഞര്‍. ഉയരം കുറഞ്ഞ് ലാന്‍ഡര്‍ താഴേക്ക് വരുന്നത് സ്‌ക്രീനില്‍ വ്യക്തമായിരുന്നു. ലാന്‍ഡറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതു കൂടാതെ അനുനിമിഷം കൃത്യമായ അനൗണ്‍സ്‌മെന്റുകളും ശാസ്ത്രജ്ഞര്‍ നടത്തിക്കൊണ്ടിരുന്നു.

21,600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത ഏഴു കിലോമീറ്ററായി കുറച്ചു കൊണ്ടായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നടത്തേണ്ടിയിരുന്നത്.

സോഫ്റ്റ് ലാന്‍ഡിംഗിന് തയ്യാറെടുക്കുന്ന സമയം വരെ എല്ലാം വളരെ കൃത്യമായിരുന്നതിനാല്‍ ഇസ്ട്രാക്കില്‍ കാത്തിരുന്ന ശാസ്ത്രജ്ഞരും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു.

ആദ്യം വേഗത കുറക്കാനുള്ള റഫ് ബ്രേക്കിംഗ്, അതായത് ഇറങ്ങാനുള്ള ആദ്യത്തെ ബ്രേക്കിടല്‍ ഘട്ടം. ത്രസ്റ്ററുകള്‍ ഉപയോഗിച്ചാണ് റഫ് ബ്രേക്കിംഗ്’ നടത്തിയത്. ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിന് കുത്തനെ ഇറങ്ങേണ്ട ഘട്ടമായിരുന്നു ഇത്.

അടുത്തതായി 1.45 ന് ബ്രേക്കിടല്‍ പ്രക്രിയ അല്‍പം സ്മൂത്തായി. ഇതോടെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ഫൈന്‍ ബ്രേക്കിംഗ് തുടങ്ങി. ചന്ദ്രനിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. ഫൈന്‍ ലാന്‍ഡിങ് എന്ന ഈ ഘട്ടത്തിലെത്തിയപ്പോഴേക്കും പെട്ടെന്നാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള മാന്‍സിനസ്-സി, സിംപീലിയസ്-സി എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രദേശത്തായി 22.8 ഡിഗ്രി കിഴക്കു മാറിയാണ് ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്ര കൃത്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് ലാന്‍ഡര്‍ ആശയവിനിമയം നഷ്ടപ്പെട്ട് പാതയില്‍ നിന്നും തെന്നിമാറിയത്.

ചന്ദ്രയാന്‍-2 ദൗത്യവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ജി.എസ്.എല്‍.വി മാര്‍ക് -3 യാത്ര തുടങ്ങിയതിന് തൊട്ടുപിന്നാലെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞത് ”പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകള്‍” എന്നായിരുന്നു. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ്ങിലെ നിര്‍ണായക നിമിഷങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നത്.

ഒരു പര്യവേഷണപേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. അതേസമയം ചന്ദ്രന്റെ ഉപരിതലത്തില്‍ ജലസാന്നിധ്യമുണ്ടോ, ഇവിടത്തെ പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയായിരുന്നു ചന്ദ്രയാന്‍-2 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ലക്ഷ്യം. അതിനാലാണ് ഇത്രയും വെല്ലുവിളി നിറഞ്ഞ ലാന്‍ഡിങ് ലക്ഷ്യം ഐ.എസ്.ആര്‍.ഒ തെരഞ്ഞെടുത്തത്.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ എല്ലാം കൃത്യമായാണ് നീങ്ങിയിരുന്നതെന്നും, അതിന് ശേഷമാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമായതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചു എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി.
പര്യവേക്ഷണ വാഹനം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാവുക എന്ന സ്വപ്‌നം കൂടി ചന്ദ്രയാന്‍-2 ദൗത്യത്തിലൂടെ ഇന്ത്യക്കുണ്ടായിരുന്നു.

ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം കാണാന്‍ ഇസ്ട്രാക്കിലെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു. ഇത് ചെറിയ നേട്ടമല്ലെന്നും രാജ്യത്തിന് നിങ്ങളെയോര്‍ത്ത് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *