Mon. Dec 23rd, 2024
കോട്ടയം:

രണ്ടില ചിഹ്നത്തില്‍ പിജെ ജോസഫ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേല്‍. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും വ്യത്യസ്ത പത്രികകള്‍ നല്‍കാനാണ് തീരുമാനം. നാളെയാണ് പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി എന്ന നിലയില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പത്രിക നല്‍കുന്നതിനൊപ്പം സ്വതന്ത്ര ചിഹ്നം ആവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലും പത്രികകള്‍ നല്‍കുമെന്ന് ജോസ് ടോം പറഞ്ഞു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ പി.ജെ ജോസഫിന്റെ അനുമതി കത്തുണ്ടെങ്കില്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാന്‍ കഴിയൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെ രണ്ടിലയിപ്പോള്‍ ജോസഫിന്റെ കോര്‍ട്ടില്‍ തന്നെയാണ്. ഇത് പാര്‍ട്ടിയിലും ജോസഫിന്റെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജോസഫ് രണ്ടില അനുവദിച്ചില്ലെങ്കില്‍ പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യം രണ്ടില വേണ്ടെന്നു പറഞ്ഞ പുലിക്കുന്നേല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് വ്യക്തമായതോടെ പി.ജെ ജോസഫിന് അനുകൂലമായി പ്രതികരിച്ചിരുന്നു. ജയിക്കാന്‍ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹത്തെ നേരിട്ടു കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും പുലിക്കുന്നേല്‍ പറഞ്ഞു. എന്നാല്‍ ഈ തന്ത്രപരമായ നീക്കങ്ങളും യു.ഡി.എഫ് നേതാക്കള്‍ നടത്തുന്ന അനുനയ ശ്രമങ്ങളും ജോസഫിനെ സമാധാനിപ്പിച്ചിട്ടില്ല.

പി.ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ച് ജോസ് കെ. മാണി ആവശ്യപ്പെട്ടാല്‍ ചിഹ്നം ജോസഫ് നല്‍കിയേക്കും. എന്നാല്‍ സ്വയം ചെയര്‍മാനായി അവരോധിച്ച ജോസ് കെ. മാണി അതിന് തല്കാലം തയ്യാറല്ല. എന്നാല്‍ രണ്ടില ജോസഫിന്റെ കയ്യിലാണെന്ന വ്യക്തമായതോടെ ജോസ് കെ. മാണിയും ചെറിയതോതില്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ചിഹ്നത്തിന്റെ പേരില്‍ പി.ജെ ജോസഫുമായുള്ള പ്രശ്‌നം യു.ഡി.എഫ് ഇടപെട്ട് തീര്‍ക്കുമെന്നു പറഞ്ഞ ജോസ് കെ മാണി വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ലെന്നും വ്യക്തമാക്കി. രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് നേതാക്കളെല്ലാം അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ജോസഫ് ഇതുവരെ വിട്ടു വീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇപ്പോള്‍ ചിഹ്നം നല്‍കിയാല്‍ പതിയെ പാര്‍ട്ടിയില്‍ താന്‍ ഒതുക്കപ്പെടുമെന്നും ജോസഫിനറിയാം. അതുകൊണ്ടുതന്നെ കെ.എം മാണിയുടെ വിശ്വസ്ഥനും ജോസ് കെ. മാണിയുടെ നോമിനിയുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില നല്‍കാന്‍ പി.ജെ ജോസഫ് തയ്യാറല്ലെന്നാണ് സൂചന.

അതേസമയം രണ്ടിലയിലുള്ള പ്രതീക്ഷ ജോസ് ടോം പുലിക്കുന്നേല്‍ ഇപ്പോഴും കൈവിട്ടിട്ടില്ല. ഇതിനായി ജോസ് കെ. മാണിയും യുഡിഎഫ് നേതാക്കളും സമാന്തരമായി കരുനീക്കം നടത്തുന്നുണ്ട്. ജോസഫിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ രണ്ടിലയില്‍ തന്നെ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് രണ്ടു തരത്തില്‍ പത്രികകള്‍ നല്‍കുന്നത്. യുഡിഎഫ് ഇടപെട്ട് ചിഹ്നം വാങ്ങിത്തന്നാല്‍ സ്വാകരിക്കാമെന്ന നിലപാടാണ് പുലിക്കുന്നേലിനും. ഇതിനിടെ ജോസഫിന്റെ മേധാവിത്വം നയപരമായി അംഗീകരിക്കാന്‍ ജോസ് കെ. മാണി തയ്യാറായാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *