Fri. Apr 19th, 2024
കൊച്ചി:

കൊച്ചിക്കാർക്ക് ഓണസമ്മാനമായി, മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ
മഹാരാജാസ് ​മെട്രോ സ്റ്റേഷൻ ​ഗ്രൗണ്ടിൽ വച്ച് നാട മുറിച്ചായിരുന്നു മുഖ്യമന്ത്രി, പുതിയ പാത ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹൈബി ഈഡൻ എം.പി., മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്‍, പിടി തോമസ് എം.എല്‍.എ., മുന്‍ എം.പി. കെവി തോമസ്, കൊച്ചി മേയർ കെ സൗമിനി എന്നിവർ പങ്കെടുത്തു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ വച്ചു നടന്ന പരിപാടിയിൽ, മുഖ്യമന്ത്രി പുതിയ പാതയ്ക്കൊപ്പം വാട്ടർ മെട്രോ ആദ്യ ടെർമിനലിന്റെയും പേട്ട എസ്.എൻ. ജംഗ്ഷന്‍റെയും നിർമ്മാണ ഉദ്ഘാടനംകൂടി നടത്തി.

കൊച്ചി വാട്ടർ മെട്രോ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു
പുതിയ പാതയിലേക്ക് സർവീസ് ആരംഭിക്കുന്നതോടുകൂടി കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. മഹാരാജാസ് – തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുണ്ടാവുക. അങ്ങനെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും. എന്നാൽ, നാളെ മുതലാകും ഈ വഴി മെട്രോയുടെ സ്ഥിരസർവീസുകൾ തുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു. യാത്രികരെ മെട്രോയിലേക്ക് ആകർഷിക്കാൻ വിവിധ ടിക്കറ്റ് ഇളവുകളും ആനൂകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാളെ മുതൽ പതിനാല് ദിവസത്തേക്ക് യാത്രക്കാ‍ർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും. മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ്ങ് സൗകര്യം സൗജന്യമായിരിക്കും. സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപാ പ്രതിരോധത്തിൽ ഉൾപ്പടെ നഴ്സുമാർ വഹിച്ച പങ്കിന് ആദരസൂചകമായി ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലെ നഴ്സുമാർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്.

മഹാരാജാസില്‍ – തൈക്കൂടം പാതയിലെ യാത്ര നിരക്ക്:

* മഹാരാജാസ് കോളേജ് – കടവന്ത്ര -10 രൂപ

* മഹാരാജാസ് കോളേജ് – എളംകുളം -10 രൂപ

* മഹാരാജാസ് കോളേജ് – വൈറ്റില -20 രൂപ

* മഹാരാജാസ് കോളേജ് – തൈക്കൂടം -20 രൂപ

ഏഴ് മിനിറ്റിന്റെ ഇടവേളകളിൽ മെട്രോ സർവീസ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *