തിരുവനന്തപുരം:
വിഴിഞ്ഞത്തിനു സമീപം കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒരു ബസ് അഗ്നിക്കിരയാക്കിയ അക്രമികള്‍ ഏഴോളം ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ കെട്ടിടം തീവെക്കാനും ശ്രമം നടന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്‌കൂളിലുണ്ടായ അക്രമം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
സ്‌കൂള്‍ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുപതോളം സി.സി.ടി.വി ക്യാമറകള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഒരെണ്ണത്തില്‍ പോലും പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ഇതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പുലര്‍ച്ചേ രണ്ടരയോടെയാണ് സംഭവം നടന്നത് എന്നാണ് പോലീസിന്റെ നിഗമനം. സ്‌കൂളിലുള്ള സി.സി.ടി.വി ക്യാമറകളെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
സ്‌കൂളിലെ ഡേ കേയറിന് മുന്നിലായി നിര്‍ത്തിയിട്ടിരുന്ന എ.സി. ബസ്സാണ് കത്തി നശിച്ചത്. ബസിന് അടിയിലേക്ക് കുപ്പി എറിയുന്നതും ഇതിന് പിന്നാലെ ചെറിയ വിളക്ക് എറിയുന്നതും സിസിടിവി ക്യാമറയില്‍ കണ്ടെത്തി. കുപ്പിയില്‍ പെട്രോള്‍ എറിഞ്ഞ ശേഷം തീയിട്ടതാണെന്ന് കരുതുന്നു. ബസ് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം അക്രമികളില്‍ രണ്ടു പേരുടെ കാലുകള്‍ മാത്രമാണ് ബസ് കത്തിയ ഭാഗത്തുള്ള ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.
കയ്യില്‍ കമ്പി വടിയുമായി നില്‍ക്കുന്ന ഒരാളുടെ ദൃശ്യം ഭാഗികമായി മറ്റൊരു കാമറയിലും പതിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
സ്‌കൂളിലെ നീന്തല്‍ കുളത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഏഴെണ്ണത്തിന്റെ ചില്ലുകളാണ് അടിച്ചു തകര്‍ത്തത്. എന്നാല്‍ ഈ ഭാഗത്തുള്ള ക്യാമറയില്‍ ദൃശ്യങ്ങളൊന്നും കണ്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവ സമയത്ത് സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂളിലുള്ള മറ്റു ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്. അതേസമയം പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചതായി പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂളിലെ ജീവനക്കാരായ ചിലരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.