ന്യൂ ഡൽഹി:
അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനും നിർദേശിച്ചു.
കഴിഞ്ഞ പ്രളയത്തിൽ, പൊതുജനത്തിൽ ഒരുവനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജമ്മുകശ്മീര്‍ വിഷയം സൂചിപ്പിച്ചു, സ്വതന്ത്രമായ അഭിപ്രായത്തിനു ഉദ്യോഗസ്ഥാനായിരിക്കുമ്പോൾ കഴിയുന്നില്ലെന്നും അറിയിച്ചു, ഓഗസ്റ്റ് 21നായിരുന്നു കണ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നൽകിയത്.
കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത – ഊര്‍ജവകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുമ്പോഴായിരുന്നു, അദ്ദേഹം രാജിവെച്ചത്.
എന്നാൽ, കണ്ണന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നോട്ടിസ് കണ്ണൻ ഗോപിനാഥൻ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിനു മുന്നിൽ പതിപ്പിക്കുകയും ചെയ്തു.
കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം, അവിടത്തെ ജനതയ്ക്ക് മേൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ വലിയ വിയോജിപ്പ് കണ്ണനുണ്ടായിരുന്നു. പറയാനുള്ള അവകാശം ഇല്ലാതാകുന്നത് ജനാധിപത്യവിരുദ്ധമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ഐ.എ.എസ് എടുത്തത്. എന്നാൽ, ഇപ്പോള്‍ സ്വന്തം ശബ്ദം പോലുമില്ലാത്ത അവസ്ഥയാണ്, എന്നാണ് രാജിവെച്ച ദിവസം കണ്ണൻ പ്രതികരിച്ചത്.
നിലവിൽ, രാജി സ്വീകരിച്ചിട്ടില്ലാത്ത പക്ഷം എത്രയും വേഗം തന്നെ ജോലിയിൽ പ്രവേശിക്കുവാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. രാജി കത്ത് പരിശോധിച്ചു ഒരു തീരുമാനത്തിൽ എത്തും വരെയാണ് ജോലിയിൽ തുടരാനുള്ള നിർദേശം.