Mon. Dec 23rd, 2024

തിരുവനന്തപുരം:

അതിഭീകരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
‘ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍’ എന്ന പേരില്‍ എ.കെ.ജി. പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ പ്രത്യേകാധികാരമുള്ള സംസ്ഥാനം ജമ്മു കശ്മീർ മാത്രമല്ല. ആന്ധ്ര, തെലുങ്കാന, ഗുജറാത്ത് തുടങ്ങി പത്തു സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കപെട്ടിട്ടുണ്ട്. ഇതില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതിനാലാണ് കശ്മീരിനെ മാത്രം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യയിലെ പലസ്തീനായി ജമ്മു കശ്മീരിനെ മാറ്റാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ‘ഒരു രാജ്യം ഒരു ഭരണഘടന’ എന്നത് ബാധകമാക്കിയെന്ന ബി.ജെ.പി.യുടെ പ്രചാരണം വ്യാജമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇത്തരം അധികാരം നല്‍കിയിട്ടുണ്ടെന്ന സത്യം മറച്ചുവെച്ചാണ് ഈ പ്രചാരണം അവർ നടത്തുന്നത്.

ജമ്മു കശ്മീരില്‍ മാത്രമല്ല, ഹിമാചല്‍ പ്രദേശിലടക്കം, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്ഥലം വാങ്ങാന്‍ വിലക്കുണ്ട്. അവിടെയൊക്കെ മാറ്റംവരുത്താന്‍ ബി.ജെ.പി. തയ്യാറായിട്ടില്ല. കശ്മീരില്‍ മറ്റുള്ളവർക്കും ഭൂമി വാങ്ങാന്‍ അവസരം നല്‍കി, ബി.ജെ.പി.ക്കു സ്വാധീനമുറപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്നും യെച്ചൂരി പറഞ്ഞു.

ഒരു സംസ്ഥാനത്തിന്റെ അതിര്‍ത്തിയും ഘടനയും മാറ്റുന്നതിന്, ആ സംസ്ഥാനത്തിന്റെ നിയമസഭയുടെയോ ജനപ്രതിനിധിസഭയുടെയോ അംഗീകാരം വേണം. ഇത്തരം അടിസ്ഥാന നിയമങ്ങൾ പോലും പാലിക്കാതെയുള്ള, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കലും വിഭജനവും ഭരണഘടനാവിരുദ്ധമാണ്. നാളെ മറ്റു സംസ്ഥാനങ്ങൾക്കും ഈ അവസ്ഥ ഉണ്ടായേക്കാം. ഒരു വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു മതരാഷ്ട്രമായി, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ മാറ്റുവാനുള്ള നീക്കങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

എ.കെ.ജി. പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ എ.വിജയരാഘവന്‍ സെമിനാറിന് അധ്യക്ഷത വഹിച്ചു. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ്, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *