Mon. Dec 23rd, 2024
#ദിനസരികള്‍ 865

പുത്തുമലയും കവളപ്പാറയും പോലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ച ഇടങ്ങളില്‍ ഇപ്പോഴും കണ്ണുനീര്‍ തളം കെട്ടി നില്ക്കുന്നുണ്ടെങ്കിലും പ്രളയമുണ്ടാക്കിയ കെടുതികളില്‍ നിന്നും നാം ഏറെക്കുറെ മുക്തരായിരിക്കുന്നു. ദുരിതബാധിതര്‍ക്ക് ആശ്വാസമായി നാടൊന്നാകെ കൂടെ നില്ക്കുന്നുവെന്നതിനാല്‍ ജീവിതം അതിന്റെ സ്വാഭാവികമായ താളക്രമത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നു. അധികം താമസിയാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയം സമ്മാനിച്ച ദുരിതങ്ങളെ നാം മറന്നതുപോലെ ഈക്കൊല്ലത്തെ മുറിവുകളേയും നാം മറക്കുക തന്നെ ചെയ്യും. മനുഷ്യന്‍ ഓര്‍മ്മിക്കാനെന്നതിനെക്കാള്‍ മറക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുക എന്നതാണല്ലോ ശരി.

എന്നിരുന്നാല്‍‌പ്പോലും നാം മനുഷ്യരാണെന്ന കാര്യം മറക്കാന്‍ കഴിയുന്നതാണോ? മനുഷ്യന് ചില ഗുണങ്ങളുണ്ടെന്നും അതാണ് ഒരു സാധാരണ ഇരുകാലി മൃഗത്തെ അസാധാരണനായ മനുഷ്യനായി ഉയര്‍ത്തുന്നതെന്നെങ്കിലും നാം മനസ്സിലാക്കണ്ടേ? പ്രളയകാലത്തെ ചില അനുഭവങ്ങള്‍ പഠിപ്പിക്കുന്നത് നാം ചിലപ്പോഴെങ്കിലും മനുഷ്യനായിരിക്കാന്‍ യാതൊരു വിധ യോഗ്യതയുമുള്ളവരല്ല എന്നാണ്.

ചിലതു ചൂണ്ടിക്കാണിക്കാം.

കഴിഞ്ഞ കൊല്ലം സന്നദ്ധ സംഘടനകളും വ്യക്തികളും കോര്‍പ്പറേറ്റു സ്ഥാപനങ്ങളുമെന്നു വേണ്ട സമൂഹത്തിന്റെ നാനാതുറകളില്‍ ജീവിച്ചു പോകുന്ന സമസ്ത ജാതി മനുഷ്യരും ഒന്നിച്ചു നിന്ന് പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയതുമൂലം ധാരാളമായി ഒഴുകിയെത്തിയ ആശ്വാസസാമഗ്രികള്‍ക്ക് കൈയ്യും കണക്കുമില്ല. അവ നേരിട്ട് വീടുകളിലേക്കും ക്യാമ്പുകളിലേക്കും വിതരണം ചെയ്യപ്പെടുകയാണുണ്ടായത്. ആര്‍‌ക്കൊക്കെ എന്തൊക്കെയാണ് കിട്ടിയതെന്നോ എത്ര കിട്ടിയെന്നോ ഒന്നും ഒരു കണക്കുമില്ലായിരുന്നു. എന്നിട്ടും കിട്ടിയില്ല കിട്ടിയില്ല എന്നും പലരും വിലപിക്കുന്നതും നാം കണ്ടിട്ടുണ്ട്.

ഇത്തവണത്തെ പ്രളയത്തിനു ശേഷം ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ചില വീടുകളിലെ കാഴ്ചകള്‍ ആരേയും ഞെട്ടിക്കുന്നതാണ്. കെട്ടുകെട്ടായി അടുക്കി വെച്ചിരിക്കുന്ന പായകള്‍, തലയണകള്‍, തുണിശേഖരങ്ങള്‍, വിവിധതരം സോപ്പുകള്‍, കിടക്കകള്‍ എന്നു വേണ്ട മൂന്നോ നാലോ കൂടുംബത്തിന് സുഖമായി ജീവിച്ചു പോകാന്‍ കഴിയുന്ന തരത്തിലുള്ള സാധനങ്ങളുടെ കൂമ്പാരങ്ങള്‍! എല്ലാംതന്നെ വെള്ളം കയറി പാഴായിപ്പോയിരിക്കുന്നു. ഓരോരുത്തരും കൊണ്ടുത്തരുമ്പോള്‍ രണ്ടു കൈയ്യും നീട്ടി വാങ്ങി വെച്ചവ! ഇന്നിപ്പോള്‍ അവയെല്ലാം തന്നെ ഉപയോഗശൂന്യമായി പുറത്തേക്ക് തള്ളേണ്ട സാഹചര്യമുണ്ടായിരിക്കുന്നു.

ഇത്തരത്തില്‍ സാധനങ്ങളുടെ ശേഖരം ഏറ്റവും കൂടുതല്‍ കണ്ടത് നഗരപ്രദേശത്തിനടുത്തുള്ള ഇടങ്ങളില്‍ താമസിക്കുന്നവരിലാണ്. കാരണം സാധനങ്ങളുമായി ദൂരെ നിന്നെത്തുന്നവര്‍ അധികം ഉള്‍‌പ്രദേശങ്ങളിലേക്ക് ഒന്നും പോകാതെ ഏറ്റവും അടുത്ത സ്ഥലത്ത് വിതരണം ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ കിട്ടിയവരാണോ കിട്ടാത്തവരാണോയെന്നെന്നും തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗവുമില്ല. കിട്ടിയവരാകട്ടെ വേണ്ട എന്നോ മതിയെന്നോ ഉള്ള രണ്ടു വാക്കുകള്‍ പറയാറുമില്ല. സൌജന്യമായി കിട്ടുന്നതല്ലേ പോരട്ടെ എന്നാണ് അക്കൂട്ടരുടെ ചിന്ത.

എന്നാല്‍ ഈ പ്രളയത്തില്‍ കേന്ദ്രീകൃത ശേഖരണവും വിതരണവും നടന്നതുകൊണ്ട് കഴിഞ്ഞ കൊല്ലത്തെപ്പോലെ ധാരാളമായി കൂട്ടിവെയ്ക്കാനുള്ള അവസരം ലഭിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്. എന്നുമാത്രവുമല്ല ഉള്‍‌പ്രദേശങ്ങളിലേക്കും വിതരണം നടന്നിരിക്കുന്നു. എന്നാല്‍ പ്രളയ ശേഷം വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത ചിലരുണ്ട്. ചില മതജാതി സംഘടനകളും പൊതുധാരയോട് ഒപ്പം ചേരാത്തവരുമായ അവര്‍ ചെയ്തതാകട്ടെ എളുപ്പം എത്തിപ്പെടാവുന്ന ഇടങ്ങളില്‍ എത്തി കുറച്ച് പടംപിടിച്ച് കൊണ്ടുവന്നതാകെ അവിടെ കൊടുത്തു തടിയെടുത്തു പോകുന്ന സമീപനവുമുണ്ടായി.

അതുപോലെ സന്നദ്ധസേവകന്റേയും പൊതുപ്രവര്‍ത്തകന്റേയും വേഷമിട്ട് മുതലെടുപ്പു നടത്തുന്നവരേയും നമുക്ക് കാണാം. നാലാളുകള്‍ കൂടുന്നിടത്തുമാത്രമെത്തി ആശ്വസപ്രവര്‍ത്തനങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തി മടങ്ങുന്ന അത്തരക്കാര്‍ നാടിന്റെ മറ്റൊരു കെട്ട മുഖമാണ്. അപകടസ്ഥലങ്ങളിലേക്ക് കുതിച്ചെത്തുന്ന ഇക്കൂട്ടര്‍ സത്യത്തില്‍ ദുരന്തത്തെക്കാള്‍ വലിയ ദുരന്തമാണ്. തനിക്ക് സഹായിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ നിന്ന് വിട്ടു നില്ക്കുകയെന്നതാണ് ഏറ്റവും വലിയ ദുരിതാശ്വാസമെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? എന്നാല്‍ നിസ്വാര്‍ത്ഥ മനോഭാവത്തോടെ സേവനം നടത്തുന്നവരെക്കൂടി ഇത്തരക്കാര്‍ കരിപുരട്ടുന്നു.

ഇതില്‍ നിന്നെല്ലാം ചില പാഠങ്ങള്‍ ഇനിയെങ്കിലും നാം പഠിക്കേണ്ടിയിരിക്കുന്നു. പ്രളയകാലത്ത് നാം ജീവിച്ചു പോയതിനെക്കാള്‍ വലിയ കെടുതികളില്‍ ജീവിതകാലം മുഴുവന്‍ കഴിഞ്ഞു കൂടേണ്ടി വരുന്നവര്‍ ലോകത്തിന്റെ വിവിധ ദേശങ്ങളിലുണ്ട് എന്ന തിരിച്ചറിവാണ് അതില്‍ പ്രധാനമായിട്ടുള്ളത്. അതുപോലെ നമ്മുടെ തൊട്ടയല്‍ സംസ്ഥാനങ്ങള്‍ പ്രളയത്തെ നേരിട്ടതു മാത്രം നോക്കിയാല്‍ മതി നമ്മളെത്ര ആഡംബരത്തോടെയാണ് പ്രളയകാലത്തെ അതിജീവിച്ചതെന്ന് മനസ്സിലാക്കാന്‍.

അതുകൊണ്ട് ഇത്തരം ദുഷ്ടമനസ്സുകളുടെ കൊയ്ത്തുകാലമാണ് ദുരിതകാലം എന്നതു മാറണം. ആവശ്യത്തിനുള്ള സൌജന്യങ്ങള്‍ക്കപ്പുറം കടക്കമ്പോള്‍ വേണ്ട എന്നു പറയാനും നമുക്ക് കഴിയണം.

ആവശ്യത്തിന് ഇവിടെ എല്ലാമുണ്ട്, ആര്‍ത്തിക്കാകട്ടെ ഒന്നുമില്ല എന്ന ചൊല്ല് നാം മറക്കാതിരിക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *