Sat. Jan 11th, 2025

ഈ ഭാഗത്തിൽ മുൻപ് സൂചിപ്പിച്ച റിപ്പോർട്ടിന്റെ രീതിശാസ്ത്രങ്ങളുടെ സങ്കീർണ്ണതയിലേക്ക് കടക്കാം. അതിന്റെ സങ്കീർണ്ണത ആകെ മൊത്തം ശാസ്ത്രങ്ങളുടേതാണ്. സോഷ്യോളജിയുടെ സ്ഥാപകനായ അഗസ്റ്റ് കോംറ്റ് (Auguste Comte) ശാസ്ത്രങ്ങളെയാകെ താരതമ്യം ചെയ്ത് തരംതിരിക്കുന്നുണ്ട്. സാമൂഹികശാസ്ത്രത്തിന്റെയും അതുവഴി ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെയും സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ഈ താരതമ്യം സഹായിക്കും. സോഷ്യോളജിയുടെ സ്ഥാപകനാണ് കോംറ്റ്. 1830 മുതൽ 1842 വരെ ഉള്ള കാലഘട്ടത്തിലാണ് കോംറ്റ് ഈ വിശകലനം നടത്തിയത്.

പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ബോധ്യപ്പെടാൻ കഴിയുന്ന വിവരങ്ങൾ ആണ് യഥാർത്ഥ ജ്ഞാനമെന്നും അതുമാത്രമാണ് ശാസ്ത്രീയമായ അറിവുകൾ എന്നും അദ്ദേഹം വ്യക്തമാക്കി. ആ നിലയ്ക്ക് ഭൗതികശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങൾ സാമൂഹ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്നതാണ് യഥാർത്ഥ ജ്ഞാനോത്പാദനത്തിന് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ ശേഖരിക്കപ്പെട്ട അറിവുകൾ കൃത്യമായി രേഖപ്പെടുത്തുന്നതും വിശകലനം ചെയ്യുന്നതുമായ സങ്കല്പമാണ് “പോസിറ്റീവിസം”.

ഇത് ഒരു കാഴ്ചപ്പാടും രീതി ശാസ്ത്രവുമാണ്. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ പ്രത്യേക രീതിയിലുള്ള ആവർത്തനത്തിന്റെ അടിസ്ഥാനത്തിൽ
സാമാന്യവത്കരണങ്ങൾ നടത്തുകയും സിദ്ധാന്തങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നു. കോംറ്റ് ശാസ്ത്രങ്ങളെ തരംതിരിക്കുന്നത് പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമാന്യവത്കരിക്കാനും സിദ്ധാന്തങ്ങൾ രൂപീകരിക്കാനുമുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ്. മനുഷ്യചരിത്രത്തിൽ ജ്ഞാനശാസ്ത്രങ്ങൾ രൂപപ്പെട്ടതും പ്രത്യേക രീതിയിലാണെന്ന് കോംറ്റ് പറയുന്നു. ആദ്യം ഗണിതശാസ്ത്രവും അതിനു ശേഷം ജ്യോതിശാസ്ത്രവും ഭൗതികശാസ്ത്രവും രസതന്ത്രവും ജൈവശാസ്ത്രവും എന്നീ ക്രമത്തിൽ ഏറ്റവും ഒടുവിൽ സാമൂഹ്യ ശാസ്ത്രവും രൂപപ്പെട്ടു. ഇതിൽ ആദ്യം രൂപപ്പെട്ട ഗണിതം സാമാന്യവത്കരിക്കുന്നതിനും സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിനും ഏറ്റവും സാധ്യതയുള്ള ജ്ഞാനശാസ്ത്രമായി. സിദ്ധാന്തങ്ങളുടെ കൃത്യത ഏറ്റവും കൂടുതൽ ഗണിത ശാസ്ത്രത്തിലാണ്. അതുകൊണ്ട് ഏറ്റവും കൃത്യതയുള്ള ശാസ്ത്രമാണ് അത്. ഉദാഹരണത്തിന് പൈഥഗോറസ് പോലെ ഒരു സിദ്ധാന്തത്തിൽ ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ നീളം പല രീതിയിൽ പല അളവുകളിൽ മാറ്റിപ്പരീക്ഷിച്ച് ആ സിദ്ധാന്തത്തിന്റെ കൃത്യത വീണ്ടും വീണ്ടും ഉറപ്പിക്കാവുന്നതാണ്. പരീക്ഷണം നടത്തി കൃത്യത ഉറപ്പിക്കാനാകുന്നത് ഈ ശാസ്ത്രീയതയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്.

അടുത്തതായി വികസിച്ച ജ്ഞാനശാസ്ത്രം ജ്യോതിശാസ്ത്രമാണ്. ഗണിത ശാസ്ത്രത്തിന്റെ യുക്തികളിൽ അടിസ്ഥാനപ്പെടുത്തിയാണ് ഇത് വികസിച്ചത്. ജ്യോതിശാസ്ത്രത്തിലെത്തുമ്പോൾ ഗണിതത്തേക്കാൾ സാമാന്യവത്കരണത്തിന് സാധ്യത കുറഞ്ഞു. അതു കൊണ്ട് അതിൽ സിദ്ധാന്തങ്ങൾ രൂപീകരിക്കുവാനും സാധ്യത കുറവാണ്. ഗണിതത്തേക്കാൾ പരീക്ഷണ സാധ്യത ജ്യോതിശാസ്ത്രത്തിൽ കുറവാണ്. ഈ രീതിയിൽ വികസിച്ചു വന്ന മുഴുവൻ ജ്ഞാന ശാസ്ത്ര ശാഖകളും ഓരോ ഘട്ടം കഴിയുമ്പോഴും സാമാന്യവത്കരിക്കാനുള്ള സാധ്യത കുറയുകയും സങ്കീർണ്ണത വർദ്ധിക്കുകയും ചെയ്യും.

സിദ്ധാന്തങ്ങൾ രൂപീകരിക്കുവാനുള്ള സാധ്യതകൾ ഓരോ ഘട്ടത്തിലും കുറഞ്ഞു വരും. പരീക്ഷണങ്ങൾ നടത്തി കൃത്യത ഉറപ്പിക്കുവാനുള്ള സാധ്യത കുറഞ്ഞു വരും. ഓരോ ശാസ്ത്രവും അതിന് തൊട്ടു മുൻപ് വികസിച്ച ശാസ്ത്ര ശാഖയുടെ സൈദ്ധാന്തിക അടിത്തറയിലും അതിന്റെ പ്രായോഗിക പരീക്ഷണത്തിലും അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഓരോ ഘട്ടം കഴിയുമ്പോഴും സിദ്ധാന്തങ്ങൾ രൂപീകരിക്കുവാൻ കൂടുതൽ ഘടകങ്ങളെ പരിഗണിക്കേണ്ടതായി വരും. ഭൗതിക ശാസ്ത്രത്തിൽ ഒരു വസ്തുവിന്റെ വേഗത കണക്കാക്കുമ്പോൾ അത് സഞ്ചരിച്ച ദൂരവും സഞ്ചരിക്കാൻ എടുത്ത സമയവും കണക്കാക്കുന്നതു പോലെ ജീവ ശാസ്ത്രത്തിലേക്കും സാമൂഹ്യ ശാസ്ത്രത്തിലേക്കും എത്തുമ്പോൾ വസ്തുതകൾ പരിശോധിക്കുവാൻ ശാസ്ത്രീയമായി പരിഗണിക്കേണ്ട ഘടകങ്ങളുടെ എണ്ണവും അതിന്റെ സങ്കീർണ്ണതകളും വർദ്ധിക്കും.

പരീക്ഷണം ചെയ്യുന്നത് അസാധ്യമാകും. ഇത്തരത്തിൽ സമൂഹശാസ്ത്രത്തിൽ സിദ്ധാന്തങ്ങൾ രൂപീകരിക്കാൻ പരിഗണിക്കേണ്ടതായ ഘടകങ്ങൾ അനേകമാണ്. അതായത്, ഒരു സമൂഹത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവിടെ ജീവിക്കുന്ന പല സാമൂഹിക വിഭാഗങ്ങളെയും കണക്കാക്കേണ്ടി വരും, അവരുടെ ജീവിത രീതി കണക്കാക്കേണ്ടി വരും, അവരുടെ സാമ്പത്തിക സാഹചര്യം കണക്കാക്കേണ്ടി വരും, ആവാസവ്യവസ്ഥ കണക്കാക്കേണ്ടിവരും, അവരുടെ ജൈവ ആവസവ്യവസ്ഥയുമായുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ കണക്കാക്കേണ്ടിവരും, അവർക്ക് ലഭ്യമാകുന്ന നീതിയെ കണക്കാക്കേണ്ടി വരും, രാഷ്ട്രീയ അധികാരത്തെ കണക്കാക്കേണ്ടി വരും, അവർക്ക് ലഭ്യമായ സാമൂഹിക മൂലധനത്തെ കണക്കാക്കേണ്ടി വരും. അങ്ങനെ ഒരു സാമൂഹിക ഘടകം പരിശോധിക്കുമ്പോൾ എണ്ണമില്ലാത്ത അനേകം ഘടകങ്ങൾ ഒപ്പം പരിശോധിക്കേണ്ടതായി വരും.

ഈ രീതിയിൽ സാമൂഹ്യ ശാസ്ത്രം മുഴുവൻ ശാസ്ത്രങ്ങളുടെയും സങ്കീർണ്ണതകൾ ഉൾക്കൊള്ളുന്ന ഏറ്റവും സങ്കീർണ്ണമായ ഒന്നാണ്. ഇതാണ് കോംറ്റിന്റെ ശാസ്ത്രങ്ങളുടെ വിഭജനം എന്ന ആശയം വ്യക്തമാക്കുന്നത്. ഭൗതികശാസ്ത്ര രീതിശാസ്ത്രത്തിന്റെ അടിസ്ഥാന സവിശേഷത അത് അനുഭവപരമായും പ്രായോഗികമായും വിശദീകരിച്ച് ഏതൊരു ആളെയും ബോധ്യപ്പെടുത്തിയെടുക്കാം എന്നതാണ്. എന്നാൽ ഇത് സമൂഹശാസ്ത്രത്തിൽ എളുപ്പമല്ല.

സമൂഹങ്ങൾ പലവിധമായതുകൊണ്ടും സമൂഹത്തിൽ ആളുകൾ പല ഘടകങ്ങൾ കൊണ്ട് വ്യത്യസ്തരായതുകൊണ്ടും മറ്റു സാമൂഹിക അവസ്ഥകളെ എളുപ്പത്തിൽ ബോധ്യപ്പെടില്ല. സവർണ്ണരായ യുക്തിവാദികൾക്ക് ജാതി എന്ന സാമൂഹിക അസമത്വം എളുപ്പത്തിൽ മനസ്സിലാക്കാനാകാത്തത് അതുകൊണ്ടാണ്. അതവരുടെ ഭൗതിക ശാസ്ത്ര യുക്തികൾ കൊണ്ട്, പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാനാകില്ല. പ്രാഥമികമായി അത് അവരുടെ അനുഭവ പരിസരങ്ങളിൽ ഉള്ള ഒന്നായിരിക്കില്ല.

ഗുരുത്വാകർഷണം പോലെ എത് സാധാരണക്കാരനെയും പ്രായോഗികമായും അനുഭവപരമായും ബോധ്യപ്പെടുത്താൻ കഴിയുന്ന ഒന്നല്ല അത്. അത് സാമൂഹികമായ ഒരു ബോധ്യപ്പെടലാണ്. സാമൂഹികമായി ആളുകൾ പിന്നോക്കം നിൽക്കുന്ന കണക്കുകൾ കാണുന്ന യുക്തിവാദി പിന്നോക്കം നിൽക്കുന്ന ആളുകൾ കഴിവു കുറഞ്ഞവരാണ് എന്ന യുക്തിയിലേ എത്തുകയുള്ളൂ. അല്ലാതെ പിന്നോക്കം നിൽക്കുന്നവർ പല സാമൂഹിക കാരണങ്ങളാൽ പ്രശ്നബാധിതർ ആകാം എന്ന നീതിയുക്തമായ ചിന്ത അയാളുടെ ഭൗതിക ശാസ്ത്ര യുക്തിയിൽ വരില്ല എന്നതാണ് പ്രശ്നം. നീതിയെപോലെ തന്നെ ഭൗതിക ശാസ്ത്ര യുക്തികൾ കൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അനേകം ഘടകങ്ങൾ സമൂഹത്തിലുണ്ട്. സാമൂഹിക അസമത്വവും സാംസ്കാരിക മൂല്യവും സാമൂഹികമായ പ്രത്യേക അധികാരവും എല്ലാം ഇത്തരം ഘടകങ്ങളാണ്. ഇവ ഭൗതിക ശാസ്ത്രയുക്തികൾക്ക് പുറത്താണ്. ഇവയുടെ തോത് അളക്കുവാനോ രേഖപ്പെടുത്തി വയ്ക്കുവാനോ കഴിയില്ല. ഈ വസ്തുതകൾ പദാർത്ഥ സ്വഭാവത്തിന് പുറത്താണ്.

ഒരു ലാബിൽ ഒരു പദാർത്ഥത്തിന്റെ അന്തരീക്ഷത്തിൽ മാറ്റം വരുത്തി പരീക്ഷണം നടത്തുന്നത് പോലെ സമൂഹത്തിൽ പരീക്ഷണം നടത്താൻ കഴിയില്ല. ഒരു വ്യക്തിക്ക് ഒരു പ്രത്യേക സമൂഹത്തിൽ ഒരു പ്രത്യേക ചരിത്ര ഘട്ടത്തിൽ അനുഭവപ്പെടുന്നത് ഒരിക്കലും പുനഃസൃഷ്ടിക്കാൻ കഴിയില്ല. സമൂഹശാസ്ത്രത്തിൽ പരീക്ഷണം എന്നത് അസാധ്യമാണ്. അത് നൈതികമായി തെറ്റുമാണ്. കറുത്തവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാൻ കറുത്ത നിറം മുഖത്തണിഞ്ഞു നടക്കുന്ന വെളുത്ത വ്യക്തി അപഹാസ്യമായി തോന്നുന്നത് അതുകൊണ്ടാണ്. കറുത്തവർ നേരിടുന്ന ഒരു സാമൂഹിക യാഥാർത്ഥ്യങ്ങളെയും അവർക്ക് നേരിടേണ്ടി വരികയില്ല. സാമൂഹിക പരിസരവും ചരിത്ര ഘട്ടവും സാമൂഹിക ശാസ്ത്രത്തിൽ അതിപ്രധാനമാണ്.

ഇതെല്ലാം പരിഗണിക്കുമ്പോൾ തന്നെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എത്രമാത്രം സങ്കീർണ്ണതകൾ നിറഞ്ഞതാണെന്ന് ബോധ്യം വരും.

പശ്ചിമഘട്ടം എന്ന വിഭവസമൃദ്ധമായ പ്രകൃതിയുടെ ജൈവശാസ്ത്രപരവും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും സാമൂഹികവുമായ സങ്കീർണ്ണതകൾ പഠിച്ച് അതുവഴി അവിടത്തെ സാമൂഹികമായ ഇടപെടലിനെ സാമൂഹിക നീതിയിലൂന്നി ജനാധിപത്യവത്കരിക്കുക എന്നതാണ് അതിന്റെ രീതി ശാസ്ത്രം എന്ന് മുൻപെ വ്യക്തമാക്കി.

അതനുസരിച്ച് ജൈവികവും പാരിസ്ഥിതികവുമായ ഘടകങ്ങൾക്ക് മനുഷ്യന്റെ എന്നല്ല ഈ ഭൗമ പരിസരത്തിൽ നിലനിലക്കുന്ന എല്ലാ ജീവ ഘടകങ്ങൾക്കും പരസ്സരം അതിസങ്കീർണ്ണമായ പരസ്പര ആശ്രയത്വം ഉണ്ട്. അതാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെകൂടി ആണിക്കല്ല്. ഈ തത്വശാസ്ത്രത്തിലധിഷ്ഠിതമായി നോക്കുന്നുണ്ടെങ്കിൽ മാത്രമേ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ രീതിശാസ്ത്രം ഉൾകൊള്ളുവാൻ കഴിയുകയുള്ളൂ. അവിടെ നിന്നുമാണ് റിപ്പോർട്ടിന്റെ അനിവാര്യത ഉടലെടുക്കുന്നത്.

പ്രകൃതിയിൽ സ്വാഭാവികമായ പരസ്പര ആശ്രയത്വം നിലനിലക്കുകയും എന്നാൽ പ്രകൃതിയുമായി മനുഷ്യൻ ഇടപെടുമ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും ഈ ആശ്രയത്വം നഷ്ടപ്പെടുകയും ചെയ്യുന്നു.

സാമൂഹിക ജീവിത പരിസരത്തിൽ പല സാമൂഹിക വിഭാഗങ്ങളിലും സമ്പത്ത്, അധികാരം, സാംസ്കാരിക മൂലധനം, സാമൂഹിക അധികാരം എന്നിവ വ്യത്യസ്തമായിരിക്കുന്നതു കൊണ്ട് പ്രകൃതിയുമായി ബന്ധപ്പെട്ട പരസ്പര ആശ്രയത്വവും വ്യത്യസ്തമായിരിക്കും. കേരളത്തിൽ അതിസമ്പന്നരുടെതായി 64 ലക്ഷത്തോളം കെട്ടിടങ്ങൾ വെറുതെ കാലിയായി കിടക്കുന്നു എന്ന യാഥാർത്ഥ്യം അറിയുമ്പോൾ അവ കെട്ടിപ്പൊക്കുവാൻ ആവശ്യമായ പ്രകൃതി വിഭവങ്ങളെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഇതാണ് പ്രകൃതിയുമായുള്ള മനുഷ്യന്റെ ആശ്രയത്വത്തിന്റെ സാമൂഹികമായ വിവേചനം അഥവാ അസന്തുലിതാവസ്ഥയുടെ ഒരു ഉദാഹരണം.

സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവർ പ്രകൃതി വിഭവങ്ങളെ അവരുടെ ആനുപാതികമായ വിഹിതത്തെക്കാൾ കൂടുതൽ ചൂഷണം ചെയ്യുകയും. ഈ ചൂഷണത്തിൽ പ്രകൃതിയുടെ സ്വാഭാവിക ആശയത്വത്തിന് തകരാറ് സംഭവിക്കുമ്പോൾ ഈ പ്രകൃതിയുമായി അടുത്ത് ജീവിക്കുന്ന താഴെത്തട്ടിലുള്ളവർ പ്രശ്നബാധിതർ ആവുകയും ചെയ്യും. അതു കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കൊകോള കമ്പനിയെ മയിലമ്മയടക്കമുള്ള ആദിവാസികൾക്ക് സമരം ചെയ്ത് ഓടിക്കേണ്ടി വന്നത്, പെരിങ്ങമലയിലെ ആദിവാസികൾക്ക് മാലിന്യപ്ലാൻറിനെതിരെ സമരം ചെയ്യേണ്ടി വന്നത്.

അടുത്ത ഉദാഹരണത്തിന്, അയ്യായിരത്തിനു മേലെ വരുന്ന പാറമടകൾ കേരളത്തിൽ 64 ലക്ഷത്തോളം കാലിയായ കെട്ടിടങ്ങൾ ഉണ്ടാക്കുവാൻ തുരന്നെടുത്തെങ്കിൽ ഈ പാറമടകൾക്കടുത്ത് ജീവിക്കുന്ന പുത്തുമലയിലേയും കവളപ്പാറയിലെയും പോലുള്ള കുടിയേറ്റക്കാരും സാധാരണക്കാരുമായിരിക്കും പ്രശ്നബാധിതരാകുക. അതിന് പാറമടതന്നെ വേണമെന്നില്ല ഒരു കാലാവസ്ഥ വ്യതിയാനം മതി. അല്ലെങ്കിൽ ദാരിദ്യം ഇല്ലാതാക്കാൻ നല്ല ചരിവുള്ള കുന്നിൽ സാഭാവികമായുള്ള വനം വെട്ടിമാറ്റി റബർ മരങ്ങൾ നടാൻ കുഴിയെടുത്താൽ മാത്രം മതിയെന്നതുമാണ് സത്യം. എന്തായാലും ആഗോളമായി നടക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് സാമൂഹിക അടിച്ചമർത്തൽ നടക്കുന്നുണ്ട്, സാമൂഹിക വിഭജനം നടക്കുന്നുണ്ട് എന്നതാണ് സത്യം.

അത്തരത്തിൽ എല്ലാം ഈ റിപ്പോർട്ടിന്റ ഏറ്റവും പ്രധാനമായ ഘടകം മുൻപ് സൂചിപ്പിച്ച പശ്ചിമഘട്ട മേഖലയിൽ ജീവിക്കുന്ന പല വിധത്തിലുള്ള സാമൂഹ്യ വിഭാഗങ്ങൾക്ക് അവരുടെ സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ അധികാര സംവിധാനങ്ങൾക്കകത്ത് വികേന്ദ്രീകൃതമായി പങ്കാളിത്തം നൽകുക എന്നതാണ്. ഓരോ സാമൂഹിക വിഭാഗവും അവരുടെ സാമൂഹിക പരിതസ്ഥിതിയിലും ചരിത്ര ഘട്ടത്തിലും അനുഭവിക്കുന്ന വസ്തുതകൾ ആ സാമൂഹിക വിഭാഗങ്ങളോളം മറ്റുള്ളവർക്ക് വ്യക്തമാകുകയില്ല. അതാണ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനകത്ത് തുടർച്ചയായി പ്രതിപാദിക്കുന്ന പങ്കാളിത്ത പ്രക്രിയ അർത്ഥമാക്കുന്നത്. അങ്ങനെയാകുമ്പോൾ പ്രകൃതിയുമായി അടുത്ത് ജീവിക്കുന്ന അടിത്തട്ടിലുള്ള സാമൂഹിക വിഭാഗങ്ങൾക്ക് പുറത്തു നിന്നുളള ചൂഷണങ്ങളെ തടയുവാനും പുറത്തു നിന്നും അധികാര സംവിധാനങ്ങളുടെ സഹായത്തോടെ നടത്തുന്ന ചൂഷണങ്ങളെ നിയന്ത്രിക്കുവാനും കഴിയും. ഇതാണ് അധികാര വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത.

അംബേദ്കറുടെ പ്രാതിനിധ്യത്തിന്റെ രാഷട്രീയം ഇതിന്റെ മറ്റൊരു വശമാണ്. ദളിതുകളും ആദിവാസികളും അടക്കം പല സാമൂഹിക വിഭാഗങ്ങൾക്ക് ഭരണകൂട സംവിധാനങ്ങളിൽ ജനസംഖ്യനുപാതത്തിൽ പ്രാതിനിധ്യം കൊടുക്കുമ്പോൾ ആ സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് ആ ഭരണ കൂടാ സംവിധാനത്തിനകത്തു ചർച്ച ചെയ്യപ്പെടുക. അത് അധികാര രാഷ്ട്രീയത്തിനകത്തു മാത്രമല്ല ഉദ്യോഗസ്ഥ സംവിധാനത്തിലും അങ്ങനെയുണ്ടാകേണ്ടതുണ്ട്. ഇതൊരു പുതിയ സാമൂഹ്യശാസ്ത്ര രീതിശാസ്തമല്ല. സാമൂഹ്യ ശാസ്ത്രങ്ങളുടെ തുടർച്ചയായ വികസന പ്രക്രിയയിലൂടെ വികസിച്ചുവന്ന ഒന്നാണ്.

ഈ അധികാര വികേന്ദ്രീകരണവും പശ്ചിമഘട്ടമേഖലകളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കരുത്തരായ വ്യവസായികൾക്കും സർക്കാർ വ്യവസായങ്ങൾക്കുമായി നടത്തുന്ന ഇടപെടലുകളെ നിയന്ത്രിക്കാനും താഴെത്തട്ടിൽ നിന്നുള്ള പരാതികളെ വരെ ഗൗരവപരമായി പരിഗണിക്കാനും കഴിയുന്ന ഒരു സ്റ്റാറ്റ്യൂട്ടറി അധികാര സംവിധാനം കൂടി ആവശ്യമുണ്ട്.

അതായതു തിരുവന്തപുരത്തെ പാലോടിനടുത്തെ പെരിങ്ങമല പോലൊരു സ്ഥലത്തു വൈദ്യുതി വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിൽ ഒരു ഒരു മാലിന്യസംസ്കരണ വൈദ്യുതി പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ തലത്തിൽ ആലോചനകളും പ്രവർത്തനങ്ങളും നടക്കുമ്പോൾ അതിനു 25 മീറ്റർ ദൂരത്തു താമസിക്കാൻ വിധിക്കപ്പെടുന്ന ഒരുപറക്കരിക്കം കോളനി നിവാസികൾക്ക് വനാവകാശ നിയമപ്രകാരം സർക്കാരിനെയും മറികടന്നു പരാതികൾ സമർപ്പിക്കാനും, ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും കഴിയണം എന്ന് ചുരുക്കം. ഈ അധികാരം അവർക്ക് ഇല്ലാത്തതുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിയിലേതുപോലെ കുടിയൊഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന എട്ടോളം ആദിവാസി ഊരുകളെക്കുറിച്ചും അവരുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും പദ്ധതിമൂലം അവർ അനുഭവിക്കാനിടയുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും ആരും അറിയാതിരിക്കുന്നത്.

ചില കേന്ദ്രങ്ങൾ ഈ സ്റ്റാറ്റ്യൂട്ടറി അധികാരത്തെ വിമർശിക്കുന്നതിന്റെ കാരണം സംസ്ഥാന തലത്തിലുള്ള കക്ഷി രാഷ്ട്രീയ കച്ചവടത്തിൽ ഇത്തരം പദ്ധതികളുടെ ടെൻഡർ വിഹിതം ഭാവിയിൽ നഷ്ടപ്പെടുമോ എന്നതാണ്. അത് പ്രത്യേകിച്ചും താഴെക്കിടയിൽ വരെ ബ്രാഞ്ച് കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും വരെ വേരോട്ടമുള്ള പാർട്ടികളാണ് പ്രത്യക്ഷത്തിൽ ഇതിന്റെ പ്രശ്നം അനുഭവിക്കാൻ പോകുന്നത്. പദ്ധതികൾ നടത്തുമ്പോൾ ഇവർക്ക് ലഭ്യമാകുന്ന ടെൻഡർ വിഹിതങ്ങളിൽ കടുത്ത നഷ്ടം ഭാവിയിൽ സംഭവിക്കാനിടയുണ്ട്.

അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ഗാഡ്‌ഗിൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള സമിതി അവരുടെ കക്ഷി രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതൃത്വം പോലെ അല്പം പോലും മുൻപ് പറഞ്ഞത് പോലെ ഉള്ള പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ഇല്ലാത്ത ഒന്നാണ് എന്നാണ്. അത്തരം പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങളിൽ ആദിവാസികൾ ഉൾപ്പടെയുള്ള പല വിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിഗണിക്കാത്ത അവസ്ഥയാണ് ഉള്ളത്. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം എന്താണെന്ന് അവർക്ക് വലിയ ധാരണകളില്ല. അപ്പോൾ അത്തരം വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാത്ത സംസ്ഥാന കമ്മിറ്റികളിൽ എടുക്കുന്ന തീരുമാനം താഴെ തട്ടിൽ നടപ്പാക്കുന്നതുപോലെ ഉള്ള ഒരു കേഡർ സംവിധാനമാണ് ഗാഡ്‌ഗിൽ കമ്മിറ്റി നിഷ്കർഷിച്ചിരിക്കുന്നത് എന്നാണ് അവരുടെ ധാരണ. എന്നാൽ അത് തെറ്റാണ്.

അത് ബോധ്യപ്പെടുവാൻ ഈ റിപ്പോർട്ടിന്റെ ഏറ്റവും മർമ്മ പ്രധാനമായ പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റി എന്താണെന്നു വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. അത് ചുരുക്കത്തിൽ താഴെ കൊടുക്കുന്നു.

പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി

പശ്ചിമഘട്ടം 6 സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു. സംസ്ഥാന സർക്കാരുകളും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയവും സംയുക്തമായി നിയമിക്കുന്ന 6 സംസ്ഥാന പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റികൾ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡുകളുമായും മലിനീകരണ നിയന്ത്രണ ബോർഡുകളുമായും സംസ്ഥാന ആസൂത്രണ ബോർഡുകളുമായും അടുത്ത ബന്ധം പുലർത്തുകയും ആസൂത്രണ കമ്മീഷൻ പഞ്ചവത്സര പദ്ധതികളിലൂടെ ലഭ്യമാകുന്ന ഫണ്ടുപയോഗിച്ച് പശ്ചിമഘട്ട വികസന പരിപാടികൾ നടപ്പാക്കുകയും വേണം.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിക്ക് പകരം എല്ലാ പശ്ചിമ ഘട്ട ജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികൾ രൂപീകരിക്കണം. ഈ ജില്ലാ കമ്മിറ്റികൾ ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യമാനേജ്മെന്റ് കമ്മിറ്റികളും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റികളുമായും സഹകരിച്ച് പ്രവർത്തിക്കണം. ജില്ലാതല ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റികൾ ജൈവ വൈവിദ്ധ്യ നിയമ പ്രകാരം നിർമ്മിച്ച സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളാണ്. അല്ലാതെ ഉന്നതതല അവലോകന സമിതികളെ പോലെ വർഷങ്ങളായി പ്രവർത്തനമില്ലാത്ത അഡ്ഹോക്ക് സമിതികളല്ല. അതു കൊണ്ട് പരിസ്ഥിതി വനം മന്ത്രാലയവും സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റികളും നിയോഗിക്കുന്ന വിദഗ്ദ്ധ അംഗങ്ങളുടെ സഹായത്തോടെ ജില്ലാതല ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികളോട് പശ്ചിമഘട്ട അതോറിറ്റിയുടെ ചുമതലകൾ നിർവഹിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

പ്രവർത്തനങ്ങളിൽ സുതാര്യതയും പങ്കാളിത്തവും ഉറപ്പുവരുത്താൻ പര്യാവരൻ വാഹിനി സ്കീം പുനരുജ്ജീവിപ്പിക്കുകയോ പരിസ്ഥിതി സംരക്ഷകരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള തദ്ദേശവാസികളുടെ സമിതി രൂപീകരിച്ച് ജില്ലയിലെ പരിസ്ഥിതി അവസ്ഥയുടെ പ്രാഥമിക അവലോകനം നടത്തുകയുമാണ്. ഈ വളണ്ടിയർമാർക്ക് സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും പരിസ്ഥിതി പുനസ്ഥാപനത്തിലും താഴെ തട്ടിൽ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് വലിയൊരു പങ്കു വഹിക്കാനാകും. എല്ലാ ജില്ലകളിലും പരിസ്ഥിതി ഓംബുഡ്സ്മാനെ നിയമിക്കാൻ അതോറിറ്റി നടപടിയെടുക്കണം. ആന്ധ്രയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി പ്രശ്നങ്ങൾക്കും ബാധകമായ സോഷ്യൽ ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണം.

സ്ഥലപര ഡാറ്റാബേസ് വികസിപ്പിക്കണമെന്നും അതിനായി വ്യവസായങ്ങളുടെ മേഖല ഭൂപടങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഡാറ്റാബേസും സ്കൂൾ കോളേജ് തലത്തിലെ പരിസ്ഥിതി വിദ്യാഭ്യാസവും ജനങ്ങളുടെ ജൈവ വൈവിധ്യ രജിസ്റ്റർ പ്രവർത്തനങ്ങളും കണക്കിലെടുക്കണം. ആസ്ട്രേലിയയിലെ റിവർ വാച്ച് സ്കീമുകളുടെ മാതൃകയിൽ ഡാറ്റ ബാങ്കിന്റെ തുടർച്ചയായ വിപുലീകരണത്തിന് ജനപങ്കാളിത്തം പ്രോത്സാപ്പിക്കണം. ഇതിനായി ഗവേഷകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ അതോറിറ്റി സമ്മർദ്ദം ചെലുത്തണം. ഉദാ: വ്യവസായങ്ങൾക്കുള്ള ജില്ലാതല മേഖല ഭൂപടങ്ങൾ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉടൻ തന്നെ പരസ്യപ്പെടുത്തണം. അതിനെ ഡാറ്റാ ബാങ്കുമായി ബന്ധിപ്പിക്കണം.

പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസും ആവശ്യമുള്ള പദ്ധതികളുടെ പട്ടിക പുനഃപരിശോധിക്കണം. ഇതിലേക്ക് ഒഴിവാക്കപ്പെട്ട പദ്ധതികൾ കൂടി ഉൾപ്പെടുത്തണം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പുനസ്ഥാപനം, സുസ്ഥിര വികസനം, സംരക്ഷണം എന്നിവ താഴെ നിന്ന് മുകളിലേക്കുള്ള പങ്കാളിത്ത സമീപനത്തെ പ്രോത്സാഹിപ്പിക്കണം. ഈ കാഴ്ചപ്പാടിൽ 73, 74 ഭരണഘടന ഭേദഗതിയിലൂടെ ലക്ഷ്യമിട്ട ജനാധിപത്യ പ്രക്രിയയായ അധികാര വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുക.

പശ്ചിമഘട്ട ജില്ലകളിലും ഗ്രാമ പഞ്ചായത്തുകൾ താലൂക്ക് പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തുകൾ നഗരപാലികകൾ മഹാനഗരപാലികകൾ എന്നീ തലങ്ങളിൽ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ അതോറിറ്റി ശ്രമിക്കണം.

കേരളത്തിലെ തന്നെ ഉടുമ്പുഞ്ചോല താലൂക്കിലെ ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളുടെ സംരക്ഷണ മാതൃകയിൽ സംരക്ഷണ പരിപാടികൾ വികസിപ്പിക്കുന്നതിന് താഴെത്തട്ടുവരെയുള്ള സ്ഥാപനങ്ങളെ മുഴുവൻ പങ്കാളികളാകണം.

പട്ടിക പ്രദേശ നിയമത്തിന്റെയും വന അവകാശ നിയമത്തിനെയും അടിസ്ഥാനത്തിൽ ഗ്രാമസഭകൾ ശക്തിപ്പെടുത്തണം. വന അവകാശ നിയമത്തിന്റെ കീഴിലും സാമൂഹ്യ വനനിയമത്തിന്റെയും കീഴിൽ സാമൂഹിക വനവിഭവ നിർദ്ദേശങ്ങളും പെസ (PESA -(Extension of Panchayath Raj To The Scheduled Areas Act)യും നടപ്പാക്കുന്നത് അതോറിറ്റി പ്രോത്സാഹിപ്പിക്കണം.

ഭാവിയിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനു മാത്രമായി ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥരെ നിലനിർത്തി കൊണ്ട് പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും മാനേജ്മെൻറും പൂർണ്ണമായും പ്രാദേശിക സമൂഹത്തിന് വിട്ടുകൊടുക്കാൻ കഴിയണം.

അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *