Sat. Nov 23rd, 2024

 

ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രധാനമാകുന്നത് അത് സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണ റിപ്പോർട്ട് ആയതിനാലാണ്. അത് ശാസ്ത്രീയമല്ലെന്നും ഒറ്റമൂലിയല്ലെന്നും വാദഗതികൾ പ്രാഥമികമായി തള്ളിക്കളയപ്പെടുന്നത് റിപ്പോർട്ടിന്റെ ഈ രീതിശാസ്ത്രം കൊണ്ടാണ്. പശ്ചിമഘട്ട മേഖലക്കും അതിന്റെ ജൈവികമായ സങ്കീർണ്ണതകൾക്കും കേരളത്തിന്റെ വികസനവും അതിന്റെ ജീവിതപരിസരവുമായും ബന്ധമില്ലെന്നുള്ള തെറ്റിദ്ധാരണയാണ് പ്രാഥമികമായി ഈ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രചാരണത്തിന് കാരണങ്ങളിലൊന്ന്. റിപ്പോർട്ട് ശാസ്ത്രീയമല്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രശ്നമെന്താണെന്ന് അന്വേഷിക്കുന്നതിന് മുൻപ് അത് എന്തുകൊണ്ടാണ് സാമൂഹികശാസ്ത്രപരമായി പ്രധാനമാകുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.

ഈ റിപ്പോർട്ട് പശ്ചിമ ഘട്ടമേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണമാണ്. അതിന്റെ ജൈവശാസ്ത്രപരവും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ പഠിച്ച് ഇവിടെ ജീവിക്കുന്ന സമൂഹങ്ങളുടെ നിലനിൽപിന് അനുഗുണമാകുംവിധം മനുഷ്യ ജീവിത രീതിയെ ചിട്ടപ്പെടുത്തുക എന്നതാണ് ഈ റിപ്പോർട്ടു കൊണ്ട് ഉദ്ദേശിക്കുന്നത്. പശ്ചിമഘട്ട മേഖലക്കും അതിന്റെ ജൈവികമായ സങ്കീർണ്ണതകൾക്കും കേരളത്തിന്റെ വികസനവും അതിന്റെ ജീവിതപരിസരവുമായും ബന്ധമില്ലെന്നുള്ള തെറ്റിദ്ധാരണയാണ് പ്രാഥമികമായി ഈ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രചാരണത്തിന് കാരണങ്ങളിലൊന്ന്. ഇതിനെക്കൂടി പൊളിക്കുന്ന ഒരു ശാസത്രീയ രേഖയാണ് ഇത്.

1996 ആഗസ്ത് 9 നു സർക്കാർ തികച്ചും ആദിവാസി വിരുദ്ധമായി 1975 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാനുള്ള നിയമം നടപ്പാക്കാൻ കുടിയേറ്റക്കാർ അനുവദിക്കുന്നില്ലെന്നു കാണിച്ചു കോടതിയെ സമീപിച്ചു. 

ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്താണെന്നും അതിന്റെ രീതിശാസ്ത്രം എന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനം. ഒരർത്ഥത്തിൽ നിരീശ്വരവാദികൾക്കും യുക്തിവാദികൾക്കും ജാതി എന്ന സാമൂഹിക യാഥാർത്ഥ്യത്തെ മനസിലാക്കാൻ കഴിയാത്തതും ഇതേ രീതിശാസ്ത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ടാണ്. ഭൗതിക ശാസ്ത്രത്തിന്റെ അതേ രീതിശാസ്ത്രം മാത്രം പ്രയോഗിക്കുകയും അതല്ലാത്ത മറ്റു ശാസ്ത്ര യുക്തികളെ തള്ളിക്കളയുകയും ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോഴും തുടരുന്നത്. സാമൂഹിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വളരെ സങ്കീർണ്ണവും അത്യധികം വ്യത്യസ്തവുമാണ്. ഭൗതിക ശാസ്ത്രങ്ങളും സാമൂഹിക ശാസ്ത്രങ്ങളും അതിന്റെ രീതി ശാസ്ത്രങ്ങളും തമ്മിലുള്ള അതി സങ്കീർണ്ണമായ അളന്നുമുറിക്കലിലൂടെയേ നമുക്കിനി ഈ പ്രശ്നത്തിൽ നിന്ന് മുന്നോട്ടു പോകുവാൻ കഴിയൂ.

അതിലേക്ക് കടക്കും മുൻപ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ രീതിശാസ്ത്രം സാമൂഹിക ശാസ്ത്രപരമാണ് എന്ന് ബോധ്യപ്പെടുന്ന ചില കാര്യങ്ങൾ വ്യക്തമാക്കണം.

1950 കി.മീ. നീളവും 129037 ച.കി.മീ.വിസ്തീർണ്ണവുമുള്ള പശ്ചിമഘട്ടം എന്ന വിഭവസമൃദ്ധമായ പ്രകൃതിയുടെ ജൈവശാസ്ത്രപരവും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും സാമൂഹികവുമായ സങ്കീർണ്ണതകൾ പഠിച്ചു അതുവഴി അവിടത്തെ സാമൂഹികമായ ഇടപെടലിനെ സാമൂഹിക നീതിയിലൂന്നി ജനാധിപത്യവത്കരിക്കുക എന്നതാണ് അതിന്റെ രീതി ശാസ്ത്രം. അതിനു കണക്കുകളും ഭൗതിക ശാസ്ത്രവും രസതന്ത്രവും ജൈവ ശാസ്ത്രവും മാത്രമല്ല മറിച്ച്, അതിന്റെ സാമൂഹിക പരിസരവും അതിന്റെ സാമ്പത്തിക ഘടനയും സാമൂഹികമായ മൂല്യബോധങ്ങളും, നീതിശാസ്ത്രവും അനേകമനേകം മനുഷ്യരുടെ നോവുകളും പ്രതീക്ഷകളും നെടുവീർപ്പുകളും ഈ റിപ്പോർട്ടിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ പരിഗണിച്ചിട്ടുണ്ട്. അവരെക്കുറിച്ചുള്ള, അവരുടെ നാളെകളെക്കുറിച്ചുള്ള ജനാധിപത്യ ബോധ്യങ്ങളുണ്ട്. ഇവയെല്ലാം തമ്മിലുള്ള സങ്കീർണ്ണമായ കൂടിച്ചേരലുകളുമുണ്ട്.

കുറച്ചുകൂടി സൂക്ഷ്മമായി ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ പശ്ചിമഘട്ട മേഖലയിലെ സൂക്ഷവും ലഭ്യവുമായ സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള കണക്കുകൾ പഠനങ്ങൾ ഈ റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്. കാലാവസ്ഥാപരവും, ഭൗമശാസ്ത്രപരവും ഭൂമിയുടെ ചരിവും നനവും അതിന്റെ പശിമയും മുതൽ അതിന്റെ വിവിധ കാലഘട്ടങ്ങളിലുള്ള സ്വാഭാവിക മാറ്റവും പഠനവിധേയമാകുന്നുണ്ട്. ഇവ തമ്മിലുള്ള ബന്ധവും ആ ആവാസവ്യവസ്ഥയും അതിനോട് ചേർന്ന് കിടക്കുന്ന മനുഷ്യജീവിതങ്ങളുമായി എത്രത്തോളം സങ്കീർണ്ണമായി ബന്ധപ്പെട്ടു പരസ്പരം ഗുണകരമാകുന്നു എന്നും ഈ റിപ്പോർട്ട് പഠിക്കുന്നുണ്ട്. അത് ഈ പശ്ചിമഘട്ടമേഖലകളിൽ രൂപപ്പെട്ട കൊച്ചു ടൗൺഷിപ്പുകളും സാമ്പത്തികമേഖലകളുമടക്കം അതുൾക്കൊള്ളുന്നുണ്ട്.

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ Lote MIDC എന്ന രാസപദാർത്ഥ കമ്പനി അടുത്തുള്ള കോട്ടാവാലാ ഗ്രാമത്തിലേക്കും മാലിന്യം ഒഴുകി വിടുന്ന സംഭവവും അതിനെ ജനങ്ങൾ പ്രതിരോധിച്ച രീതിയും അതിൽ വിവരിക്കുന്നുണ്ട്. ഉദ്യോഗസ്ഥ ലോബി എങ്ങനെയാണു ജനങ്ങളെ വഞ്ചിക്കുന്നതെന്നും, അവിടത്തെ ജനകീയ സമരത്തിലെ പ്രക്ഷോഭകനെ ഒരു കോൺസ്റ്റബിൾ വണ്ടി കയറ്റി കൊന്നതും വിവരിക്കുന്നുണ്ട്. അതിനെത്തുടർന്നാണ് അവിടെ ജനകീയ സമരം അക്രമത്തിലെത്തിയത്. ഖേദ് നഗരത്തിലേക്ക് കുടിവെള്ളം എടുക്കുന്ന ഡാമിലാണ് കമ്പനികൾ അവസാനം മാലിന്യം കലക്കിയത്. (ഖേദ് ഒരു ചെറുനഗരമാണ്.) അതിനെക്കുറിച്ച് റിപ്പോർട്ട് വിശദീകരിക്കുന്നു.

എന്തിനേറെ പറയുന്നു, മാലിന്യം വന്നടിഞ്ഞു ദാബോൽ കടലിടുക്കിലെ മത്സ്യസമ്പത്തു വരെ ഇല്ലാതായി. പശ്ചിമഘട്ട മേഖലയിലെ പ്രശനങ്ങൾ അതി സങ്കീർണ്ണമായി ഇങ്ങേ അറ്റത്തുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നതാണ് പറഞ്ഞു വരുന്നത്.

അതും പോരെങ്കിൽ പൗരബോധമുള്ള സിന്ധു ദുർഗ്ഗിലെ ഗ്രാമീണരെക്കുറിച്ച് റിപ്പോർട്ടിൽ വിവരിക്കുന്നതാകാം. കർണാടകയിലെ സിന്ധു ദുർഗ് ജില്ലയിലെ 25 ഗ്രാമങ്ങൾ പരിസ്ഥിതി ലോലപ്രദേശങ്ങളാക്കണമെന്നു പ്രമേയം പാസ്സാക്കിയവരാണ്. ഈ പ്രമേയത്തിന് ഉറച്ച ജനപിന്തുണയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഖനനഭീഷണിയിൽ നിന്നും രക്ഷപ്പെടണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ടെങ്കിലും പരിസ്ഥിതി ലോലപ്രദേശമാക്കിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിച്ചമർത്തൽ നേരിടേണ്ടി വരുമോ എന്നുള്ള ഭയവും അവർക്കുണ്ടായിരുന്നു.

ഏറ്റവും ദാരുണമായി റിപ്പോർട്ടിൽ വിവരിക്കപ്പെട്ടതായിത്തോന്നിയതു ബി.ടി.ആർ. മലയിലെ സോളിഗ ആദിവാസികളെക്കുറിച്ചും അവരെ പീഡിപ്പിക്കുന്ന വനംവകുപ്പിന്റെ അടിച്ചമർത്തലുമാണ്. വന്യമൃഗ സങ്കേതമാക്കി മാറ്റിയപ്പോൾ ആ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ഉടമകളായിരുന്ന അവരെ നായാട്ടു നടത്താനോ കൃഷി ചെയ്യാനോ അധികൃതർ അനുവദിച്ചില്ല. എന്തിനേറെ പറയുന്നു സുസ്ഥിരമാണെന്നു ബോധ്യപ്പെട്ട വനവിഭവങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്ന അവരുടെ ജീവിത രീതി പോലും വനംവകുപ്പ് നിരോധിച്ചു. അവരുടെ വരുമാനവും ജീവിതക്രമവുമാണ് ഉദ്യോഗസ്ഥർ തെറ്റിച്ചത് എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

അത്തരത്തിൽ കേവലമായ ഭൗതിക ശാസ്ത്രത്തിന്റെ കണക്കുകളിലൂടെയും കൃത്യതയിലൂടെയും അതിന്റെ പ്രയോഗികതയിലൂടെയും മാത്രമല്ല ഈ റിപ്പോർട്ട് അടിസ്ഥാനമായിരിക്കുന്നത്. ഏറ്റവും അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരിന്റെയും വിങ്ങലുകളുടെയും അവരെക്കുറിച്ചുള്ള സാമൂഹിക നീതിബോധത്തിന്റെയും ജനാധിപത്യബോധത്തിന്റെയും കൂടി കണക്കുകളിലും കൂടിയാണ്. അവരുടെ നാളേക്ക് വേണ്ടിയുള്ള ശുഭപ്രതീക്ഷകളിലൂടെ കൂടിയാണ്.

അതിന്റെ ഏറ്റവും പ്രധാനഘടകം ഈ പശ്ചിമഘട്ട മേഖലകളിലെ വിഭവസമൃദ്ധിയെ സംരക്ഷിച്ചുകൊണ്ട് ഈ മേഖലകളിൽ നടത്താനുദ്ദേശിക്കുന്ന സുസ്ഥിര പങ്കാളിത്ത വികസനപ്രക്രിയയാണ്. അത് പശ്ചിമഘട്ടത്തിലെ പ്രത്യേക മേഖലകളിൽ വനാവകാശവും പെസയും (PESA -(Extension of Panchayath Raj To The Scheduled Areas Act)  നടപ്പാക്കാൻ നിഷ്കർഷിക്കുന്നുണ്ട്. ആദിവാസികളുടെ കയ്യിൽ നിന്നും തട്ടിയെടുത്തുകൊണ്ട് പോയ ഭൂമി തിരികെ പിടിച്ചു കൊടുക്കാൻ 1950 ലെ ദേബർ കമ്മീഷൻ നിഷ്കർഷിച്ചിട്ടും നടത്താൻ കഴിയില്ലെന്ന് വാശി പിടിച്ചവരാണ് ഇടതുപക്ഷം. പകരം തട്ടിയെടുത്ത ഭൂമിക്ക് പരിരക്ഷ നലകിയവരാണിവർ. ദേബർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാതിരിക്കാൻ ഐകകണ്ഡ്യേന നില നിന്നവരാണ് ഇടതു വലതു കക്ഷികൾ. ചുക്കാൻ പിടിച്ചത് സഭയും. ഈ ആളുകളോടാണ്  വനവകാശം നടപ്പാക്കണമെന്നു ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെന്നു പറയുന്നത്.

1975 ഏപ്രിൽ 25 നു കേരള നിയമസഭാ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു കൊടുക്കാനുള്ള നിയമം ഐകകണ്ഡ്യേന പാസ്സാക്കിയിരുന്നു. അതേ വർഷം തന്നെ നവംബർ 11 നു ബില്ലിന് പ്രസിഡന്റ് ഫക്രുദീൻ അലി അഹ്‌മ്മദിന്റെ അനുമതി കിട്ടുകയും നിയമം ഭരണഘടനയുടെ ഒമ്പതാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1988 ആയിട്ടും നിയമം നടപ്പാകാത്തതിനെതുടർന്ന് വയനാട്ടിലെ, നല്ലതമ്പിദുരൈ എന്ന ഒരു ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷം 1993 ഒക്ടോബർ 15 ന് ഒരുമാസത്തിനുള്ളിൽ നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ഓരോ ആറുമാസം കൂടുമ്പോഴും അവധി ചോദിച്ചുകൊണ്ടിരിക്കുകയും കോടതി അവധി നല്കിക്കൊണ്ടിരിക്കുകയും ചെയ്തു.

1996 ആഗസ്ത് 9 നു സർക്കാർ തികച്ചും ആദിവാസി വിരുദ്ധമായി 1975 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാനുള്ള നിയമം നടപ്പാക്കാൻ കുടിയേറ്റക്കാർ അനുവദിക്കുന്നില്ലെന്നു കാണിച്ചു കോടതിയെ സമീപിച്ചു. ആ മാസം 14 നു കോടതി, ഈ സർക്കാർ വാദം തള്ളി. തുടർന്ന് ഏറ്റവും ആദിവാസി വിരുദ്ധമായി 1996 സെപ്റ്റംബർ 23 നു ഗൗരിയമ്മ ഒഴിച്ചുള്ള ഇടതുപക്ഷ വലതുപക്ഷ എം.എൽ.എ മാർ എല്ലാവരും ചേർന്ന് 1975 ലെ നിയമത്തിന്റെ ഭേദഗതി പാസ്സാക്കി. അങ്ങനെയാണ് ആദിവാസികളിൽ നിന്ന് ഈ കുടിയേറ്റക്കാർ തട്ടിയെടുത്ത ഭൂമിക്ക് സർക്കാർ പരിരക്ഷ നൽകിയത്.

ഇതാണ് ഇവരുടെ ആദിവാസി വിരുദ്ധതയുടെ ചരിത്രം എന്നാലും ആദിവാസികളല്ലാത്ത സാധാരണ കുടിയേറ്റ ജനങ്ങളിൽ നിന്ന് ഈ സഭയും രാഷ്ടീയ പാർട്ടികളും റിപ്പോർട്ടിന്റെ നവ ജനാധിപത്യ സങ്കല്പങ്ങൾ മറച്ചുവയ്ക്കുന്നതാണ് കൂടുതൽ രൂക്ഷമായ പ്രശ്നം. ഈ മലയോര മേഖലകളിൽ ആദിവാസികൾക്കും സാധാരണ ജനങ്ങൾക്കും അധികാരത്തിലും വികസന പ്രക്രിയയിലും പങ്കാളിത്തം ലഭിക്കുന്നത് സഭയക്കും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും ദഹിക്കുന്നില്ല എന്നതാണ് സത്യം.

ഈ പശ്ചിമഘട്ട മേഖലകളിലെല്ലാം തന്നെ 1992 ലെ 73, 74 ഭരണഘടന ഭേദഗതി നിയമങ്ങൾ അനുസരിച്ച് ജില്ലാ ആസൂത്രണ സമിതികളും (DPC) മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളും (MPC) എന്ന ആശയത്തിന് രൂപം നൽകണമെന്ന് പറയുന്നു. ഇത് ലക്ഷ്യമാക്കുന്നത് താഴെ തലം മുതൽ മുകളിലേക്കുള്ള പങ്കാളിത്ത വികസനമാണ്. ഇവയുടെ ബന്ധപ്പെട്ട പരിധി ബന്ധപ്പെട്ട ജില്ലയാണ്. ഭരണഘടന ഭേദഗതിപ്രകാരം മെട്രോപൊളിറ്റൻ ആസൂത്രണ സമിതികളിൽ (MPC) കുറഞ്ഞത് മൂന്നിൽ രണ്ടും, ജില്ല ആസൂത്രണ സമിതികളിൽ (DPC) നാലിൽ മൂന്നും അംഗങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം, അതിൽ തന്നെ മൂന്നിലൊന്നു സ്ത്രീകളായിരിക്കണം. പരിമിതമായ ഭൂമി, വിവിധ വകുപ്പുകളുടെ പദ്ധതിക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായി ഇവ അവരുടെ അധികാര പരിധിക്കുള്ളിലുള്ള പദ്ധതികൾ നിർദിഷ്ട ഫോർമാറ്റിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണം.

ജനങ്ങൾക്ക് പശ്ചിമഘട്ടമേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ സാധ്യമാകുന്ന ഒരു നവജനാധിപത്യ സങ്കല്പമാണ് സത്യത്തിൽ ഈ റിപ്പോർട്ട് ഉയർത്തുന്നത്. പൊതുജങ്ങൾക്കിടയിൽ ഇത് ചർച്ചയാകാൻ സഭയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അനുവദിക്കാത്തത് പശ്ചിമഘട്ട മേഖലയിൽ ഇടതുപക്ഷത്തിനടക്കം പ്രത്യേക താല്പര്യം ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് റിപ്പോർട്ട് ഒരിക്കലും നടപ്പാക്കാൻ ഇടയില്ലെങ്കിലും അത് ചർച്ചക്ക് വെക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ആയിരക്കണക്കിന് കോപ്പികൾ പുറത്ത് പോകാത്ത രീതിയിൽ പ്രസ്സുകളിൽ പിടിച്ചുവെച്ചു എന്നാണ് അറിയുന്നത്. തങ്ങളുടെ ഏരിയയിൽ ഒരു പാറമടയോ, അല്ലെങ്കിൽ മലിനീകരണം നടത്തുന്നൊരു കമ്പനിയോ വരാൻ അധികാരമുള്ള ആദിവാസികളും സാധാരണക്കാരും അനുവദിക്കില്ല എന്ന ബോധ്യമാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. സഭയ്ക്കും മുഖ്യധാരാ പാർട്ടികൾക്കും ഇതിൻ്റെ പങ്കു പറ്റാൻ കഴിയില്ല എന്നതാണ് പ്രശ്നം.

തുടരും…

(ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ സാമൂഹ്യശാസ്ത്ര സങ്കീർണ്ണതകൾ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളോടൊപ്പം വിശകലനം ചെയ്യുന്നു അടുത്ത ആഴ്ച…)

അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുന്നു.

One thought on “ഗാഡ്‌ഗിൽ റിപ്പോർട്ട് സാമൂഹ്യ ശാസ്ത്രപരമായ ഒരു ജനാധിപത്യരേഖയാണ് – ഭാഗം 1”

Leave a Reply

Your email address will not be published. Required fields are marked *