Sun. Dec 22nd, 2024
#ദിനസരികള്‍ 857

ഒരല്പം അസഹിഷ്ണുതയോടും അതിലേറെ നിരാശയോടും മാധവ് ഗാഡ്‌ഗിൽ, കെ. ഹരിനാരായണനുമായി സംസാരിക്കുന്നത് കൌതുക പൂര്‍വ്വമാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയേയും മതനേതാക്കന്മാരുടെ സ്വാധീനശേഷിയേയുമൊക്കെ തുറന്നുതന്നെ ഈ അഭിമുഖത്തില്‍ ഗാഡ്‌ഗിൽ വിമര്‍ശിക്കുന്നുണ്ട്. തന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ലാത്ത നിരവധി കാര്യങ്ങളുന്നയിച്ചുകൊണ്ട് ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിര്‍‌ദ്ദേശങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ എതിര്‍‍ക്കേണ്ടത് ഇവിടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റേയും കടമയാണെന്നുമുള്ള എതിര്‍ വാദങ്ങളാണ് ജനങ്ങളുടെ മുന്നിലേക്കെത്തിയത്. ആയതിനാല്‍ ഗാഡ്‌ഗിൽ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ വളരെ സംശയത്തോടെയാണ് പൊതുജനം സമീപിച്ചത്. ഇന്നിപ്പോള്‍ രണ്ടു പ്രളയങ്ങളെ അഭിമുഖീകരിച്ച കേരളം വീണ്ടും ഗാഡ്‌ഗിൽ – കസ്തൂരിരംഗന്‍ കമ്മറ്റികളുടെ റിപ്പോര്‍ട്ടുകളെ ചര്‍ച്ച‌ക്കെടുക്കുന്നു. ആ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് “ഞാന്‍ എവിടെയാണ് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ പറഞ്ഞിട്ടുള്ളത്? കര്‍ഷകരെ കുടിയിറക്കുമെന്ന് പറഞ്ഞിട്ടുള്ളത്? റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും കാണിക്കാമോ? അങ്ങനെ എവിടെയെങ്കിലുമുണ്ടെങ്കില്‍ പിന്‍വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഇത് സ്ഥാപിത താല്പര്യക്കാരുടെ നുണപ്രചാരണമാണ്,” എന്ന് മാധവ് ഗാഡ്‌ഗിൽ വെല്ലുവിളിക്കുന്നു.

സത്യത്തില്‍ തങ്ങള്‍ക്ക് വലിയ തോതില്‍ പിടിയില്ലാതിരുന്ന ഒരു വിഷയം ചില സ്ഥാപിത താല്പര്യക്കാര്‍ ഊതിപ്പെരുപ്പിച്ച് വലിയ കോലാഹലമുണ്ടാക്കിയതാണെന്നും അവര്‍ തന്നെയാണ് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും ഗാഡ്‌ഗിൽ സൂചിപ്പിക്കുന്നുണ്ട് -“ഭരണ വര്‍ഗ്ഗം ചൂഷകര്‍‌ക്കൊപ്പമാണ്. രാഷ്ട്രീയക്കാര്‍ക്ക് പല താല്പര്യങ്ങളുമുണ്ട്. അതില്‍ ഭൂരിഭാഗവും സമ്പന്നരുടെ താല്പര്യമാണ്. നിങ്ങള്‍ക്കറിയാമോ 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി, ഗാഡ്‌ഗിൽ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിച്ചവരാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്നതിനു ശേഷം അവര്‍ നിലപാട് മാറ്റി. കേരളത്തിലെ മതമേലധ്യക്ഷന്മാരാണ് പശ്ചിമ ഘട്ട സംരക്ഷണത്തിന് ഏറ്റവും എതിരു നിന്നത്. ഗാഡ്‌ഗിൽ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതിന് അവര്‍ ഒരു എം.പിയുടെ ശവഘോഷയാത്ര വരെ നടത്തി.” ഗാഡ്‌ഗിൽ ചൂണ്ടിക്കാണിക്കുന്ന മതമേലധ്യക്ഷന്മാരാണ് ഒരു പക്ഷേ ഈ റിപ്പോര്‍ട്ടിന്റെ ഭാവി, രാഷ്ട്രീയക്കാരെക്കാള്‍ സമര്‍ത്ഥമായി നിശ്ചയിച്ചതെന്ന് സമ്മതിക്കേണ്ടിവരും. അവര്‍ ജനങ്ങളുടെ മനസ്സില്‍ പടുത്തുയര്‍ത്തിയ വേവലാതികളെ ഏറ്റെടുക്കേണ്ട ഗതികേടിലായിപ്പോയി ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍. ഒരു ജനത ഒന്നടങ്കം എതിരു നില്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും റിപ്പോര്‍ട്ടിന് അനുകൂലമായി വാദിക്കാനുള്ള ചങ്കുറപ്പ് കാണിക്കുകയില്ലെന്ന് നമുക്കറിയാം. ഈ സാഹചര്യമാണ് പുരോഹിതന്മാര്‍ സൃഷ്ടിച്ചെടുത്തത്.

ഇത് വളരെ അപകടം പിടിച്ച ഒരു സാഹചര്യമാണെന്ന് പറയാതിരിക്കുവാന്‍ വയ്യ. ജനതയുടെ ഭാവിയ്ക്കു വേണ്ടി സര്‍‌ഗ്ഗാത്മകമായി അവരെ നയിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കളമൊഴിഞ്ഞു നില്ക്കുകയും മതാധികാരികള്‍ ജനങ്ങളെ മുന്നില്‍ നിറുത്തി കെട്ട നാടകമാടുകയും ചെയ്യുന്നത് ഈ നാട്ടില്‍ നിലനില്ക്കുന്ന ഭരണ – രാഷ്ട്രീയ വ്യവസ്ഥയ്ക്ക് ഭൂഷണമല്ലതന്നെ. ഇടയലേഖനങ്ങളിലൂടേയും മറ്റു തരത്തിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോക്കുറിച്ച് അസാമാന്യമായ ഭീതി പരത്താന്‍ അവര്‍ക്കു കഴിഞ്ഞു. തങ്ങള്‍ കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ സ്വത്തു വകകള്‍ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നാല്‍ പാവപ്പെട്ട കര്‍ഷകരും മറ്റുള്ളവരും പിന്നെന്താണ് ചെയ്യുക? അവര്‍ സര്‍വ്വശക്തിയുമെടുത്ത് നിരത്തിലിറങ്ങി. വ്യാപകമായ അക്രമങ്ങള്‍ നടന്നു. അതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇരുളിലേക്ക് നീക്കിവെയ്ക്കപ്പെട്ടു.

ഗാഡ്‌ഗിൽ കമ്മറ്റി അംഗമായ വി.എസ്. വിജയനോട് ഇടുക്കി രൂപതാ മെത്രാന്റെ ഇടയ ലേഖനത്തില്‍ പ്ലാസ്റ്റിക്ക് വസ്തുക്കളെ പൂര്‍ണമായും നിരോധിക്കും, പ്ലാസ്റ്റിക്ക് കൂടുകള്‍ മാത്രമല്ലെന്ന് ഓര്‍ക്കുക എന്നെഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി നോക്കുക :- “ഇതെഴുതിയ ആള്‍ ഈ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ടില്ല. അല്ലെങ്കില്‍ അവര്‍ക്ക് പ്ലാസ്റ്റിക് ഉത്പാദകരുമായി ബന്ധമുണ്ട്. ഞാനത് കൃത്യമായി വെല്ലുവിളിക്കുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ എന്നു മാത്രമേ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍ അതുമാത്രമല്ലെന്ന് എടുത്തു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? ഇതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ട്.” റിപ്പോര്‍ട്ടിനെക്കുറിച്ച് ശരിയല്ലാത്ത ഒരുപാടു കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടുവെന്ന് ഈ മറുപടി സൂചിപ്പിക്കുന്നു. അതായത് വസ്തുതകള്‍ക്ക് വിരുദ്ധമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടന്നുവെന്നു തന്നെയാണ് ഡോക്ടര്‍ വിജയനും ഗാഡ്‌ഗിലും പറയുന്നത്.

ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് –ഒരു നഖചിത്രം

To enhance the livelihood of poor without affecting natural resource എന്ന ലക്ഷ്യത്തെ സാധൂകരിക്കാനുള്ള നിര്‍‌ദ്ദേശങ്ങളാണ് ഗാഡ്‌ഗിൽ മുന്നോട്ടു വെച്ചത്. ഈ ലക്ഷ്യത്തെ വേണ്ട വിധം മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ ഇടുക്കി ബിഷപ്പിനെപ്പോലെ ഗാഡ്‌ഗിലിന് എന്തൊക്കെയാണോ എതിരാകാന്‍ സാധ്യതയുള്ളത് അതെല്ലാം ഉപയോഗിക്കുക എന്നൊരു അജണ്ട സൃഷ്ടിക്കപ്പെട്ടു. ഒരു തമാശ പറയട്ടെ. ഗാഡ്‌ഗിലിന് ജൈവവൈവിധ്യ മേഖലയിലാണ് വൈദഗ്ദ്ധ്യം കൂടുതലെന്നും അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം പോരായെന്നും ആവശ്യത്തിന് അക്കാദമിക യോഗ്യതയില്ലെന്നും വാദിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ അവരെല്ലാം തന്നെ കസ്തൂരിരംഗന്റെ റിപ്പോര്‍ട്ടിനെ ആധികാരികമായി കരുതി സ്വാഗതം ചെയ്യുന്നുവെന്നതാണ് രസകരം.

പശ്ചിമഘട്ടത്തെ പ്രധാന മേഖലയായി കണ്ടുകൊണ്ട് പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെയാണ് ഗാഡ്‌ഗിൽ കമ്മറ്റി പഠനത്തിനെടുത്തത്. പരിസ്ഥിതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി ഗാഡ്‌ഗിൽ തിരിക്കുന്നു. സംവേദക ഇടങ്ങളായി ഇങ്ങനെ തിരിച്ചുകൊണ്ട് അവിടങ്ങളില്‍ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകളാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നമുക്ക് നടത്താന്‍ കഴിയുകയെന്ന് വ്യക്തമാക്കുന്നു. കസ്തൂരിരംഗനാകട്ടെ ഇത്രത്തോളം പാരിസ്ഥിതിക പ്രാധാന്യം ഈ തരംതിരിക്കലിന് നല്കിയില്ല. അദ്ദേഹം കള്‍ച്ചറല്‍, നാച്ചുറല്‍ എന്നിങ്ങനെ രണ്ടു സോണുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. അത് തികച്ചും അശാസ്ത്രീയമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഇങ്ങനെ തരംതിരിച്ച മേഖലകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ടത് അതാത് പ്രദേശങ്ങള്‍ അതിര്‍ത്തികളായി വരുന്ന ഗ്രാമസഭകളാണ്. അത്തരം ഗ്രാമസഭകള്‍ ഭൂമി തരംതിരിച്ചിരിക്കുന്നതിനനുസരിച്ച് ഗാഡ്‌ഗിൽ നല്കിയിരിക്കുന്ന ശുപാര്‍ശകളെ പിന്‍പറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് വേണ്ടത്. ഇവിടെ നിന്നാണ് ഗാഡ്‌ഗിൽ ശുപാര്‍ശകളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കലുകളും വിവാദങ്ങളും തുടങ്ങുന്നതും. ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടുകയും സോണ്‍ ഒന്നില്‍ പെടുന്ന മേഖലകള്‍ ഒരു കാരണവശാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതികാഘാതങ്ങള്‍ പഠിക്കുകയും വനാവകാശ നിയമം കര്‍ശനമാക്കുകയും ബത്തകള്‍ നല്കിക്കൊണ്ട് രാസവള കൃഷി അവസാനിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും, ഏകവിളകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പ്രകൃതി സൌഹാര്‍ദ്ദപരമായ നിര്‍‌ദ്ദേശങ്ങളാണ് ഗാഡ്‌ഗിൽ മുന്നോട്ടു വെയ്ക്കുന്നത്. ഇവയില്‍ പലതും ഇന്നു നടപ്പിലാക്കേണ്ടവയും ഇന്നു നിലനില്ക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ തന്നെ തടയാവുന്നതുമാണെന്നിരിക്കേയാണ് വിവാദങ്ങള്‍ അനാവശ്യമായ സൃഷ്ടിക്കപ്പെടുന്നത്.

കെട്ടിടങ്ങള്‍ക്ക് ഹരിത കോഡുകളുണ്ടാകണം എന്ന നിര്‍‌ദ്ദേശം നീതി പൂര്‍വ്വകമല്ലെന്നു വാദിക്കുന്നവരുണ്ട്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെടാത്ത മേഖലകളിലെ ജനത ചെയ്യുന്ന “പാപ”ങ്ങളുടെ കൂടി ഇവിടുത്തെ ജനതയെക്കൊണ്ട് ചുമപ്പിക്കുകയാണ് എന്നാണ് അത്തരത്തില്‍ വാദിക്കുന്നവര്‍ പ്രഖ്യാപിക്കുന്നത്. അതത്ര ശരിയാണെന്ന വാദമെനിക്കില്ല. കാരണം മനുഷ്യന്‍, അധിവസിക്കുന്ന ഭൂമിയുടെ തരവും ഗുണവും അനുസരിച്ച് അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യാസമുണ്ട്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍ അതിന്റെ പ്രാധാന്യവും പരിമിതിയും മനസ്സിലാക്കുക തന്നെ വേണം. പശ്ചിമ ഘട്ടത്തില്‍ പെടുന്ന 142 താലൂക്കുകളിലെ 134 പ്രദേശങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.അത്തരം പ്രദേശങ്ങളിലെ ഇടപെടലുകളില്‍ കരുതല്‍ വേണമെന്നു തന്നെയാണ് നാളെയും ഇവിടെ മനുഷ്യന്‍ അധിവസിക്കുന്ന ഇടമായി തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ചിന്തിക്കുക.

ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് പ്രളയത്തിനോ, മറ്റു പ്രകൃതി ക്ഷോഭങ്ങള്‍‌ക്കോ ഉള്ള ഒറ്റമൂലിയാണെന്ന് ധരിക്കുന്നതില്‍ അപാകതയുണ്ട്. പെട്ടെന്ന് അസുഖം ഭേദമാക്കുന്ന ഒരു ചികിത്സാരീതിയല്ല അത്. മറിച്ച് അനുവര്‍ത്തിച്ചാല്‍ ദീര്‍ഘകാലമായി നാം മണ്ണിനോടു ചെയ്ത കൊള്ളരുതായ്മകളില്‍ നിന്ന് ഒട്ടൊക്കെ മോചനം നേടിത്തരാനുതകുന്ന ഒരു സാധാരണ ഔഷധി മാത്രമാണ് അത്. അതായത് ഗാഡ്‌ഗിൽ ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണെന്ന് സാരം. ഘടനാപരമായി മണ്ണിന് നഷ്ടപ്പെട്ട ശേഷികളെ തിരിച്ചു പിടിക്കാനുതകുന്ന ഒരു പരിശ്രമത്തിന്റെ പേരുമാത്രമാണ് ഗാഡ്‌ഗിൽ എന്ന ബോധ്യം നമുക്കുണ്ടാകുക തന്നെ വേണം. എന്നിരുന്നാല്‍‌പ്പോലും നിരവധി ആശങ്കകള്‍ പൊതുസമൂഹത്തിലുണ്ടാക്കിയ ഈ റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പിലാക്കണമെന്ന ശാഠ്യത്തിന് പ്രസക്തിയില്ല. വളരെ നല്ല രീതിയില്‍ തുറന്ന മനസ്സോടെ ആവശ്യത്തിന് സമയമെടുത്ത് ആശങ്കകളെ അകറ്റിയതിനു ശേഷമേ നടപ്പിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുള്ളു.

ഇടതുപക്ഷത്തിനെന്തു ചെയ്യാനുണ്ട്?

ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും പ്രധാനവും പ്രഥമവുമായ കാര്യം പ്രത്യയശാസ്ത്രപരമായി പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരിക്കുക എന്നതാണ്. സൈദ്ധാന്തിക ശാഠ്യങ്ങളെ അകറ്റി നിറുത്തിക്കൊണ്ടുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഇടതുപക്ഷം മുന്‍ കൈയ്യെടുക്കണം. കാരണം ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായം ഏവരും സാകൂതം പ്രതീക്ഷിക്കുന്നതുതന്നെയാണ്. ആ നിലപാടിന് ആധികാരികതയുണ്ടെന്ന് ജനം കരുതുന്നു. അതുകൊണ്ട് വളരെ ഉത്തരവാദിത്ത ബോധത്തോടെ വേണം ചര്‍ച്ചയില്‍ പങ്കെടുക്കുക. പ്രകൃതിയുടെ പേരില്‍ ആത്മീയതയിലേക്ക് വീണു പോകാതെയും എന്നാല്‍ യാന്ത്രികമായ പിടിവാശികള്‍ക്ക് കീഴ്‌പ്പെടാതെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ പരിശോധിക്കേണ്ടതുണ്ട്. “പ്രകൃതിയുടെ മേലുള്ള അമിതമായ കടന്നു കയറ്റത്തെ അതിനിശിതമായി വിമര്‍ശിച്ചത് ഏംഗല്‍സായിരുന്നു. ആള്‍ക്കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക് എന്ന വിഖ്യാതമായ കൃതിയില്‍ അമിതമായ ചൂഷണത്തിന് വിധേയമായാല്‍ പ്രകൃതി തിരിച്ചടിക്കുമെന്ന് ഏംഗല്‍സ് ചൂണ്ടിക്കാണിച്ചു. അമിതമായ വനനശീകരണം മരുഭൂവല്‍ക്കരണത്തിലേക്ക് നയിക്കുന്നതും മേച്ചില്‍ സ്ഥലങ്ങള്‍ ഇല്ലാതാകുമ്പോള്‍ കന്നുകാലികള്‍ ചത്തൊടുങ്ങുകയും അതുവഴി ഒരു പ്രദേശത്തെ ഭക്ഷ്യശൃംഖല തകരുകയും ചെയ്യുന്നതും ഉദാഹരണങ്ങളാണ്. പരിണാമസിദ്ധാന്തത്തിന്റെ ഫലമായി ഉയര്‍ന്നു വന്ന ഏറ്റവും അര്‍ഹരുടെ നിലനില്പ്പ് (Survival of the fittest) എന്ന വാദത്തേയും ഏംഗല്‍സ് വിമര്‍ശിച്ചു.” എന്ന് പ്രകൃതിയും മനുഷ്യനും എന്ന പുസ്തകത്തില്‍ കെ.എന്‍. ഗണേഷ് ചൂണ്ടിക്കാണിക്കുന്നു.

ക്രിസ് വില്യംസ് എഴുതിയ ഇകോളജി ആന്റ് സോഷ്യലിസം എന്ന പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം – “മുതലാളിത്തം എങ്ങനെയാണ് തൊഴിലാളിയേയും മണ്ണിനേയും കൊള്ളയടിക്കുന്നതെന്ന് മാര്‍ക്സ് ചര്‍ച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ അവ തുല്യമായി എല്ലാ സമ്പത്തിന്റേയും പ്രഥമ സ്രോതസ്സാണ്. എന്നാല്‍ മാര്‍ക്സും ഏംഗല്‍സും മുതലാളിത്തത്തെ എങ്ങനെ മറിച്ചിട്ട് അതിന്റെ സ്ഥാനത്ത് തൊഴിലാളികളുടെ ജനാധിപത്യം പകരംവെയ്ക്കാമെന്നുമുള്ള അപഗ്രഥനത്തിലാണ് അധികവും അധികവും ആലോചന നിമഗ്നരായിരുന്നത്. നമ്മെപ്പോലെ സമാന്തരമായി ആത്യന്തികമായി ഭൌമ പാരിസ്ഥിതികഹത്യയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യം അവര്‍ക്കില്ലായിരുന്നു. പിന്നോട്ടു നീങ്ങി ആഗോള പാരിസ്ഥിതിക ആകാംക്ഷകള്‍ അവരുടെ തോളില്‍ വെച്ചു കെട്ടാന്‍ നമുക്ക് കഴിയാത്തതിന്റെ ഒരു കാരണം അതാണ്.” അങ്ങനെ വരുമ്പോള്‍ അതാതു കാലത്തെ പ്രതിസന്ധികളെ നിര്‍ദ്ധാരണം ചെയ്യുകയെന്നത് അക്കാലത്തെ ബൌദ്ധിക കേന്ദ്രങ്ങളുടെ കര്‍ത്തവ്യമാകുന്നു. അത്തരമൊരു കടമ ഉത്തരവാദിത്ത ബോധത്തോടെ ഏറ്റെടുക്കുകയാണ് ഇടതു പക്ഷം ചെയ്യേണ്ടത്.

ഇടതുപക്ഷം ചിന്തിക്കേണ്ടതെങ്ങനെയെന്ന് ഏംഗല്‍സ് കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അധ്വാനത്തിന്റെ പങ്കില്‍ പ്രഖ്യാപിക്കുന്നുണ്ട്. പരിസ്ഥിതിയും സോഷ്യലിസവും തുടരുന്നു – “മാനവരാശിയും പ്രകൃതിയും തമ്മിലുള്ള ചൂഷണാത്മക ഹ്രസ്വകാല ബന്ധവും അതില്‍ നിന്ന് അനിവാര്യമായും സംഭവിക്കാവുന്ന ദീര്‍ഘകാല പ്രശ്നങ്ങളും സംബന്ധിച്ച വൈരുദ്ധ്യങ്ങളെക്കുറിച്ച് നൂറുകൊല്ലത്തിനു മുമ്പുതന്നെ ഏംഗല്‍സ് സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിക്കു മേല്‍ മനുഷ്യന്‍ നടത്തിയ വിജയത്തെ പ്രതി നമുക്ക് അധികം ആത്മപ്രശംസ ചെയ്യാതിരിക്കാം. ഓരോ വിജയത്തിന്മേലും പ്രകൃതി നമുക്കുമേല്‍ പ്രതികാരം കൊള്ളും. ഓരോ വിജയവും അതിന്റെ ആദ്യപടിയില്‍ നാം പ്രതീക്ഷിച്ച വിജയങ്ങള്‍ കൊണ്ടുവരും. എന്നാല്‍ രണ്ടു മൂന്നും പടിയില്‍ തികച്ചും വ്യത്യസ്തമായ മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ആദ്യത്തേതിനെ ഇല്ലാതാക്കുക പോലും ചെയ്യുന്ന ഫലങ്ങളാകും സംഭവിക്കുക. കൃഷിയിടങ്ങള്‍ കണ്ടെത്താന്‍ കാടുകള്‍ വെട്ടിത്തെളിച്ച ഏഷ്യാമൈനറിലേയും മെസപ്പൊട്ടേമിയയിലും ഗ്രീസിലേയും ജനങ്ങള്‍ കാടിനൊപ്പം ഈര്‍പ്പത്തിന്റെ ശേഖരണ കേന്ദ്രവും സംഭരണിയും ഇല്ലായ്മ ചെയ്യുന്നതിലൂടെ ആ രാജ്യങ്ങളുടെ ഇന്നത്തെ നിസ്സഹായാവസ്ഥയ്ക്ക് അടിസ്ഥാനമിടുകയാണെന്ന് സ്വപ്നം കണ്ടിട്ടുകൂടി ഉണ്ടാവില്ല. ആല്‍പ്സിലെ ഇറ്റലിക്കാര്‍ തെക്കന്‍ ചെരുവുകളിലെ പൈന്‍മരക്കാടുകള്‍ ഉപയോഗിക്കുകയും വടക്കന്‍ ചെരിവിലേത് ശ്രദ്ധയോടെ പരിരക്ഷിക്കുകയും ചെയ്തപ്പോള്‍ ഒരു കൊല്ലത്തിന്റെ ഭൂരിഭാഗത്തിനുമായുള്ള അരുവികളിലെ വെള്ളം മലകള്‍ക്ക് നിഷേധിക്കുകയാണെന്നും മഴക്കാലത്ത് സമതലത്തില്‍ കൂടുതല്‍ കരുത്താര്‍ന്ന കുത്തൊഴുക്ക് സാധ്യമാക്കുകയാണെന്നുമുള്ള സൂചന പോലും ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെ ഓരോ കാല്‍വെപ്പിലും വിദേശീയ ജനതയെ ഭരിക്കുന്ന ജേതാവിനെപ്പോലെയോ പ്രകൃതിക്കു പുറത്തു നില്ക്കുന്ന ഒരാളെപ്പോലെയോ അല്ല നമ്മളെന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്നു. മറിച്ച് മാംസവും രക്തവും തലച്ചോറും ഉള്ള നാം പ്രകൃതിയില്‍ ഉള്‍‌പ്പെട്ടവരെന്നും അതിനു നടുവില്‍ നിലകൊള്ളുന്നവരെന്നും അതിനു മേലുള്ള അധീശത്വം മറ്റു ജീവികളെക്കാള്‍ മെച്ചമായി അതിന്റെ നിയമങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്നതിലാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.”

പ്രകൃതിയെ പരിഗണിക്കാതെ അമിതമായി ഇടപെട്ട് ചൂഷണം ചെയ്യുന്നതിന്റെ കെടുതികള്‍ ആചാര്യന്മാര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവയെ സമഗ്രമായി മനസ്സിലാക്കുകയും വര്‍ത്തമാനകാലത്തിന് ഉതകുന്ന വിധത്തിലുള്ള അഴിച്ചെടുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുകയും ചെയ്തുകൊണ്ട് സമഗ്രമായ ഒരു മാര്‍ക്സിസ്റ്റ് പാരിസ്ഥിതികാവബോധം ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പരുവപ്പെടുത്തിയെടുക്കേണ്ടതുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളുടെ പിന്നാലെയല്ല, ശരി എന്താണെന്ന് അന്വേഷണത്തിനാണ് ഇടതുപക്ഷം മുന്‍‌കൈയ്യെടുക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഇനി എന്താണ് വേണ്ടത്?

ഗാഡ്‌ഗിൽ റിപ്പോര്‍ട്ട്, നാളിതുവരെയുണ്ടാക്കിയെടുത്ത അനുകൂലവും പ്രതികൂലവുമായ എല്ലാ വിധ വാദമുഖങ്ങളേയും മാറ്റി വെച്ചു കൊണ്ട് തികച്ചും സ്വതന്ത്രമായി ചര്‍ച്ച ചെയ്യപ്പെടണം. ഗാഡ്‌ഗിൽ പറഞ്ഞത് എന്തൊക്കെയാണ്, അതിലെന്തൊക്കെയാണ് ഉടനടി നടപ്പിലാക്കേണ്ടത്, ദീര്‍ഘകാലംകൊണ്ട് സാധിക്കേണ്ടതെന്തൊക്കെയാണ് എന്തൊക്കെയാണ് തീരെ നടപ്പിലാക്കാന്‍ കഴിയാത്തത് എന്നു തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പടണം. വിദഗ്ദ്ധരോടൊപ്പം കര്‍ഷകര്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണം. അവരുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടുണ്ടാക്കിയ ആശങ്കകളെ വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും വസ്തുതയെന്താണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. സങ്കുചിതമായ താല്പര്യങ്ങള്‍ പുലര്‍ത്തുന്നവരെ അകറ്റി നിറുത്തിക്കൊണ്ട് അത്തരത്തിലുള്ള ഒരു ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ആകെത്തുകകളെ കണ്ടെത്തുകയും വേണം.
ഒരിക്കല്‍കൂടി പറയട്ടെ, ഗാഡ്‌ഗിൽ നിര്‍‌ദ്ദേശങ്ങള്‍ ലക്ഷ്യമാണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അക്കൂട്ടര്‍ അബദ്ധത്തിലാണ്. അതേ സമയം പ്രകൃതിയുടെ സ്വാഭാവികമായ താളക്രമം വീണ്ടെടുക്കാനുള്ള പലമാര്‍ഗ്ഗങ്ങളില്‍ ഒന്നായിട്ടാണ് അത് പരിഗണിക്കപ്പെടുന്നതെങ്കില്‍ മുക്കാലേ മുണ്ടാണിയും നാം നശിപ്പിച്ചു കഴിഞ്ഞ നമ്മുടെ പ്രകൃതി സമ്പത്തിന് മുതല്‍ക്കൂട്ടാകുക തന്നെ ചെയ്യും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

One thought on “ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് – ചര്‍ച്ച ചെയ്യപ്പെടേണ്ട സാധ്യതകള്‍!”
  1. Role of the left has been disappointing right from the beginning in this issue. Outright rejection of this report for some minor political gains in elections is deplorable. Also, Mr. Gadgil ‘s claims that destruction of western ghats as a cause for recent floods in Kerala has to be viewed with suspicion, since he is largely ignoring the global changes in climate and stressing on Kerala alone. As you have rightly pointed out a consensus has to be reached, ignoring petty political interests. Nicely written.

Leave a Reply

Your email address will not be published. Required fields are marked *