Mon. Dec 23rd, 2024
#ദിനസരികള്‍ 863

ആര്യയെ നമുക്ക് മറക്കാനാകുമോ? ഉമ്മന്‍ചാണ്ടിയുടെ കാലത്ത്, 2013 ല്‍ തിരുവനന്തപുരത്തെ വനിതാ കോളേജില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രം തകരാറിലാകുമെന്നും പ്രസവിക്കാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസംഗിച്ച രജത് കുമാറെന്ന അധ്യാപകനെ കൂവിയിരുത്തിയ ആര്യ എന്ന പെണ്‍കുട്ടിയെ നാം എങ്ങനെയാണ് മറക്കുക? ഒരടിസ്ഥാനവുമില്ലാതെ തികച്ചും ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം കാപട്യക്കാരെ ഒന്നടങ്കം കുവിയിരുത്തകയാണ് ആര്യ ചെയ്തത്. എന്നാല്‍ പിന്നീട് പ്രസ്തുത വിഷയത്തില്‍ കോളേജ് നടത്തിയ അന്വേഷണത്തില്‍ ആര്യയില്‍ പക്വത കുറവ് ആരോപിക്കപ്പെട്ടുവെന്ന് മാത്രവുമല്ല, രജത് കുമാറിനെ വാനോളം പുകഴ്ത്തുകയുമുണ്ടായി. പക്ഷേ ആര്യയുടെ പക്വതക്കുറവിനൊപ്പാമായിരുന്നു കേരളത്തിലെ ചിന്തിക്കുന്ന മനസ്സുകള്‍ നിലയുറപ്പിച്ചത്. ആര്യയുടെ അത്തരത്തിലുള്ള “പക്വതക്കുറവ്” കേരളത്തിലുടനീളം ഉണ്ടായിവരേണ്ടതുണ്ട്. ആര്യയെ ശരിവെയ്ക്കുന്ന തരത്തില്‍ 2018 ല്‍ അശാസ്ത്രീയ പ്രഭാഷണം നടത്തുന്ന രജത് കുമാറിനെ ഇനി ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിടുകയുണ്ടായിയെന്നതാണ് കഥയുടെ ബാക്കി പത്രം.

ആര്യ ചിന്തിക്കുന്ന യുവതയുടെ ശബ്ദമാകുന്നു. ഒരു കൂവല്‍ കൊണ്ട് രജത് കുമാറിനെപ്പോലെയുള്ള അല്പജ്ഞാനികളെ അവള്‍ അകറ്റി നിറുത്തി. ലോകം ആര്യക്കുവേണ്ടി കൈയ്യടിച്ചു.

ആര്യയെ ഞാന്‍ ഓര്‍മ്മിപ്പിച്ചത് മറ്റൊരു കഥ പറയുവാനാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച -26-08-2019 – ദിവസം ഖരഗ് പൂര്‍ ഐ.ഐ.ടിയിലെ ബിരുദദാനച്ചടങ്ങിൽ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് പൌരാണിക കാലത്ത് നമ്മുടെ നാട്ടില്‍ വിശ്രുതരായ എന്‍ജിനീയര്‍മാര്‍ ഉണ്ടായിരുന്നുവെന്നും അവരുടെ വൈഭവത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് രാമായണ കാലത്ത് നിര്‍മ്മിക്കപ്പെട്ട രാമസേതുവെന്നും അതിപ്പോഴും ലോകത്തെ എന്‍ജിനീയറിംഗ് വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രസംഗിക്കുകയുണ്ടായി. അമേരിക്കയിലെയോ ബ്രിട്ടനിലേയോ ജര്‍മ്മനിയിലേയോ എന്‍ജിനീയര്‍മാരല്ല അതു നിര്‍മ്മിച്ചതെന്നും നമ്മുടെ തന്നെ സ്വന്തം വിദഗ്ദ്ധരാണെന്നും അതുകൊണ്ട് നിങ്ങള്‍ പഴയകാലങ്ങളിലേക്ക് മടങ്ങിച്ചെന്നു നമ്മുടെ പൌരാണികരുടെ അതുല്യമായ മനസ്സുകളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. എന്നു മാത്രവുമല്ല ഈ വിഷയത്തില്‍ അദ്ദേഹം കുട്ടികളോട് താന്‍ പറഞ്ഞത് ശരിയല്ലേ എന്നും നിങ്ങള്‍ അതിനോട് യോജിക്കുന്നുവോയെന്നും ചോദിച്ചു .( How strong were we in the sphere of technology? We had such engineers. If we are to talk about Ram Setu, engineers from America, Britain or Germany did not build it. Ram Setu was built by our own engineers. The entire world was left awestruck by watching this piece of work. This is true, this is right. Are you not in agreement? Why are you silent? എന്ന് ടെലഗ്രാഫ്.)

കമ്പ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ഭാഷ സംസ്കൃതമാണെന്നും ഗീത ശാസ്ത്രമാണെന്നും അതുകൊണ്ടുതന്നെ ലോകത്താകെ ഗീത പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും ലോകത്തിലെ തന്നെ ആദ്യത്തെ ഗ്രന്ഥം വേദമാണെന്നും അതിനുമുമ്പ് മറ്റൊരു പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമോയെന്നുമൊക്കെ അദ്ദേഹം തുടര്‍ന്നു ചോദിക്കുന്നുണ്ട്. കൊളംബോയിലെ ഇല്ലാത്ത സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയെന്ന് അവകാശപ്പെടുന്ന മന്ത്രിയുടെ ശാസ്ത്രജ്ഞാനത്തെക്കുറിച്ച് എനിക്കൊട്ടും ആശങ്കയില്ല. എന്നാല്‍ ആ ചടങ്ങില്‍ തടിച്ചു കൂടിയ, നാളെ നമ്മുടെ രാജ്യത്തെ ശാസ്ത്രത്തിന്റെ പുതിയ മേഖലകളിലേക്ക് ആനയിക്കേണ്ട ഒരു തലമുറയില്‍ പെട്ടവര്‍ മന്ത്രിയുടെ പ്രസംഗത്തെ കൈയ്യടിയോടെയാണ് എതിരേറ്റതെങ്കില്‍ ഞാനെന്നല്ല ഏതൊരാളും ആശങ്കപ്പെട്ടേ മതിയാകൂ. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഐ.ഐ.ടിയില്‍ നിന്നും ഒരു ആര്യ ഉണ്ടായില്ലല്ലോ എന്ന് സങ്കടപ്പെട്ടേ മതിയാകൂ.

ഹിന്ദുമതം ശാസ്ത്രമാണെന്നും അതുകൊണ്ടുതന്നെ ആധികാരികമാണെന്നും സ്ഥാപിച്ചെടുക്കാനുള്ള സംഘപരിവാരത്തിന്റെ വ്യഗ്രത നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ശാസ്ത്രീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പരിശീലിക്കപ്പെട്ട ആ കുട്ടികളില്‍ ഒരാള്‍ പോലും മന്ത്രി പറഞ്ഞ തെമ്മാടിത്തരത്തിനെതിരെ പ്രതികരിച്ചില്ല എന്നതില്‍പ്പരം നാണക്കേട് വേറെന്തുണ്ട്? പിന്നീട് മന്ത്രിയുടെ പ്രസംഗത്തില്‍ പല കുട്ടികളും പ്രൊഫസര്‍മാരും നിരാശ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ടെലഗ്രാഫ് പറയുന്നുണ്ടെങ്കിലും ഒരാള്‍ പോലും സ്വന്തം പേരു വെളിപ്പെടുത്താനോ പരസ്യമായി പ്രതികരിക്കാനോ തയ്യാറായില്ല. ഒരു ആര്യ ആ സദസ്സില്‍ നിന്നും എഴുന്നേറ്റു നിന്ന് പ്രതികരിച്ചിരുന്നുവെങ്കില്‍ ലോകം മുഴുവനായിത്തന്നെ ആ കുട്ടിക്ക് പിന്തുണയുമായി എത്തുമായിരുന്നു. പിന്നീട് ഏതു മന്ത്രിയും ഇത്തരം വിടുവായത്തങ്ങള്‍ വിളിച്ചു പറയാന്‍ ഒന്ന് മടിക്കുമായിരുന്നു. ശാസ്ത്രം പഠിക്കുക മാത്രം പോര, ശാസ്ത്ര വിരുദ്ധമായ പ്രസ്താവനകള്‍ എത്ര ഉന്നതന്മാര്‍ നടത്തിയാലും അതു തെറ്റാണെന്ന് പറയുവാനുള്ള ആര്‍ജ്ജവം കൂടി നാം നേടിയെടുക്കണം.
അതുകൊണ്ട് നമ്മുടെ ഐ.ഐ.ടികളടക്കമുള്ള അക്കാദമിക സ്ഥാപനങ്ങളില്‍ ആര്യയേയും കണ്ണന്‍ ഗോപിനാഥനേയും പോലെ അഭിപ്രായം പറയാന്‍ ധൈര്യം കാണിക്കുന്നവരേയും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *