Mon. Nov 25th, 2024

ബാസെല്‍:

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധു വാർത്തകളിൽ നിറയുമ്പോൾ, ആരും അറിയാതെ ഒതുങ്ങിപ്പോയ മറ്റൊരു താരമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെ സിന്ധുവിന്റെ നേട്ടത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ്, സ്വർണ മെഡൽ നേടിയ പാരാ ബാഡ്മിന്റൺ താരം മാനസി നയന ജോഷി. അങ്ങനെ ഇത്തവണത്തെ, പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടവും ഇന്ത്യയിലെത്തിച്ചിരുന്നു മാനസി. 12 മെഡലുകളാണ് ഇത്തവണ മാനസിയടങ്ങിയ ടീം, ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്.

2011-ല്‍ സംഭവിച്ച റോഡപകടത്തിൽ മാനസിയുടെ ഇടത്തെ കാല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഈ തളരാത്ത പോരാളി, ദൃഢനിശ്ചയമുള്ള തന്റെ മനസ്സുമായി കോര്‍ട്ടിലേക്ക് തിരിച്ചുവരുക തന്നെ ചെയ്തു. താരത്തിന്റെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമാണ് ഇത്തവണത്തെ ലോക പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനേയും ട്വിറ്ററിലൂടെ മാനസിക്ക് തന്നെ തങ്ങളുടെയും ചരിത്ര നീട്ടണത്തെപ്പറ്റി അറിയിക്കേണ്ടി വന്നു. പിന്നാലെ, പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റും കായികമന്ത്രിയുടെ വിജയിച്ചവര്‍ക്കുള്ള പാരിതോഷികങ്ങളുടെ പ്രഖ്യാപനവുമെത്തി.സ്വര്‍ണത്തിന് 20 ലക്ഷവും വെള്ളിക്ക് 14 ലക്ഷവും വെങ്കലത്തിന് എട്ട് ലക്ഷവുമെന്നാണ് പ്രഖ്യാപനം.

ഇപ്പോൾ ലോക ചാമ്പ്യൻ സിന്ധുവും മാനസിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
2020ൽ ടോക്കിയോയിൽ നടക്കാനിരിക്കുന്ന പാരാളിംപിക്സിലും നല്ല നേട്ടങ്ങൾ ഉണ്ടാക്കണമെന്ന് താരം ട്വിറ്ററിലൂടെ ആശംസിച്ചു.

ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള 30-കാരിയായ മാനസി, ഫൈനലില്‍ ഇന്ത്യയുടെതന്നെ പാരുള്‍ പാര്‍മറെ തോല്‍പ്പിച്ചാണ് (21-12, 21-7) കിരീടം നേടിയത്. എസ്.എല്‍. 3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.

ആറാം വയസ്സില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015-ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു. 2017-ല്‍ വനിത വിഭാഗത്തില്‍ വെങ്കലം നേടിയ താരം 2019 പാര ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. പി. ഗോപീചന്ദിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

നിലവിൽ,ഉപഭോക്താക്കളുടെ വൻ അഭിനന്ദന പ്രവാഹമാണ് മാനസിയുടെ ട്വിറ്റര്‍ പേജിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *