കേപ്ടൗണ്‍:
ആമസോണ്‍ മഴക്കാടുകള്‍ എന്ന ലോകത്തിന്റെ ശ്വാസകോശത്തെ കാട്ടുതീ ആക്രമിച്ചു, നാശം പരിഹരിക്കുന്നതിന് മുൻപിത, ഭൂമിയുടെ മറ്റൊരു ശ്വാസാവയവം മധ്യ ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീപിടുത്തം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ വിവരം ലോക ശ്രദ്ധയിലെത്തിച്ചത്. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ(എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയഭൂപടത്തിലാണ്, കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന മധ്യ ആഫ്രിക്കൻ കാടുകളിലും കാട്ടുതീ പടരുന്നതായി കണ്ടെത്തിയത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിൽ തീ ആളിപ്പടരുന്നതായാണ്, ഭൂപടചിത്രങ്ങൾ വ്യക്തമാക്കുന്നത്.
അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ്, കോംഗോ ബേസിൻ എന്ന ഈ കാടുകള്‍.
നിലവിൽ, അംഗോളയെയും ഗാബണിനെയും പൊരിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ, ഓരോ ദിവസവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.
എന്നാൽ, കോംഗോ നദീതട കാടുകളില്‍ തീ പടരുന്നതിന്റെ കാരണം എന്താണെന്ന്, ഇതുവരെ വ്യക്തമായിട്ടില്ല.
കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷംചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന മഴക്കാടുകളിലാണ് കാട്ടുതീ ഉണ്ടായിരിക്കുന്നത്.
അതേസമയം, വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച്, ആമസോണ്‍ മഴക്കാടുകളില്‍, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത കാട്ടുതീ, അണയ്ക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടർന്നുകൊണ്ടിരിക്കുകയാണ്.