വെബ് ഡെസ്‌ക്:
പ്രശസ്ത ഇന്റര്‍നെറ്റ് സ്ട്രീമിങ് സൈറ്റായ നെറ്റ് ഫ്ലിക്സില്‍ ഡേവ് ചാപ്പല്‍ അവതരിപ്പിക്കുന്ന സ്റ്റിക്‌സ് ആന്‍ഡ് സ്റ്റോണ്‍സ് എന്ന പുതിയ ഹാസ്യ പരിപാടിക്കെതിരെ മൈക്കിള്‍ ജാക്‌സനെതിരായി ബാല ലൈംഗിക പീഢന പരാതി ഉന്നയിച്ചിരുന്ന വാഡ് റോബ്‌സണ്‍ രംഗത്തെത്തി എന്നതാണ് എം.ജെയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത.
എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ് മൈക്കിള്‍ ജാക്‌സന്‍. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പ്രശസ്തിയുടെ നെറുകയിലായിരുന്നു ഈ പ്രതിഭ. വ്യക്തി ജീവിതത്തില്‍ മൈക്കിള്‍ ജാക്‌സന്റെ ഓരോ പ്രവൃത്തിയും വിവാദങ്ങളായി മാധ്യമങ്ങളില്‍ നിറയുകയായിരുന്നു.
മൈക്കിള്‍ ജാക്‌സന്‍ ഹൃദയത്തില്‍ നിന്നും വന്ന തുടിക്കുന്ന താളത്തിന്റെ അടിമ
താളത്തിന്റെ അടിമയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മൈക്കിളിന്റെ ഓരോ ചലനത്തിലും ആ താള ഭംഗി തുടിച്ചു നിന്നു. ഓരോ ജീവ കോശത്തിലും നിറഞ്ഞു നിന്നത് സംഗീതവും നൃത്തവും മാത്രം. ആട്ടവും പാട്ടും മൈക്കിളിനെ സംബന്ധിച്ച് ഒന്നു തന്നെയായിരുന്നു. അഞ്ചാം വയസില്‍ പാടാന്‍ തുടങ്ങിയതു മുതല്‍ നൃത്തം ചെയ്തുകൊണ്ടു തന്നെയായിരുന്നു പാട്ട്. ഏറ്റവും പ്രയാസമുള്ള നൃത്തച്ചുവടുകള്‍ വെയ്ക്കുമ്പോള്‍ പോലും ഒട്ടും ശ്രുതി പിഴയ്ക്കാതെയും ശ്വാസം അടയാതെയും പാടാന്‍ മൈക്കിളിന് കഴിഞ്ഞിരുന്നു. സര്‍ഗാത്മകതയും പാട്ടുകളുടെ ലാളിത്യവും തന്നെയായിരുന്നു ജാക്‌സനെ ലോകത്തിന്റ സംഗീത നക്ഷത്രമാക്കിയത്. പാടിയ പാട്ടുകളുടെ എണ്ണത്തേക്കാള്‍ അവയ്ക്കുള്ളില്‍ തുടിക്കുന്ന ഊര്‍ജം ലോകത്തെ മുഴുവന്‍ എം.ജെയുടെ ആരാധകരാക്കി മാറ്റി.
നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മൈക്കിള്‍ ജാക്‌സന്‍ പക്ഷേ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നൃത്തച്ചുവടുകളാണ് അവതരിപ്പിച്ചിരുന്നത്. സോള്‍ സംഗീതത്തിന്റെ രാജാവായിരുന്ന ജെയിംസ് ബ്രൗണിനെയാണ് ജാക്‌സന്‍ ഇക്കാര്യത്തില്‍ റോള്‍ മോഡലായി കണ്ടത്. മറ്റൊരു ജെയിംസ് ബ്രൗണ്‍ ആയി മാറാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ജാക്‌സന്‍ പിന്നീടൊരിക്കല്‍ അദ്ദേഹത്തോടു തന്നെ പറഞ്ഞിരുന്നു.
സംഗീതം പഠിച്ചിട്ടില്ലാത്ത ജാക്‌സന് വിദ്യാഭ്യാസവും കുറവായിരുന്നു. മ്യൂസിക് നോട്ടുകള്‍ എഴുതാനും അറിയില്ലായിരുന്നു. എന്നാല്‍ തന്റെ മനസിലുണ്ടായിരുന്ന ഈണങ്ങള്‍ പാടിത്തന്നെയാണ് ലോകത്തെ അതിശയിപ്പിച്ച പാട്ടുകളെല്ലാം മൈക്കിള്‍ രൂപപ്പെടുത്തിയത്. ആരില്‍ നിന്നും പഠിക്കാത്ത സംഗീതവും നൃത്തവും കൊണ്ടുതന്നെ ആ പ്രതിഭ ലോകത്തിന്റെ നെറുകയിലെത്തി. പഠിച്ചെടുക്കുന്ന സംഗീതവും ഹൃദയത്തില്‍ അനുഭവിച്ചറിയുന്ന സംഗീതവും രണ്ടാണ് എന്നതിന് ജാക്‌സന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.
മികച്ച ഗായകനായിരുന്നു എന്ന് തന്റെ പാട്ടിലൂടെ തെളിയിച്ചിട്ടു പോലും വിമര്‍ശകര്‍ ജാക്‌സനെ വെറുതെ വിട്ടില്ല. നൃത്തത്തിന്റെയും താളത്തിന്റെയും ചടുലതയിലും വേദിയിലെ സെറ്റുകളുടെ മാസ്മരികതയിലുമാണ് ജാക്‌സന്റെ സംഗീതം പിടിച്ചു നില്‍ക്കുന്നത് എന്നായിരുന്നു ആരോപണം. എന്നാല്‍ വിമര്‍ശകരുടെ വാക്കുകള്‍ക്ക് ആരാധകര്‍ ചെവി കൊടുത്തില്ല. അവര്‍ക്ക് ജാക്‌സന്റെ പാട്ടും നൃത്തവുമാണ് വേണ്ടിയിരുന്നത്. സംഗീതത്തെ ശരിയായി വിലയിരുത്തിയിരുന്ന സംഗീതാസ്വാദകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് ലോക ജനകീയ സംഗീതത്തില്‍ ഇന്നുവരെയുണ്ടായതില്‍ ഏറ്റവും നല്ല ഗായകനാണ് മൈക്കിള്‍ എന്നായിരുന്നു.
ഏറ്റവും കൂടുതല്‍ ആരാധകരെ മാത്രമല്ല, ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകളും ജാക്‌സന്‍ സംഗീതം സൃഷ്ടിച്ചു
ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഗീത നിര്‍മാതാവ്, നര്‍ത്തകന്‍, നൃത്ത സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം തിളങ്ങി. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ കാണാനെത്തിയ സംഗീത പരിപാടികള്‍, ഏറ്റവും അധികമാളുകള്‍ കണ്ട സംഗീത ചിത്രങ്ങള്‍, പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സംഗീത കലാകാരന്‍, സംഗീത വ്യാപാരത്തില്‍ നിന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കലാകാരന്‍ തുടങ്ങി 23 ലോക റെക്കോര്‍ഡുകളാണ് മൈക്കിള്‍ ജാക്‌സന്റെ പേരിലുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ കലാകാരന്‍ എന്ന വലിയ റെക്കോര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.
ജാക്‌സന്റെ ശബ്ദത്തില്‍ പുരുഷ ഭാവത്തേക്കാള്‍ സ്‌ത്രൈണതയാണ് നിഴലിച്ചിരുന്നത്. സംഗീതോപകരണത്തിന്റെ നാദം പോലെയായിരുന്നു ഉച്ചസ്ഥായിയിലുള്ള മൃദുവായ ആ ശബ്ദം. ഏതൊരു സംഗീത വാദ്യത്തെയും അനുകരിച്ച് അതിനൊപ്പം സ്വരമുയര്‍ത്താനുള്ള ഒരു പ്രത്യേക സിദ്ധിയും ജാക്‌സനില്‍ കാണാമായിരുന്നു.
കഠിന പരിശീലനത്തിന്റെ ബാല്യകാലം
1958 ആഗസ്റ്റ് 29ന് യു.എസിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഗാരിയില്‍ ഇരുമ്പു പണിശാലയില്‍ ജോലിക്കാരനായിരുന്ന ജോ ജാക്‌സന്റെയും കാതറിന്റെയും മകനായിട്ടായിരുന്നു പോപ് സംഗീത രാജാവായ മൈക്കിള്‍ ജാക്‌സന്റെ ജനനം.
ചെറുപ്പകാലത്ത് വേദിയില്‍ പാടാനും മ്യൂസിക് ബാന്‍ഡ് ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ആളായിരുന്നു മൈക്കിളിന്റെ പിതാവ് ജോ ജാക്‌സന്‍. ജോയുടെ ഒന്‍തു മക്കളില്‍ ഏഴാമനായിരുന്നു മൈക്കിള്‍. തനിക്ക് കഴിയാത്തത് മക്കളിലൂടെ സാധിച്ചെടുക്കാനായി ജോ നടത്തിയ പരിശ്രമങ്ങള്‍ ജാക്‌സന്‍ ഫൈവ് എന്ന സംഗീത സംഘത്തിന്റെ പിറവിക്ക്് കാരണമായി. ജാക്‌സന്‍ ഫൈവിന്റെ ആദ്യത്തെ നാല് ഗാനങ്ങളും വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തി. അസാമാന്യ പ്രതിഭകളായിരുന്ന മക്കളെ തുകല്‍ ബെല്‍റ്റുകൊണ്ട് അടിച്ചാണ് ജോ പരിശീലിപ്പിച്ചിരുന്നത്. ശരിക്കും സര്‍ക്കസില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതു പോലെ. കൂട്ടത്തില്‍ ഏറ്റവും മിടുക്കനും ബാന്‍ഡിലെ പ്രധാന ഗായകനുമായിരുന്ന മൈക്കിളിനായിരുന്നു കൂടുതല്‍ അടികിട്ടിയത്. മറ്റു കുട്ടികളെപ്പോലെ കളിയും ചിരിയും നിറഞ്ഞ ബാല്യമായിരുന്നില്ല മൈക്കിളിന്റേത്.
മൈക്കിളിന്റെ അമ്മയായ കാതറിന്‍ യഹോവാ സാക്ഷികള്‍ എന്ന മതവിഭാഗത്തിലെ അംഗവും സുവിശേഷ പ്രചാരകയുമായിരുന്നു. ചെറുപ്പത്തില്‍ അവരുടെ പള്ളിയില്‍ പോവുകയും പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന മൈക്കിള്‍ പിന്നീടുള്ള ജീവിതത്തില്‍ ആ മതം വിലക്കിയിരുന്ന കാര്യങ്ങളാണ് കൂടുതലും ചെയ്തത്. ജാക്‌സന്‍ ഫൈവ് സംഗീത സംഘത്തിലെ ബാലന്മാരായ സഹോദരന്മാര്‍ ആദ്യകാലത്ത് ആടിപ്പാടിയിരുന്നത് യുവതികള്‍ തുണിയഴിച്ച് നൃത്തം ചെയ്തിരുന്ന ഡാന്‍സ് ബാറുകളിലായിരുന്നു. ചെറുപ്പകാലത്തെ ഇത്തരം അനുഭവങ്ങള്‍ മൈക്കിള്‍ ജാക്‌സന്‍ തന്റെ ആത്മ കഥയായ മൂണ്‍വാക്കില്‍ വിശദീകരിച്ചിട്ടുണ്ട്.
ജാക്‌സനെ വേട്ടയാടിയിരുന്നത് തൊലിയുടെ നിറം മൂലമുള്ള അപകര്‍ഷത
ലോക സംഗീതത്തില്‍ ഏറ്റവും ജനപ്രിയനായിരുന്നു മൈക്കിള്‍ ജാക്‌സനെങ്കിലും, പ്രശസ്തിയിലും വില്‍പനയിലും മൈക്കിളിന്റെ ആല്‍ബങ്ങള്‍ക്ക് എന്നും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒന്നാം സ്ഥാനത്ത് ബീറ്റില്‍സും രണ്ടാം സ്ഥാനത്ത് എല്‍വിസ് പ്രിസ്ലിയുമായിരുന്നു. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു. താന്‍ കറുത്ത വര്‍ഗക്കാരനായതു കൊണ്ടാണ് എല്‍വിസിനെയും ബീറ്റില്‍സിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ കഴിയാതിരുന്നത് എന്നായിരുന്നു മൈക്കിളിന്റെ വിശ്വാസം. യഥാര്‍ത്ഥത്തില്‍ ബീറ്റില്‍സിനെയും പ്രിസ്ലിയെയും കാള്‍ നൂറിരട്ടി ജനകീയനായിരുന്നു മൈക്കിള്‍ ജാക്‌സന്‍.
തന്നെ കാണാന്‍ കൊള്ളില്ലെന്നും വൃത്തിയുള്ള മുഖം തനിക്കില്ലെന്നുമുള്ള അപകര്‍ഷതാ ബോധം മൈക്കിളിനെ ചെറുപ്പത്തിലേ വേട്ടയാടിയിരുന്നു. പിതാവ് ജോയുടെ കുറ്റപ്പെടുത്തലുകളും വലിയ വേദനയുണ്ടാക്കിയിരുന്നു. ഇതാണ് പലതരം ശസ്ത്രക്രിയകള്‍ ചെയ്ത് വൈരൂപ്യം പരിഹരിക്കാന്‍ മൈക്കിളിനെ പ്രേരിപ്പിച്ചത്. ഇത് പിന്നീട് വളരെയേറെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തിനുണ്ടാക്കിയിരുന്നു. ചെറുപ്പകാലത്ത് താന്‍ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടി നിറം കുറഞ്ഞവനായിരുന്നതിനാല്‍ അവഗണിച്ചതും മൈക്കിളിന് വലിയ ആഘാതമായിരുന്നു.
മുഖത്തിന്റെ വൈരൂപ്യം പരിഹരിക്കാന്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും നിറം വെളുപ്പിക്കാന്‍ മൈക്കിള്‍ ജാക്‌സന്‍ ആദ്യം ശസ്ത്രക്രിയ ചെയ്തിരുന്നില്ല. വിറ്റിലെഗോ എന്ന അപൂര്‍വ ചര്‍മരോഗം അദ്ദേഹത്തെ ബാധിച്ചിരുന്നു. ആദ്യം ചെറിയ വെളുത്ത പുള്ളികളായി ആദ്യം പ്രത്യക്ഷപ്പെട്ട രോഗം പിന്നീട് ശരീരം മുഴുവന്‍ പടര്‍ന്നു. മുഖത്തിന്റെ പകുതി ഭാഗം വെളുപ്പായപ്പോള്‍ വേദന സഹിച്ച് നിരവധി ശസ്ത്രക്രിയകള്‍ ചെയ്ത് തൊലിയുടെ നിറം പൂര്‍ണമായും വെളുപ്പാക്കുകയായിരുന്നു.
പാട്ടുകളുടെ എണ്ണമല്ല ജനപ്രീതിയാണ് ജാക്‌സനെ ജാക്‌സനാക്കിയത്
ഇരുപതാം വയസില്‍ ഓഫ് ദ വാള്‍ എന്ന ആല്‍ബത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ജാക്‌സന്‍ ത്രില്ലര്‍, ബാഡ്, ഡേഞ്ചറസ്, ഹിസ്റ്ററി, ബ്ലഡ് ഓണ്‍ ദ ഡാന്‍സ് ഫ്‌ളോര്‍, ഇന്‍വിന്‍സിബിള്‍ എന്നിങ്ങനെ ഏഴ് മ്യൂസിക് ആല്‍ബങ്ങളിലായി എഴുപതോളം പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളൂ.
സോളോ ആയി പാടിയ പാട്ടുകളും, മറ്റുള്ളവരോടൊപ്പം ചേര്‍ന്നു പാടിയവയും, ഭക്തിഗാനങ്ങളും പരസ്യങ്ങള്‍ക്കായി പാടിയ പാട്ടുകളും എല്ലാം ചേര്‍ത്താലും മൈക്കിളിന്റെ പാട്ടുകള്‍ 150 എണ്ണം പോലും തികയില്ല. പാട്ടുകളുടെ എണ്ണത്തേക്കാള്‍ അവ പകര്‍ന്നു കൊടുത്ത ഊര്‍ജമാണ് മൈക്കിളിനെയും പാട്ടുകളെയും ജനപ്രിയമാക്കി മാറ്റിയത്.
വിവാദങ്ങളും വിട്ടൊഴിയാതെ വേട്ടയാടി
എല്‍വിസ് പ്രിസ്ലിയുടെ മകളെ ജാക്‌സന്‍ വിവാഹം കഴിച്ചപ്പോള്‍ എല്‍വിസിന്റെ സംഗീതത്തിന്റെ പകര്‍പ്പവകാശം തട്ടിയെടുക്കാനുള്ള ശ്രമമായി പാപ്പരാസികള്‍ വ്യാഖ്യാനിച്ചു. ലിസാ മേരി പ്രിസ്ലിയുമായുള്ള വിവാഹ ബന്ധം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അവസാനിച്ചു. പിന്നീട് മൈക്കിളിനെ സ്വവര്‍ഗ ഭോഗിയെന്നും, കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന മാനസിക വൈകല്യമുള്ളവന്‍ എന്നും മാധ്യമങ്ങള്‍ വിളിച്ചു. നിരവധി ലൈഗികാരോപണങ്ങളും മൈക്കിള്‍ ജാക്‌സനെതിരെ ഉയര്‍ന്നിരുന്നു. പലവട്ടം കോടതി കയറിയിറങ്ങി. ഇതില്‍ പല ആരോപണങ്ങളും മൈക്കിള്‍ ജാക്‌സന്റെ ആരാധകരും വിശ്വസിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെടാതിരുന്നതിനാല്‍ ജയിലില്‍ കിടക്കേണ്ടി വന്നില്ലെന്നു മാത്രം.
ഇതിനിടെ താന്‍ വിശ്വസിച്ചിരുന്ന പലരും ജാക്‌സനെ വഞ്ചിച്ചു. ഇതിലൊന്നാണ് മാര്‍ട്ടിന്‍ ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍. തുടര്‍ച്ചയായി വന്ന കേസുകള്‍ ജാക്‌സനെ സാമ്പത്തികമായി തകര്‍ത്തിരുന്നു. അപ്പോഴാണ് ബഹ്‌റൈന്‍ രാജാവിന്റെ മകന്‍ ജാക്‌സന്റെ സുഹൃത്താവുന്നത്. അബ്ദുള്ളാ ബിന്‍ ഹമാദിന്റെ സാമ്പത്തിക സഹായത്താല്‍ കേസുകളില്‍ നിന്നും മോചനം നേടാന്‍ മൈക്കിളിന് കഴിഞ്ഞു. ഇതിനിടെ ഈ സൗഹൃദം മൂലം മൈക്കിള്‍ ഇസ്ലാം മതം സ്വീകരിച്ചതായും പ്രചാരണമുണ്ടായി. ഇതിനിടെ ഹമാദുമായി മറ്റൊരു കേസുണ്ടായി. ജാക്‌സനുവേണ്ടി മുടക്കിയ പണമെല്ലാം താന്‍ എഴുതിയ മുസ്ലിം പാട്ടുകള്‍ പാടാനായി ജാക്‌സന് അഡ്വാന്‍സായി നല്‍കിയതാണെന്ന് ഹമാദ് വാദിച്ചു. അത്തരം വാഗാദാനങ്ങള്‍ താന്‍ നല്‍കിയിട്ടില്ലെന്നും സമ്പന്നനായ ആരാധകന്റെ സമ്മാനമാണെന്നും ജാക്‌സന്‍ വാദിച്ചപ്പോള്‍ ആ കേസും കോടതി തള്ളി.
തിരിച്ചു വരവിനൊരുങ്ങിയ അവസാന കാലം
ഈ കാലത്തിനിടയ്ക്ക് പലപ്പോഴായി കഴിച്ചിരുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ ജാക്‌സന്റെ ശരീരത്തെ ബാധിച്ചിരുന്നു. തുടര്‍ച്ചയായി ഉള്ളിലെത്തിയ വേദന സംഹാരികള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ആരോഗ്യം നശിപ്പിച്ചു. അവസാനമായി വലിയൊരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലായിരുന്നു മൈക്കിള്‍ ജാക്‌സന്‍. 2009ല്‍ അതുവരെ ഒരു സംഗീത താരവും ചെയ്യാത്ത് ഒരു പദ്ധതിക്ക് ജാക്‌സന്‍ തീരുമാനമെടുത്തു. ഒന്‍പതുമാസം നീളുന്ന സംഗീത പരിപാടിയില്‍ ലണ്ടന്‍ നഗരത്തിലെ അരങ്ങില്‍ ഓരോ ആഴ്ചയും അവസാനദിവസം ഓരോ സംഗീത പരിപാടി. ആകെ 50 ഷോകള്‍. എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റുകള്‍ പരിപാടി തുടങ്ങുന്നതിന് രണ്ടുമാസം മുമ്പുതന്നെ വിറ്റു പോയിരുന്നു. ആ പരിപാടി അരങ്ങേറി തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജൂണ്‍ 25ന് തന്റെ അന്‍പതാം വയസില്‍ മൈക്കിള്‍ ജാക്‌സന്‍ വിടവാങ്ങി. ശസ്ത്രക്രിയകള്‍ക്കു മുമ്പ് മയക്കാനായി കുത്തിവെയ്ക്കുന്ന മരുന്നുകള്‍ അമിതമായി കുത്തിവെച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്‍ എന്ന മനുഷ്യന്‍ തിരശീലക്കു പിന്നില്‍ മറഞ്ഞെങ്കിലും ജാക്‌സന്‍ ലോകത്തിനു പകര്‍ന്നു നല്‍കിയ കലയുടെ പ്രകാശം മാത്രം ഇനിയും അവശേഷിക്കുന്നു.