Sun. Dec 22nd, 2024
തമിഴ്നാട്:

അംബേദ്‌കർ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ഇന്ത്യയൊട്ടാകെ സാമൂഹികമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം, തമിഴ്നാട്ടിൽ നാഗപട്ടിണം ജില്ലയിലെ വേദാരണ്യത്തിൽ, ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്‌കറുടെ പ്രതിമ വിരൂപമാക്കപ്പെട്ടതാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്.
”ഒരംബേദ്ക്കറെ അപമാനിച്ചാല്‍ ഒരായിരം അംബേദ്‌കർ ഉയിര്‍ക്കൊള്ളും” (#1000AmbedkarRaised) എന്ന അർഥത്തിൽ വരുന്ന ഹാഷ് ടാഗോടുകൂടി ട്വിറ്റർ ഉപഭോക്താക്കളാണ് ഓൺലൈൻ സമരത്തിന് നേതൃത്വം നൽകിയിരുന്നത്.
അതേസമയം, പ്രതീക്ഷയേക്കാൾ വമ്പൻ ഐക്യദാർഢ്യമാണ്‌ കാമ്പയിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

എന്താണ് ശരിക്കും സംഭവിച്ചത്…?

തമിഴ്നാട്ടിലെ വേദാരണ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച, ആർ.എസ്.എസ്. അനുഭാവികളായ ഒരു കൂട്ടം സവർണ ജാതീയർ ചേർന്ന്, നാട്ടിലെ പോലീസ് സ്റ്റേഷനു സമീപത്തു സ്ഥിതി ചെയ്യുന്ന, അംബേദ്‌കർ പ്രതിമയുടെ ശിരസ്സ് ഛേദിക്കുകയും പ്രതിമയെ വിരൂപിയാക്കുകയുമായിരുന്നു.

നേരത്തെ, ഒരു ദളിതിനെ മുന്നാക്ക ജാതിക്കാരൻ കാറ് കൊണ്ടടിച്ച സംഭവത്തിൽ നിന്നാണ്, ഇത്തരത്തിലൊരു ലഹള ഉത്ഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പാണ്ഡിയൻ എന്ന മുന്നാക്ക സമുദായക്കാരൻ തന്റെ കാറ് കൊണ്ട് രാമചന്ദ്രൻ എന്ന ദളിതിനെ ഇടിച്ചു തെറിപ്പിക്കും മട്ടിൽ തട്ടി. അപകടത്തെ തുടർന്ന്, ഉണ്ടായ വാക്കേറ്റം വലുതാവുകയും ചെയ്തു. അപകടത്തിൽ, രാമചന്ദ്രന്റെ ഒരു കാലിന് സാരമായ പരിക്കുകൾ പറ്റിയിരുന്നു. പ്രശ്നം വഷളായതോടെ പാണ്ഡിയൻ സ്ഥലം വിട്ടു. രോക്ഷാകുലരായ രാമചന്ദ്ര അനുകൂല ദളിത് വിഭാഗം, അപകടമുണ്ടാക്കിയ കാർ കത്തിച്ചു കളഞ്ഞു. പ്രശ്നം, ആളിക്കത്തിയതോടെ മറു വിഭാഗം ഒത്തുകൂടി അംബേദ്‌കർ പ്രതിമ തകർക്കുകയും ചെയ്തു.

സംഭവസമയത്ത്, പോലീസ് സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്നതാവട്ടെ വെറും രണ്ടേ രണ്ടു പോലീസുകാരായിരുന്നു. അവരെക്കൊണ്ടു സംഘർഷത്തെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നുമില്ല.
അതേസമയം, പ്രതിമ തകർക്കപ്പെട്ട സംഭവത്തിന് ശേഷം 700 ഓളം പോലീസുകാർ അക്രമം നടന്ന സ്ഥലത്തു ക്യാമ്പ് ചെയ്യുകയും, അടുത്ത ദിവസം തന്നെ, പുതിയൊരു അംബേദ്‌കർ പ്രതിമ അവിടെ സ്ഥാപിക്കുകയും ചെയ്തു.

എന്തൊക്കെയാണ് സംഘർഷത്തെ തുടർന്നുണ്ടായ നടപടികൾ…?

രണ്ടു കേസുകളാണ് പരാതികളെ തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒന്ന്, തന്റെ മകൻ പാണ്ഡിയന്റെ കാർ കത്തിച്ചു വെന്ന പേരിൽ, രാജേന്ദ്രൻ എന്നയാൾ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്തു. മറ്റൊന്ന്, അംബേദ്‌കർ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ടു, സ്ഥലത്തെ വില്ലേജ് ഓഫീസറുടെ പരാതിയെ പരിഗണിച്ചുള്ളതാണ്.

“പൊതുമുതൽ നശിപ്പിച്ചതിനു തേവർ സമുദായക്കാർക്കെതിരെയും ഐ.പി.സി. 307ആം വകുപ്പ് പ്രകാരം, വധശ്രമത്തിനു ദളിത് സമുദായക്കാർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്” വോക്ക് ജേർണലിനോട് പ്രതികരിക്കവേ, വേദാരണ്യം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

16 ദളിതുകളുൾപ്പെടെ 25 പേരാണ്, രണ്ടുകേസുകളിലുമായി ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ, പട്ടികജാതി പട്ടിക വർഗ്ഗത്തിന്റെ (അതിക്രമങ്ങൾക്കെതിരെയുള്ള നിയമം) സുരക്ഷാ നിയമം വച്ചുകൊണ്ട്, പ്രതികൾക്കെതിരെ കേസെടുക്കാൻ പോലീസ് മടികാണിച്ചുവരുകയാണ്.

“ഞങ്ങൾ ഇതുവരെ എസ്.സി./ എസ്.ടി. അതിക്രമങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല, അത് ഉടനെ ഉണ്ടാവും” എന്നാണ് പോലീസ് പറയുന്നത്.

പ്രതിഷേധങ്ങളും പ്രതികരണങ്ങളും…

അംബേദ്‌കർ പ്രതിമ തകർത്തതിൽ പ്രതികരിച്ചു കൊണ്ട്, വി.സി.കെ. പാർട്ടി തമിഴ്നാട്ടിലെ മിക്കയിടങ്ങളിലും പ്രതിഷേധ കനൽ ഊതി കത്തിച്ചു. 500ൽ കൂടുതൽ വരുന്ന പ്രതിഷേധക്കൂട്ടം, സംസ്ഥാനത്തെ കള്ളക്കുറിച്ചി, ദിണ്ഡിവനം, ശങ്കരപുരം, വിഴുപ്പുരം തുടങ്ങിയ താലൂക്കുകളിൽ റോഡ് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. ഇതിനെ തുടർന്ന്, 368 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

“ജനാധിപത്യത്തിന്റെ മുഖമൂടി ധരിച്ച ഫാസിസിസ്റ്റ്(വിനാശം ഉണ്ടാക്കും വിധം അതിരുകവിഞ്ഞ ദേശസ്നേഹം പ്രകടിപ്പിക്കുന്നവർ) ശക്തികളാൽ വിതയ്ക്കപ്പെട്ട വിഷത്തിന്റെ പ്രതിഫലനങ്ങളാണ് പെരിയാറിന്റെയും(ഇ.വി.ആർ.) ഡോ:അംബേദ്ക്കറിന്റെയും പ്രതിമകൾ തകർക്കപ്പെടുന്നതിലൂടെ കാണാൻ സാധിക്കുന്നത്” ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ വാർത്ത കുറിപ്പിൽ അറിയിച്ചു.

അക്രമത്തിനെതിരെ പ്രതികരിച്ച, പ്രശസ്ത തമിഴ് സിനിമനടനും മക്കൾ നീതി മയ്യം എന്ന പാർട്ടി പ്രസിഡന്റുമായ കമൽഹാസൻ, ” ഇത്തരത്തിലുള്ള (ജനങ്ങൾക്ക് വേണ്ടി പോരാടിയവരുടെ പ്രതിമ) തകർക്കലുകൾ ഒരിക്കലും നമ്മെ പുരോഗതിയിലേക്ക് നയിച്ചേക്കില്ല. സമാധാനത്തിൽ വിശ്വസിക്കുക എന്നതാണ്, മെച്ചപ്പെട്ട ഒരു സമൂഹമാവാൻ ആഗ്രഹിക്കുന്ന ജനത ചെയ്യേണ്ടത്” എന്നും ട്വിറ്ററിൽ കുറിച്ചു.

ഈ വാരത്തിന്റെ തുടക്കത്തിലെ തന്നെ മൂന്ന് അംബേദ്‌കർ പ്രതിമകൾ, ഉത്തർപ്രദേശിലെ അസാംഗറിൽ തകർക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *