Mon. Dec 23rd, 2024
ബംഗളൂരു:

ഇന്ത്യൻ അഭിമാനം ചന്ദ്രയാന്‍ 2 വിന്റെ നാലാംഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.18 ഓടെ, ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 164 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ബഹിരാകാശ പേടകം, 6.37ന് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കുകയും ചെയ്തു. ചന്ദ്രയാന്‍ രണ്ട് ഇപ്പോള്‍ ഉള്ളതും ഈ ഭ്രമണപഥത്തിൽ തന്നെയാണ്.

ആഗസ്റ്റ് 20ന് ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്നലെ വൈകീട്ട് നടന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് അവസാനഘട്ട ഭ്രമണപഥ മാറ്റം ഉണ്ടാവുക.


ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ളതും ഏറ്റവും അവസാനത്തേതുമാണ്‌ വര്‍ത്തുള ഭ്രമണപഥം. സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിലാണ് ചന്ദ്രയാന്‍ 2ന്റെ വാർത്തുളയിലേക്കുള്ള ഭ്രമണപഥ മാറ്റം ഉണ്ടാവുക.

തുടർന്ന്, സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും തമ്മിൽ വേര്‍പെടും. ശേഷം, സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. അന്നേദിവസം, പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐ.എസ്‌.ആര്‍.ഒ. കണക്കുകൂട്ടുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിൽ വിക്രം ലാന്‍ഡര്‍ ഇറക്കുക എന്നതാണ് ഐ.എസ്‌.ആര്‍.ഒ.യുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *