Wed. Jan 22nd, 2025

വെല്ലൂർ :

താഴ്ന്ന ജാതിക്കാരനായതിനാൽ, പറമ്പിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്താണ് സംഭവം. അപകടത്തിൽ മരിച്ച കുപ്പൻ (65) എന്ന വയോധികന്റെ മരണാന്തര ചടങ്ങിനിടെയാണ് ഈ ജാതീയ വിവേചനം. സംഭവ ദൃശ്യങ്ങൾ ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്.


വാണിയമ്പാടി പ്രദേശത്ത് അമ്പതോളം ദലിത് കുടുംബങ്ങളാണുള്ളത്, ഇവരിൽ ആരു മരിച്ചാലും സമാന അവസ്ഥയാണുള്ളതെന്നും ദൃശ്യങ്ങൾ പങ്കുവച്ച നാട്ടുകാരനായ യുവാവ് വെളിപ്പെടുത്തുന്നു. ‘പത്തു വർഷം മുൻപ് ഈ സ്ഥലം സ്വന്തമാക്കിയ ഉന്നത ജാതിക്കാർ ഇവിടം വേലി കെട്ടി തിരിക്കുകയായിരുന്നു. എന്നാൽ, അതിലൂടെ കടന്നുവേണം പുഴക്കരയിലെ പൊതുശ്മശാനത്തിലെത്താൻ. ഞങ്ങൾക്കൊരു റോഡോ ശ്മശാനമോ വേണം’– കുപ്പന്റെ അനന്തരവൻ വിജയ് പറയുന്നു.

വെള്ളാള ഗൗണ്ടർമാരാണു മൃതദേഹം തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. അതേസമയം, ഓഗസ്റ്റ് 17ന് നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ചയോടെയാണു ജനശ്രദ്ധയിലെത്തുന്നത്. ഓഗസ്റ്റ് 16ന് ആണ് അപകടത്തിൽപ്പെട്ടു കുപ്പൻ മരിക്കുന്നത്.

കാലാകാലങ്ങളായി പൊതുശ്മശാനമായി ഉപയോഗിച്ചുവന്ന പ്രദേശം ഉന്നത ജാതിക്കാർ കൈക്കലാക്കുകയും , മൃതദേഹവുമായി വരുന്നവരെ തടയാൻകൂടി അവർ മടികാണിച്ചില്ല. 15 വർഷം മുമ്പ് പാലം ഇല്ലാതിരുന്നപ്പോൾ മൃതദേഹങ്ങൾ വെള്ളത്തിൽ ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. പാലം വന്നപ്പോഴാണ് അതിലൂടെ കയറുകെട്ടിയിറക്കി മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നെന്നും വിജയ് പറഞ്ഞു. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി എസ്ഐ ബി.പ്രിയങ്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *