Mon. Dec 23rd, 2024
കൊച്ചി :

തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീംകോടതി കേരള സർക്കാരിന് അന്ത്യശാസനം നൽകി. സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന ഭീഷണിയും സുപ്രീം കോടതി നടത്തി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളി.

പരിസ്ഥിതി നിയമം ലംഘിച്ച് എറണാകുളം ജില്ലയിലെ മരടിൽ നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മെയ് 8നായിരുന്നു സുപ്രീംകോടതി വിധിച്ചത്. അതിനു ശേഷം ഹര്‍ജികൾ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ സ്വമേധയാ കേസ് പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞപ്പോൾ അത്തരം മുടന്തൻ ന്യായങ്ങളൊന്നും പറയേണ്ടെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി.

എന്താണ് മരട് ഫ്ലാറ്റ് കേസ്?

എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴിൽ വരുന്ന ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ടുമെന്റ്, ആൽഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ തീരദേശ നിയമം ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി നൽകിയ പരാതിയാണ് കേസിനു ആസ്പദം. നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം ഈ അഞ്ചു ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഫ്ലാറ്റുകളിൽ ഉള്ള നൂറുകണക്കിന് കുടുംബങ്ങളെ ആയിരിക്കും ഈ വിധി ബാധിക്കുക.

എന്താണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്?

2006 ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ. സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. 2007-ല്‍ ഫ്‌ളാറ്റ് നിര്‍മാണ ഘട്ടത്തില്‍ മരട് പഞ്ചായത്ത് ബില്‍ഡര്‍ക്ക് ഷോ കോസ് നോട്ടീസ് അയച്ചിരുന്നു. പക്ഷെ ആ സമയത്തു സി.ആർ. സോൺ മാപ്പിങ്ങിൽ വളരെയേറെ അവ്യക്തതകൾ നിലനിന്നിരുന്നു. ഈ അവസരത്തിൽ സി.ആർ. സോൺ മാപ്പിങ്ങിനെ സംബന്ധിച്ചുള്ള അവ്യക്തത മാറ്റിതരണം എന്ന് ആവശ്യപ്പെട്ട് ബിൽഡർ ആയ ആൽഫാ വെഞ്ച്വേഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകയും ഇതിനെ തുടർന്ന് എതിർകക്ഷിയായ മരട് പഞ്ചായത്ത്‌ (നിലവിൽ മുൻസിപ്പാലിറ്റി)പ്രസ്തുത പ്രദേശം സി.ആർ. സോൺ 2 ൽ പെട്ടതാണ് എന്നു കാണിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകുകയും അതിൻ പ്രകാരം ഫ്ലാറ്റ് നിർമ്മാതാക്കൾക്കും ബിൽഡിങ് പെർമിറ്റ്‌ നൽകുകയും ചെയ്തു.

ഈ കേസിനോടനുബന്ധിച്ചു കോടതിയുടെ ആവശ്യപ്രകാരം ഇതിൽ കക്ഷി ചേർന്ന കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) ഈ സമയങ്ങളിൽ യാതൊരു വിധ എതിർപ്പും ഈ കാര്യത്തിൽ പറഞ്ഞതുമില്ല. 2012 ൽ കമ്പനി പണി പൂർത്തിയാക്കി ഫ്ലാറ്റുകൾ താമസക്കാർക്ക് കൈമാറുകയും ചെയ്തു. ഇവിടുത്തെയും ഇതിനു സമാനമായ പ്രശ്നം നേരിടുന്ന മറ്റ് ഫ്ളാറ്റുകളിലെയും താമസക്കാർ നാളിതുവരെ മരട് മുനിസിപ്പാലിറ്റിയിൽ കെട്ടിട നികുതി അടക്കുകയും ചെയ്യുന്നു.

എന്നാൽ 2016 ൽ, പെട്ടന്നുണ്ടായ ഏതോ ഒരു ബോധോദയത്തിന്റെ പേരിൽ CRZ സോൺ മാപ്പിങ്ങിൽ ഉണ്ടായിരുന്ന അപാകതകൾ മറച്ചു വെച്ചുകൊണ്ട്, കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) സുപ്രീം കോടതിയെ സമീപിക്കുകയും, ഫ്ലാറ്റ് പണി നടക്കുന്ന സമയത്ത് ഈ പ്രദേശം സി.ആർ സോൺ -3 ൽ പെട്ടിരുന്ന സ്ഥലമാണെന്നും, കേരളത്തിൽ പ്രളയവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നത് തീരദേശ പരിപാലന നിയമങ്ങൾ ലംഘിക്കുന്ന ഇതുപോലെയുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ മൂലമാണെന്നും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിർമ്മാതാക്കൾക്ക് എതിരായി വിധി സമ്പാദിക്കുകയും ചെയ്തു എന്നാണു ഫ്ലാറ്റ് ഉടമകൾ പറയുന്നത്.

കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. ഈ മൂന്നംഗ സമിതി ഒരു സബ് കമ്മറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മറ്റി വേറൊരു സബ് കമ്മറ്റിയെ നിയോഗിച്ചു. കാര്യങ്ങൾ പരിശോധിക്കുകയോ ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് ഈ സബ് കമ്മറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്തത്. സമിതിയിലെ രണ്ടംഗങ്ങളും തീരദേശ പരിപാലന അതോറിറ്റിയുടെ ആളുകൾ ആയിരുന്നുവെന്നും ഫ്‌ളാറ്റുടമകൾ പറയുന്നു. ഈ മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുകയോ അവരുടെ ഭാഗം കേൾക്കുകയോ ചെയ്തില്ല. പുനഃപരിശോധനാഹർജി നൽകിയ ബിൽഡറുടെ വാദങ്ങൾ സമിതി രേഖപ്പെടുത്തിയെങ്കിലും അവയൊന്നും പരിഗണിച്ചില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ സുപ്രീംകോടതിയിൽ മറുപടിനൽകാൻ സാധിച്ചില്ലെന്നുമാണ് ഫ്ളാറ്റ് ഉടമകൾ പറയുന്നത്.

സി.ആർ. സോൺ രണ്ടിലായിരുന്ന മരട് പ്രദേശം സി.ആർ. സോൺ മൂന്നിലേക്ക് ആക്കുകയാണ് ഈ സബ് കമ്മറ്റി ചെയ്തത്. ഈ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിൽ വന്നപ്പോൾ അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീം കോടതി അഞ്ചു ഫ്ളാറ്റുകളും പൊളിച്ചു കളയാൻ ഉത്തരവിട്ടത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിലൊടുവിലാണ് വിധി വന്നത്. ക്യൂറേറ്റീവ് പെറ്റീഷൻ കൊടുക്കുക എന്ന് മാത്രമാണ് ഫ്ലാറ്റ് ഉടമകൾക്ക് മുന്നിലുള്ള ഏക വഴി.

എന്തുകൊണ്ട് സുപ്രീം കോടതിക്ക് ഈ കടുംപിടുത്തം?

ഈ കേസിൽ അനുകൂല വിധി സമ്പാദിക്കാൻ ഫ്ലാറ്റ് ഉടമകളുടെ അഭിഭാഷകർ നടത്തിയ അതിരുകടന്ന കളികൾ ആയിരുന്നു ഒടുവിൽ അവർക്കു വിനയായത്. ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്റ്റേ വാങ്ങിയതിലെ കള്ളക്കളികൾ ജസ്റ്റീസ് അരുൺ മിശ്രയെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷം ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തിരുന്നു.

സ്റ്റേ നൽകണമെന്ന ആവശ്യം താൻ തന്നെ നേരത്തെ നിരസിച്ചതാണെന്നും അതു മറച്ചുവച്ചാണ് ഹർജിക്കാർ അവധിക്കാല ബെഞ്ചിനെ സമീപിച്ചതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കാൻ പാടില്ലായിരുന്നു. ഹർജിക്കാരാണ് ആ ബെ‍ഞ്ച് നടപടിപ്പിഴവു കാണിച്ചതിന് ഉത്തരവാദികൾ എന്ന് അദ്ദേഹം കൂട്ടി ചേർത്തു. സ്റ്റേ നിരസിച്ചു കഴിഞ്ഞ് മറ്റൊരു ബെഞ്ചിനെ സമീപിച്ച നടപടി അംഗീകരിക്കാനാവില്ല. അതിന് അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമോ? ഉത്തരവാദിത്തത്തോടെ പെരുമാറുന്നവരാണോ നിങ്ങൾ? എന്താണ് കോടതിയിൽ സംഭവിക്കുന്നത്? ധാർമികത തീർത്തും ഇല്ലാതായോ? മൂന്നോ നാലോ സീനിയർ അഭിഭാഷകർ തട്ടിപ്പിന്റെ ഭാഗമാണ്. ഹാജരാകാൻ പറ്റില്ലെന്നു നിങ്ങൾ പറയണമായിരുന്നു. നിങ്ങൾക്കു പണമാണോ വലുത്? – ജസ്റ്റിസ് മിശ്ര ചോദിച്ചു. അതായതു ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചതാണ് കാര്യങ്ങൾ ഇത്രയും സങ്കീർണ്ണമാക്കിയത്.

വിധിയിലെ വിരോധാഭാസം :

സുപ്രീം കോടതി വിധി അനുസരിച്ച് ഈ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങൾ ഇപ്പോൾ സർക്കാരിന് പൊളിച്ചു കളയാമെങ്കിലും ഇതേ സ്ഥലത്തു തന്നെ വീണ്ടും പുതിയൊരു ഫ്ലാറ്റ് പണിയാൻ ബിൽഡർമാർ അപേക്ഷിച്ചാൽ നഗരസഭക്ക് അനുമതി കൊടുക്കേണ്ടി വരും. കാരണം പ്രസ്തുത പ്രദേശം സി.ആർ സോൺ മാപ്പിങ്ങിൽ ഇപ്പോൾ സോൺ 2 ഇൽ ആണ്. നിലവിലെ നിയമം അനുസരിച്ച് സി.ആർ സോൺ – 2 ൽ രണ്ടിൽ പെടുന്ന ഈ സ്ഥലത്ത് ഒരു ഫ്ലാറ്റ് പണിയുന്നതിന് യാതൊരു വിധ തടസവും ഇല്ല എന്നുള്ളതാണ്. മൂന്നു ഫൈവ് സ്റ്റാർ ഉൾപ്പടെ ധാരാളം കൂറ്റൻ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ഫ്ളാറ്റുകൾക്കു അടുത്തു തന്നെയുണ്ട്. ഫലത്തിൽ താൽക്കാലികമായി ചുരുക്കം ചില കപട പരിസ്ഥിതി വാദികൾക്ക് സന്തോഷിക്കാൻ മാത്രമായും, നൂറു കണക്കിന് കുടുംബങ്ങൾക്കു ജീവിതകാലം ദുഖിക്കാൻ മാത്രമുള്ള വിധി. പൊളിക്കുന്നതിനു 30 കോടി സർക്കാർ ഖജനാവിൽ നിന്നെടുക്കണം. ഇത്രയും കൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ.

കേരള സർക്കാരിന്റെ നിലപാട് :

മരടിലെ ഫ്ലാറ്റ് ഉടമകൾ സർക്കാർ സഹായം അപേക്ഷിച്ച് നിവേദനം നൽകിയിട്ടുണ്ട്. സോൺ ടുവിലാണ് മരട് ഇതുവരെ പരിഗണിക്കപ്പെട്ടതെന്നും ഇത് ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ ഒരു സത്യവാങ്മൂലം നൽകിയാൽ ഫ്ലാറ്റ് ഉടമകൾക്ക് പിടിവള്ളിയാകും. പക്ഷെ അത് സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയും ഇവർ രൂപീകരിച്ച സബ് കമ്മറ്റിയും ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന മറ്റൊരു നിയമക്കുരുക്കിന്‌ ഇടയാക്കും. അതിനാൽ സർക്കാർ ഇതിൽ താല്പര്യം എടുക്കാൻ സാദ്ധ്യതയില്ല. സുപ്രീം കോടതി നടപ്പാക്കാതിരിക്കാനാവില്ലെന്നു മന്ത്രി എ.സി മൊയ്തീൻ അറിയിച്ചിട്ടുണ്ട്

നടുക്കടലിൽ ആയതു പ്രവാസികൾ :

കായലോരത്ത് കോടികൾ വിലവരുന്ന ഈ ഫ്ലാറ്റുകൾ പല പ്രമുഖരും സിനിമ താരങ്ങളും അതിസമ്പന്നരും സ്വന്തമാക്കിയിട്ടുണ്ട്. സമ്പന്നർക്ക് ഈ വിധി അവരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചെന്ന് വരില്ല. എന്നാൽ ഒരു ആയുസു മുഴുവൻ പ്രവാസലോകത്തു കഷ്ടപ്പെട്ടു ജീവിതയാമത്തിൽ ഉള്ള സമ്പാദ്യമെല്ലാം മുടക്കി തങ്ങളുടെ സ്വപ്ന ഗൃഹം സ്വന്തമാക്കിയവരും അക്കൂട്ടരിലുണ്ട്. ഫ്ലാറ്റ് ഒരു നിക്ഷേപ സാദ്ധ്യതയായി വാങ്ങിച്ചിട്ടിരിക്കുന്നവരും ഉണ്ട്. അത്തരക്കാരാണ് ഈ വിധിയോടെ വഴിയാധാരമാകാൻ പോകുന്നത്. ഔദ്യോഗിക ലൈസൻസുകളിലും രേഖകളിലും അനുമതികളിലും വിശ്വസിച്ച് മുതൽ മുടക്കിയവർ ഇന്ന് ഉദ്യോഗസ്ഥരുടെയും നിർമാണക്കമ്പനികളുടെയും കള്ളക്കളികൾ മൂലം വഴിയാധാരമാകുകയാണ്. സാധാരണക്കാരായതിനാലാണ് ഇവരുടെ നിലവിളി ശബ്ദം ഉയർന്നു കേൾക്കാത്തത്. പലരും പറയുന്നത് ഫ്ലാറ്റ് പൊളിക്കാൻ വന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *