Mon. Dec 23rd, 2024
#ദിനസരികള്‍ 856

 

1989 ലാണ് ആനന്ദ് ആറാമത്തെ വിരല്‍ എന്ന കഥയെഴുതുന്നത്. ഏകദേശം നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന സഹോദരങ്ങളായ ഹുമയൂണിനേയും കമ്രാനേയും കിങ്കരന്‍ അലി ദോസ്തിനേയും അവതരിപ്പിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ദശാസന്ധിയിലിരുന്ന ആനന്ദ് എന്തായിരിക്കും സമര്‍ത്ഥിച്ചെടുക്കുവാന്‍ ശ്രമിക്കുന്നതെന്ന് ചിന്തിക്കുന്നത് കൌതുകം തന്നെയാണ്. ബാബറിന്റെ രണ്ടു മക്കള്‍ അധികാരത്തിനു വേണ്ടി പരസ്പരം പോരാടുകയും കൂടുതല്‍ ശക്തനായ ഹുമയൂണ്‍, കമ്രാന്റെ മുകളില്‍ വിജയം സ്ഥാപിക്കുകയും ചെയ്തു. ശത്രുക്കളോടുള്ള സ്വാഭാവിക നീതി ഗളച്ഛേദമായിരുന്നിട്ടുപോലും തന്റെ സഹോദരനെ വധിക്കാനല്ല മറിച്ച അന്ധനാക്കാനാണ് ഹുമയൂണ്‍, സേവകനായ അലിദോസ്തിനോട് ആജ്ഞാപിച്ചത്. ഇരുകണ്ണുകളിലും സൂചികൊണ്ട് അമ്പതോളം തവണ മാറിമാറി കുത്തി അലി കമ്രാനെ അന്ധനാക്കുന്നു. ഹുമയൂണ്‍ പിന്നീട് കമ്രാനെ ഹജ്ജിനു പോകാന്‍ അനുവദിക്കുകയും ആ കര്‍മ്മത്തിനിടയില്‍ അദ്ദേഹം മൃതിപ്പെടുകയും ചെയ്യുന്നു. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതിനു ശേഷം ഹുമയൂണ്‍ ചരിത്രത്തിലേക്കും അലി ദോസ്ത് എവിടേക്കെന്നില്ലാതെ സഞ്ചരിച്ച് ഏതോ കുഗ്രാമത്തിലേക്കും ചെന്നു കയറി. ഹുമയൂണിനേയും കമ്രാനേയും അലി ദോസ്തിനേയുമെല്ലാം അവരവരുടെ വിധിക്കു വിട്ട് 1989 ലേക്ക് ഞാന്‍ മടങ്ങുക.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. ഇന്ത്യ തൊണ്ണൂറുകള്‍ക്കു മുന്നിലെ ഏറ്റവും മോശം അവസ്ഥകളിലൂടെ കടന്നു പോകുകയായിരുന്നു. ഒരു പക്ഷേ ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കാലത്തെക്കാളും മോശമായിരുന്നു 1984 മുതല്‍ രാജീവ് ഗാന്ധി ഭരിച്ച അഞ്ചു വര്‍ഷങ്ങളെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. മറ്റൊരു പ്രധാനമന്ത്രിയും അതിനു മുമ്പ് കേള്‍‌ക്കേണ്ടി വരാത്ത വിധത്തില്‍ അഴിമതിയുടെ കഥ ബൊഫോഴ്സിലൂടെ രാജ്യത്തെ നടുക്കി. ജബ് തക് സൂരജ് ചാന്ദ് രഹേഗാ, ഇന്ദിരാ തേരാ നാം രഗേഹാ എന്ന പാടി നടന്നിരുന്ന ഒരു കാലത്തു നിന്നും ഗലി ഗലി മേം ശോര്‍ ഹെ, രാജീവ് ഗാന്ധി ചോര്‍ ഹേ എന്ന മുദ്രാവാക്യമുയര്‍ന്നു. അഴിമതിയോടൊപ്പം രാഷ്ട്രീയമായി ഇന്ത്യയെ അപകടപ്പെടുത്തുന്ന ബുദ്ധിശൂന്യമായ തീരുമാനങ്ങളും രാജീവ് ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടായി. മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം നല്കാന്‍ ഭര്‍ത്താവിനെ ബാധ്യതപ്പെടുത്തുന്ന വിധിയിലൂടെ ഷാബാനു ബീഗം കേസ് രാജീവ് ഗാന്ധിയെ അലട്ടി. ഈ വിധി മുസ്ലിം ജനവിഭാഗം കോണ്‍ഗ്രസില്‍ നിന്നും അകലാന്‍ കാരണമാകുമെന്ന് കരുതിയ അദ്ദേഹം വിധിയെ അട്ടിമറിക്കാന്‍ മുസ്ലിം സ്ത്രീ സംരക്ഷണ നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തു വന്നതോടെ ഹിന്ദുക്കളെ പ്രീതിപ്പെടുത്താനും തങ്ങളില്‍ നിന്ന് അകന്നു പോകാതിരിക്കുവാനും അതുവരെ അയോധ്യയില്‍ പൂട്ടിയിട്ടിരുന്ന രാമക്ഷേത്രം തുറന്നു കൊടുത്തു കൊണ്ട് 1986 ല്‍ രാജീവ് അടുത്ത വിഡ്ഢിത്തവും ചെയ്തു. അങ്ങനെ രാജ്യത്തെ ഭാവിയില്‍ തമ്മിലടിപ്പിച്ച് രാജ്യത്തെ കുട്ടിച്ചോറാക്കി മാറ്റുവാനുള്ള എല്ലാത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അസ്തിവാരമിട്ട ഒരു കാലഘട്ടമായി രാജീവ് അധികാരത്തിലിരുന്ന നാളുകള്‍ മാറി.

അഴിമതിയും സാമുദായിക പ്രീണനങ്ങളുമെല്ലാം ചേര്‍ന്ന് അന്തരീക്ഷം കലുഷിതമായി മാറിയ ഒരു കാലഘട്ടത്തിലാണ് അധികാരത്തെക്കുറിച്ചും അത് ബന്ധങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുമൊക്കെ ആലോചിക്കുന്ന ആറാമത്തെ വിരല്‍ എഴുതപ്പെടുന്നത്. അധികാരം മാത്രമാണ് പ്രശ്നമെന്നും അവിടെ ബന്ധങ്ങളോ സ്വന്തങ്ങളോ ഒരു വേലിയായി വന്ന് തടസ്സങ്ങള്‍ തീര്‍ക്കുവാന്‍ അനുവദിക്കപ്പെടരുതെന്നും വിജയിച്ച ഹുമയൂണും പരാജയപ്പെട്ട കമ്രാനും ഒരുപോലെ ആലോചിക്കുന്നുണ്ട്. ഹുമയൂണ്‍ എന്നാലും ബന്ധത്തിന്റെ പേരില്‍ കൊല്ലേണ്ടതില്ല, പക്ഷേ കണ്ണുകുത്തിപ്പൊട്ടിച്ചാല്‍ മതി എന്ന സൌജന്യത്തിന് മുതിരുന്നു. ഒരു സന്ദര്‍ഭം നോക്കുക :-“അധികാരത്തിന്റെ മോഹം നിന്നെ നീ എന്റെ അനുജനാണെന്ന കാര്യം വിസ്മരിപ്പിച്ചു. ഞാനാകട്ടെ എന്നിട്ടും നിന്റെ ജീവന്‍ രക്ഷിച്ചു,” – ഹുമയൂണ്‍ വിലപിച്ചു.

“നിനക്ക് മനസ്സിലാവില്ല ഹുമയൂണ്‍” കമ്രാന്‍ പ്രയോജനമില്ലെന്ന മട്ടില്‍ കൈമലര്‍ത്തി. “നീ നിന്റെ തലതിരിഞ്ഞ വാദങ്ങളാല്‍ രാജനീതിയെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നീ അതില്‍ അച്ഛനേയും മകനേയും ജ്യേഷ്ഠനേയും അനുജനേയും കൊണ്ടുവന്ന് അതിന്റെ പരിശുദ്ധിയെ നശിപ്പിച്ചു. ഇന്നെങ്കിലും നീ അതില്‍ നിന്നും സ്വതന്ത്രനായിരിക്കുമെന്ന് ഞാന്‍ കരുതി.” അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ബന്ധങ്ങളെ കടത്തി ദൃഢതയാര്‍ന്ന രാജനീതികളെ മയപ്പെടുത്തിയെടുക്കുന്നതിനെ രണ്ടു പേരും എതിര്‍ക്കുന്നുണ്ട്. സ്വന്തം അധികാരം നിലനിറുത്തുക എന്ന ലക്ഷ്യത്തിനു മുന്നില്‍ മറ്റെല്ലാം തന്നെ അപ്രസക്തമാകുന്നു.

ഒരു ഭാഗത്ത് അധികാരത്തിന്റെ ഇരുമ്പു ദണ്ഡില്‍ ബന്ധങ്ങള്‍ പിടഞ്ഞു തീരുമ്പോള്‍ മറുഭാഗത്ത് കണ്ണുകുത്തിപ്പൊട്ടിച്ച ഭടന്‍ അലി ദോസ്ത് എന്തിനെന്നില്ലാതെ വേദനപ്പെടുന്നുണ്ട്. തന്റെ ജീവിതത്തില്‍ പല തരത്തിലുള്ള ശിക്ഷണ നടപടികള്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നതെന്ന് അലി ചിന്തിക്കുന്നുണ്ട്. ആ വേവലാതിയിലാകണം അത്തരമൊരു കര്‍മ്മത്തിനു ശേഷം തന്റെ കുതിരപ്പുറത്തു കേറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോകുകയും ഏതോ ഗ്രാമത്തിലെ ഏതോ വൃദ്ധയുടെ കുടിലിനു സമീപം അയാള്‍ ഛർദ്ദിച്ചു പോകുന്നതും. അയാള്‍ ഛര്‍ദ്ദിക്കുന്ന ശബ്ദം കേട്ട് പുറത്തു വന്ന വൃദ്ധ അയാളൊരു ഭടനാണെന്ന് കണ്ട് പ്രതികരിക്കുന്നത് “പാവങ്ങളുടെ ചില്ലിക്കാശ് പിടിച്ചു പറിച്ച് കള്ളുകുടിച്ച് ഇവിടെ വന്ന് വേണോടാ നിനക്കിതൊക്കെ ചൊരിയുക?” എന്നാണ്. അലിയുടെ മറുപടിയില്‍ താനനുഭവിക്കുന്ന ഖേദത്തിന്റെ സമസ്തഭാവങ്ങളും ആവാഹിക്കപ്പെടുന്നുണ്ട്. “ഞാന്‍ കള്ളു കുടിച്ചിട്ടില്ല അമ്മേ വേറെ ആരോ കുടിച്ചിട്ടുണ്ട്. ഞാന്‍ അവര്‍ക്കു വേണ്ടിയാണ് ഛര്‍ദ്ദിക്കുന്നത്” ആര്‍‌ക്കോ വേണ്ടി താന്‍ ഛര്‍ദ്ദിക്കുക എന്ന പ്രയോഗത്തിന്റെ സാംഗത്യമൊന്ന് ആലോചിച്ചു നോക്കുക. അങ്ങനെ പറയുവാന്‍ അലിയെ പ്രേരിപ്പിച്ച ഘടകം സ്വന്തം സഹോദരന്റെ കണ്ണുകുത്തിപ്പൊട്ടിക്കാന്‍ കല്പിച്ച അധികാര കേന്ദ്രങ്ങള്‍ തന്നെയാണ്. സ്വബോധമില്ലാതെ അധികാരമെന്ന ലഹരിക്ക് അടിപ്പെട്ട് അക്കൂട്ടര്‍ കാട്ടിക്കൂട്ടുന്ന തെമാടിത്തരങ്ങള്‍ക്ക് താനാണ് ഛര്‍ദ്ദിച്ചൊഴിവാക്കുന്നതെന്നാണ് അലി പറയുന്നത്.

ഇവിടെയാണ് പൊതുജനം ഒരു വിഷയമായി വന്നു കയറുന്നത്. അധികാരത്തിന് വേണ്ടി എന്തു പാതകവും ചെയ്തുകൂട്ടുന്നതിന്റെ കെടുതികള്‍ ചെന്നു വീഴുന്നത് പ്രജകളെന്ന ഈക്കൂട്ടത്തിന്റെ ശിരസ്സിലേക്കാണ്. അലിദോസ്തുമാരായി മാറി നിന്ന് അനുഭവിക്കുകയെന്നല്ലാതെ വേറെന്താണ് പോംവഴി? ജയവും പരാജയവും മാത്രമുള്ള രാജനീതിയില്‍ പാപമോ പുണ്യമോയില്ലെന്ന ദര്‍ശനത്തിനാണ് ഇവിടെ പ്രസക്തി. പാപവും പുണ്യവും മതാത്മക ഒരു സംവര്‍ഗ്ഗമായിട്ടല്ല ഇവിടെ ഉപയോഗിക്കുന്നത് നീതി എന്ന മൂല്യത്തിന്റെ സാധ്യതകളായിട്ടാണെന്ന് പ്രത്യേകം കരുതുക. ഭരിക്കപ്പെടാനുള്ളവര്‍ മാത്രമാണ് ജനത എന്നു പറയുന്നതിനു വേണ്ടി മാത്രമാണ് ആ പദം ഈ കഥയില്‍ ഉപയോഗിക്കപ്പെടുന്നത്. അത് ഒരു കുടുംബത്തിന്റെ അവകാശമാണെന്ന് വാദിക്കുന്നതോടെ കഥ ഇന്ത്യയുടെ വര്‍ത്തമാനത്തെ തൊട്ടു നില്ക്കാന്‍ തുടങ്ങുന്നു. “ആ രണ്ടു സഹോദരന്മാര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ജനത്തെ ഭരിക്കാനുള്ള അവകാശം കുടുംബത്തിന്റേതാണെന്ന് കരുതുന്ന ഒരാള്‍. ഏറ്റവും കൂടുതല്‍ ശക്തിയുള്ളവന്റേതാണെന്ന് കരുതുന്ന മറ്റൊരാള്‍. കണ്ണാടികളുടെ മാത്രം മുമ്പില്‍ കണ്ണു തുറക്കുന്ന അന്ധരായിരുന്നു അവര്‍.” എന്ന് ആനന്ദ് എഴുതുന്നു.

അടിയന്തിരാവസ്ഥ ആരുടെ താല്പര്യമാണെന്ന് നമുക്കറിയാം. തോക്കു ചൂണ്ടി ഉത്തരവില്‍ ഒപ്പിടുവിച്ചുവെന്ന കഥയൊക്കെ നാം ചര്‍ച്ച ചെയ്തു കഴിഞ്ഞതുമാണ്. ഹുമയൂണും കമ്രാനും ആരെ പ്രതിനിധീകരിക്കുന്നു എന്ന ഒരൊറ്റച്ചോദ്യത്തിലൂടെ ഈ കഥയെക്കുറിച്ചുള്ള ചര്‍ച്ച നമുക്ക് അവസാനിപ്പിക്കാവുന്നതുമാണ്. ആറാമത്തെ വിരല്‍ നമ്മുടെ രാജ്യത്തെ കുടുംബവാഴ്ചയുടെ സവിശേഷമായ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുന്നു. ജനത തിരഞ്ഞെടുക്കുന്നവനാണ് അവരുടെ ഭരണാധികാരി ആകേണ്ടത് എന്ന നിയമത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്നുള്ളവര്‍ എന്നു കഥാകൃത്ത് നിരീക്ഷിക്കുന്നുണ്ട് ഒരു പക്ഷേ അത്തരമൊരു രാഷ്ട്രീയമായ പ്രസ്താവന നടത്തുവാന്‍ വേണ്ടി മാത്രമാണ് ഈ കഥ എഴുതപ്പെട്ടത് എന്നാരെങ്കിലും ശങ്കിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *