Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിടാൻ, സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവ്. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരാനാണ് ഉത്തരവിട്ടത്. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന സി.ബി.ഐ. അപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിനായി 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഒരു ദിവസത്തിൽ അരമണിക്കൂറായിരിക്കും അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ സന്ദർശിക്കാൻ കഴിയുക. 48 മണിക്കൂർ ഇടവേളകളിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് തെളിവുണ്ടെന്നും ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ വാദിച്ച സി.ബി.ഐ., അദ്ദേഹം അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. തുടർന്ന്, കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കപിൽ സിബലും അഭിഷേക് മനു സിങ്‌വിയുമാണ് ചിദംബരത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.

അതേസമയം, തനിക്ക് വിദേശ അക്കൗണ്ടില്ലെന്നും , മകന് വിദേശ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയുണ്ടെന്നും പ്രസക്തമായ ഒരു ചോദ്യവും തന്നെ സിബിഐ ഇതുവരെ ചോദിച്ചില്ലെന്നും ചിദംബരം കോടതിയിൽ പറ‌‍ഞ്ഞു. കോടതിയില്‍ തന്‍റെ ഭാഗം പറയാന്‍ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍തിരുന്നു.

ഇതേ കേസിൽ രണ്ടു പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും , കുറ്റപത്രത്തിന്റെ കരട് തയാറായെങ്കിൽ കസ്റ്റഡി എന്തിനാണെന്നും കേസിൽപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല, കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്തത് 3 മണിക്കൂർ മാത്രം, തുടങ്ങി ശക്തമായ വാദങ്ങൾ സിബൽ ഉന്നയിച്ചു. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളിൽ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റിലും തന്നോടു ചോദിച്ചതാണെന്ന് പി. ചിദംബരവും കോടതിയിൽ വാദിച്ചു. സി.ബി.ഐ.യുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *