Fri. Nov 22nd, 2024
ന്യൂഡല്‍ഹി :

ജി.എസ്.ടി ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഒന്നടങ്കം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പടി പടിയായി കടന്നു വരുന്ന സാമ്പത്തിക മാന്ദ്യം ആദ്യഘട്ടമായി രാജ്യത്തെ വ്യാപാര മേഖലയെ ഒന്നാകെ ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്തെ വ്യാപാര മേഖല നേരിട്ടു കൊണ്ടിരിക്കുന്നത്.

വാഹനങ്ങള്‍ മുതല്‍ ബിസ്‌കറ്റും വസ്ത്രങ്ങളും വരെ എല്ലാ വസ്തുക്കളുടെയും വില്‍പന ഇടിഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഇന്ത്യന്‍ വാഹന വിപണി. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ ഈ സാമ്പത്തിക വര്‍ഷം വന്‍തോതില്‍ ഇടിവുണ്ടായിട്ടുണ്ട്. വാഹന വിപണിയില്‍ തെളിയുന്ന പ്രതിസന്ധി വ്യക്തമാക്കുന്നത് മധ്യവര്‍ഗ്ഗത്തിന്റെ വാങ്ങല്‍ ശേഷിയില്‍ കുറവ് വന്നിട്ടുണ്ട് എന്നാണ്. ഇതിനിടെ വില്‍പന കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ പല കമ്പനികളും തങ്ങളുടെ ഫാക്ടറികളിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങളോളം നിര്‍ത്തി വെയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും നിര്‍ബന്ധിതരായിട്ടുണ്ട്.

വാഹന വില്‍പനയില്‍ ഇടിവുണ്ടായതു മൂലം വാഹന മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വാഹന നിര്‍മ്മാതാക്കളുടെയും വ്യാപാരികളുടെയും ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മൂന്നര ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസത്തിനു ശേഷമാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത്. കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളില്‍ നിന്നും ഒരു ലക്ഷത്തോളം ജീവനക്കാരെയും വെട്ടിക്കുറച്ചതായാണ് സൂചന.

ഇതിനിടെ രാജ്യത്തെ വസ്ത്ര വ്യാപാര മേഖലയിലും വില്‍പനയില്‍ വന്‍ ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വില്‍പനയും കയറ്റുമതിയും ഇടിഞ്ഞു. വില്‍പനയിലുണ്ടായ കുറവിനെ നേരിടാന്‍ ചില കമ്പനികള്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ വസ്ത്രങ്ങളുടെ വില്‍പനയില്‍ പോലും ഇടിവ് രേഖപ്പെടുത്തുന്നു എന്നത് അത്ര നല്ല സൂചനയല്ല നല്‍കുന്നത്.

ബ്രാന്‍ഡഡ് അടിവസ്ത്രങ്ങളുടെ വില്‍പനയില്‍ പോലും ഇടിവുണ്ടായിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അടിവസ്ത്ര വിപണിയും രാജ്യത്തിന്റെ സമ്പദ് ഘടനയും തമ്മില്‍ എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു എന്നു തന്നെയാണ് അതിനുള്ള ഉത്തരം. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്.

ചരക്കു സേവന നികുതിയിലെ മാറ്റങ്ങള്‍ മൂലം വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ഇടിവുണ്ടായതായി കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രി സമൃതി ഇറാനി കഴിഞ്ഞ മാസം ലോകസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ കയറ്റുമതി നിയമങ്ങളില്‍ ഭേദഗതി വരുത്തിയതാണ് വസ്ത്രങ്ങളുടെ കയറ്റുമതി കുറയാന്‍ കാരണമായത്. ഇക്കാര്യം മന്ത്രി അംഗീകരിക്കുകയും ചെയ്തു. വിയറ്റ്‌നാം ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായതെന്നും മന്ത്രി ആരോപണമുന്നയിച്ചിരുന്നു.

 

ബിസ്‌കറ്റ് കമ്പനികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

രാജ്യത്തെ അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും ഉള്‍പ്പെടെ വില്‍പന താഴോട്ടു പോകുന്നതിന് തെളിവാണ് പ്രമുഖ ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെയുടെ ഉല്‍പന്നങ്ങള്‍ പോലും വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടു പെടുന്നു എന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് ചെലവു ചുരുക്കാനുള്ള തീരുമാനത്തിലാണ് കമ്പനി മാനേജ്‌മെന്റ്. ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. പാര്‍ലെ ബിസ്‌ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്പാദനം കുറച്ചതായും കമ്പനി അധികൃതര്‍ പറഞ്ഞു. 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുള്ളതായി പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഏത് വ്യാപാര മേഖലയിലെ ഇടിവും തൊഴിലാളികളെയാണ് ആദ്യം ബാധിക്കുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് അവരുടെ വരുമാനത്തില്‍ കുറവുണ്ടാക്കുകയും ഇത് വളരെ വേഗം തന്നെ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്യും. സാധാരണക്കാരായ തൊഴിലാളികളുടെ വരുമാനത്തില്‍ ഇടിവുണ്ടാകുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില്‍പനയിലും ഇടിവുണ്ടാക്കുന്നുണ്ട്. നിലവില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ പല വസ്തുക്കളും വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടു പെടുകയാണ്. ഫലത്തില്‍ തൊഴിലില്ലാതാവുന്ന തൊഴിലാളികള്‍ വര്‍ധിക്കുന്നത് വീണ്ടും ബാധിക്കുന്നത് വ്യാപാര മേഖലയെ തന്നെയാണ്.

അതായത് പഴയതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍ എന്നര്‍ത്ഥം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്.

ജി.എസ്.ടിയും മെയ്ക് ഇന്‍ ഇന്ത്യയും ഫലം കണ്ടില്ല.

ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം ലക്ഷ്യമിട്ടിരുന്ന നികുതി വരുമാനത്തില്‍ ഒരുലക്ഷം കോടിയോളം രൂപയുടെ കുറവാണുണ്ടായത്. ജി.എസ്.ടി തിരിച്ചടിയായതോടെ വരുമാനത്തിന് ഇനിയെന്തു വഴി എന്ന ചിന്തയിലാണ് സൂപ്പര്‍ ലക്ഷ്വറി ടാക്‌സും ഓഹരി വിപണിയില്‍ നിന്നുള്ള വരുമാനത്തിന് അധിക നികുതിയും ഏര്‍പ്പെടുത്തിയത്. ഇതു രണ്ടും ഓഹരി വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാക്കി. ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപങ്ങളും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളും വ്യാപകമായി പിന്‍വലിക്കപ്പെട്ടു. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപ ആഗസ്റ്റ് മാസം ആദ്യത്തെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടു. ഇതോടെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്ക് (എഫ്.പി.ഐ) സര്‍ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. അല്ലാത്ത പക്ഷം ബാക്കിയുള്ള വിദേശ നിക്ഷേപങ്ങള്‍ കൂടി പിന്‍വലിക്കപ്പെടുമായിരുന്നു.

ഇതു കൂടാതെയാണ് ജി.എസ്.ടി വെട്ടിപ്പു മൂലം നികുതി വരുമാനത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍. അടുത്ത സാമ്പത്തിക വര്‍ഷവും ജി.എസ്.ടി മുഖേനയുള്ള നികുതി വരുമാനം താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഉപഭോഗ നികുതി ഒഴിവാക്കപ്പെടുന്ന നികുതി വ്യവസ്ഥയാണ് ജി.എസ്.ടി യിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വ്യാജ ബില്ലിംഗും നികുതി വെട്ടിപ്പും വ്യാജ ഇന്‍വോയ്സിംഗുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഈ ദുരവസ്ഥ പെട്ടെന്നൊന്നും മാറുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ജിഡിപിയുടെ 3.3 ശതമാനമാകണം ധനക്കമ്മിയെന്ന ലക്ഷ്യത്തെ അപകടത്തിലാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. വരുമാന നഷ്ടം കൂടുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപദ്ധതികള്‍ക്കും പണം ചെലവഴിക്കാനുള്ള സര്‍ക്കാരിന്റെ കഴിവും കുറയും ഇതും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം വരെ ഉയര്‍ത്താന്‍ ജി.എസ്.ടി സഹായിക്കുമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. ലക്ഷ്യം കാണാന്‍ കഴിയാതെ ജി.എസ്.ടി നിരക്ക് കുറച്ചിട്ടും സാമ്പത്തിക സ്ഥിതി കൂപ്പു കുത്തുകയായിരുന്നു. മാര്‍ച്ച് അവസാനിച്ച പാദത്തില്‍ ജിഡിപി 5.8 ശതമാനത്തിലേക്കാണ് താഴ്ന്നത്.

രാജ്യത്ത് എല്ലാ ഉല്‍പന്നങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് മാന്ദ്യം പതിയെ കടന്നു വരികയായിരുന്നു. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണു നീങ്ങുന്നത്. ചരക്ക് സേവന നികുതി റിട്ടേണുകളുടെ എണ്ണം കുറഞ്ഞതില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടും ആശങ്കയുണയര്‍ത്തുന്നു.

മേക്ക് ഇന്‍ ഇന്ത്യ പാളിയെന്ന് രാജ്യത്തെ വ്യവസായ പ്രമുഖര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പല പദ്ധതികളുടെയും പ്രഖ്യാപനം മാത്രമാണ് നടന്നത്. ഉല്പാദനമെല്ലാം കടലാസില്‍ മാത്രമായി ചുരുങ്ങി. ശുചിത്വ ഭാരതം മുതല്‍ മേക് ഇന്‍ ഇന്ത്യ വരെയുള്ള പദ്ധതികളൊന്നും നടപ്പായില്ല. അംബാനിക്കുവേണ്ടി റഫാല്‍ വിമാനങ്ങളുടെ കരാര്‍ ഒപ്പിച്ചെടുത്തതല്ലാതെ ഇന്ത്യയില്‍ ഉദ്പാദന മേഖലയില്‍ എന്തെങ്കിലും സ്ഥാപനം തുടങ്ങിയാതായി ഇന്ത്യക്കാരായ ആര്‍ക്കും അറിയില്ല. സ്മാര്‍ട് സിറ്റികള്‍ വരുമെന്ന് പറഞ്ഞതും എങ്ങുമെത്തയിട്ടില്ല.

 

മന്‍മോഹന്‍ സിങ് നല്‍കിയ മുന്നറിയിപ്പ്

ലോകത്തെ മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് രാജ്യം ഇന്നത്തെ നിലയിലേക്കെത്തുമെന്ന് മൂന്നു വര്‍ഷം മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നത്. അന്നത് രാഷ്ട്രീയ പരാമര്‍ശം മാത്രമായി എല്ലാവരും കണക്കാക്കി. നോട്ട് നിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നും ചെറുകിട വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും മന്‍മോഹന്‍ സിങ് അന്നുതന്നെ പറഞ്ഞിരുന്നു. ഗ്രാമീണ മേഖലയിലെ പണമിടപാടുകളെ ഈ നോട്ടു നിരോധനം തളര്‍ത്തും. ഇതുമൂലം നമ്മുടെ ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെയെങ്കിലും ഇടിവുണ്ടാവും. ഇത് ഒട്ടും കൂടിയ ഒരു കണക്കല്ല. മറിച്ച് കുറഞ്ഞ കണക്കാണ് എന്നായിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞത്.

 

ഒടുവില്‍ യാഥാര്‍ത്ഥ്യം നീതി ആയോഗും സമ്മതിച്ചു

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുതായി വ്യക്തമായിട്ടും ഇത്രയും നാള്‍ നീതി ആയോഗ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഏതാനും ദിവസം മുമ്പാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സാമ്പത്തിക സ്ഥിതിയുടെ തകര്‍ച്ച പൂര്‍ണമായി എന്ന് പരോക്ഷമായി അംഗീകരിക്കുകയായിരുന്നു നീതി ആയോഗ്. കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും കഠിനമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാജീവ് കുമാര്‍ അംഗീകരിച്ചു. അസാധാരണമായ സ്ഥിതിയിലൂടെ കടന്നുപോകുന്ന സമയത്ത് അസാധാരണമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ പണത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

സര്‍ക്കാറിന്റെ സ്വന്തം ഉപദേശകര്‍ തന്നെയാണ് രാജ്യത്തെ സാമ്പത്തിക രംഗത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അത്യാഗ്രഹികള്‍ക്കു പകരം ആവശ്യക്കാരന്റെ കയ്യില്‍ പണമെത്തിക്കാനുള്ള നടപടികള്‍ സ്വാകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ക്രയശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടത്. രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസ് ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസിന്റെ നിര്‍ദേശം അംഗാകരിച്ച സാധാരണക്കാരന്റെ കയ്യില്‍ പണമെത്തിക്കാന്‍ നടപടിയെടുക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *