ന്യൂഡല്‍ഹി:
ബാബ്റി മസ്ജിദ് കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയ്ക്ക് വധഭീഷണി. ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വിചാരണ നടത്തുന്ന ഉത്തർപ്രദേശ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിനാണ് വധഭീഷണി. ജഡ്ജി, പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ നല്കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കത്ത്, അപേക്ഷയായി പരിഗണിച്ച ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം തന്നെ വധഭീഷണി കേസുമായി ബന്ധപ്പെട്ട്, മറുപടി നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനു നല്കിയ ചുമതലയുടെ ഗൗരവം പരിഗണിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് നരിമാന്, സൂര്യകാന്ത് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്.
നിലവിൽ, മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി മുതലായവർക്കെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചന ഉൾപ്പെടെ മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നടത്തി വരുകയായിരുന്നു, ലക്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി.