വെബ് ഡെസ്‌ക് :
തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഇടപെടലില്‍ വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഓഫീസ്. തുഷാറിന്റെ കേസില്‍ ഏതെങ്കിലും തരത്തില്‍ യൂസഫലി ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമ സംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് എന്നും കുറിപ്പില്‍ പറയുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസില്‍ എം.എ. യൂസഫലിക്കുണ്ടായ ഏക ബന്ധമെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകൂ എന്നു സൂചിപ്പിക്കാനും യൂസഫലിയുടെ ഓഫീസ് മറക്കുന്നില്ല.
അതേസമയം സംഭവം നടന്ന് ഇത്രയും ദിവസത്തിനു ശേഷം ഒരു വിശദീകരണ കുറിപ്പുമായി യൂസഫലി രംഗത്തെത്തുന്നത് സംശയം ബാക്കിയാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യങ്ങളെ തുടര്‍ന്നാണെന്ന് വിശദീകരണമെന്ന് വ്യക്തം. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള എന്ന യുവാവിനെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറക്കാന്‍ നേതൃത്വം നല്‍കിയതിന് വലിയ വിമര്‍ശനമാണ് യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ചെക്കുകേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ ഒറ്റ ദിവസം കൊണ്ടു പുറത്തിറക്കാന്‍ സഹായിച്ചത് യൂസഫലിയായിരുന്നു. അല്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ കൊണ്ടൊന്നും ഇതു സാധ്യമാവില്ലെന്ന് യു.എ.ഇയിലെ നിയമങ്ങളെക്കുറിച്ചറിയുന്ന സാധാരണക്കാര്‍ക്കു പോലും വ്യക്തമായി അറിയാം. എം.എ. യൂസഫലിക്ക് യു.എ.ഇ ഭരണ കൂടവുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചറിയാത്ത മലയാളികളില്ല. അതുകൊണ്ടുതന്നെ തുഷാര്‍ പുറത്തിറങ്ങിയപ്പോള്‍, ഇത് സാധ്യമായത് യൂസഫലിയുടെ ഇടപെടലിലൂടെ തന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. മകനെ സഹായിച്ച യൂസഫലിക്ക് നന്ദി പറഞ്ഞു കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതോടെ എല്ലാവര്‍ക്കും ചിത്രം വ്യക്തമായി.
തന്റെ പെരുമാറ്റം കൊണ്ടും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും അത്ര നല്ല പ്രതിഛായയല്ല തുഷാര്‍ വെള്ളാപ്പള്ളിക്ക് ജനങ്ങള്‍ക്കിടയിലുള്ളത്. തുഷാര്‍ കബളിപ്പിച്ചതുമൂലം എട്ടു മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള. തുഷാര്‍ വെള്ളാപ്പള്ളി 19 കോടി രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച നാസില്‍ കടം കയറി നാട്ടില്‍ പോലും വരാന്‍ കഴിയാത്ത അവസ്ഥയിലാണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയായ യൂസഫലി തന്റെ നാട്ടുകാരനായ നാസില്‍ അബ്ദുള്ള എട്ടുമാസം ജയിലില്‍ കിടന്നത് അറിഞ്ഞില്ല. എന്നാല്‍ അയാളെ കബളിപ്പിച്ച തുഷാറിനെ ഒറ്റദിവസം കൊണ്ടു പുറത്തിറക്കാന്‍ യൂസഫലി മുന്നിലുണ്ടായിരുന്നു.
പണം മാത്രമല്ല തന്റെ അറബ് ബന്ധവും തുഷാറിനെ പുറത്തിറക്കാന്‍ ഉപയോഗിച്ചു എന്ന വലിയ ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ യൂസഫലിക്ക് നേരിടേണ്ടി വന്നത്. രൂക്ഷമായ ആക്രമണമാണ് സൈബര്‍ ലോകത്തു നിന്നും ഉയര്‍ന്നത്. എത്രയോ മലയാളികള്‍, അതും നിരപരാധികള്‍ ഗള്‍ഫില്‍ ജയിലില്‍ കിടന്നു, ഇപ്പോഴും കിടക്കുന്നു, എന്നിട്ടും വേദനിക്കുന്ന കോടീശ്വരന്‍ എന്തെങ്കിലും അവര്‍ക്കു വേണ്ടി ചെയ്‌തോ? ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. പ്രവാസി വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നപ്പോള്‍ ചെറുവിരല്‍ അനക്കാതിരുന്ന യൂസഫലി തുഷാറിനെ പുറത്തിറക്കാന്‍ ഓടിയെത്തിയത് എന്തിനായിരുന്നു എന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത്.
സാഹചര്യ തെളിവുകള്‍ അനുകൂലമായതിനാല്‍ ആരോപണങ്ങള്‍ നാട്ടുകാര്‍ മുഴുവന്‍ അത് വിശ്വസിക്കുമെന്നും തന്റെ പ്രതിഛായയെ ബാധിക്കുമെന്നും വ്യക്തമായതോടെയാണ് വിശദീകരണം നല്‍കാന്‍ യൂസഫലി തയ്യാറായത്. ഒരാളെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചത് ഇത്ര വലിയ പുലിവാലാകുമെന്ന് പാവം കോടീശ്വരന്‍ ചിന്തിച്ചിരുന്നില്ല.