ന്യൂഡൽഹി:
വിദേശത്തേക്ക് കടന്ന, പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി.) വായ്പത്തട്ടിപ്പു കേസ് പ്രതിയായ, വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് ബ്രിട്ടിഷ് കോടതി നീട്ടി വച്ചു. സെപ്റ്റംബർ 19 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. ദക്ഷിണ പശ്ചിമ ലണ്ടനിലെ വാൻഡ്സ‌്‌വർത് ജയിലിൽ നിന്നും വിഡിയോ സംഭാഷണം മുഖേനയാണ് നീരവ് മോദിയെ കോടതി നടപടികളിൽ പങ്കെടുപ്പിച്ചത്.
വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ജഡ്ജി ടാൻ ഇക്രമാണ് വാദം കേട്ടത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതു സംബന്ധിച്ച വിചാരണ 2020 മേയ് 11ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ വർഷം മാർച്ച് 19നാണ് സ്കോട‍്‍ലൻഡ് യാർഡിൽ വച്ചു മോദിയെ അറസ്റ്റ് ചെയ്തത്. അന്നു മുതൽ മോദി ജയിലിൽ കഴിയുകയാണ്.
അതേസമയം, മുൻപ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിലെ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്ത് മുൻപാകെ ജാമ്യം നേടാൻ ശ്രമിച്ചിരുന്ന നീരവ് മോദിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.