കൊച്ചി :
സഭയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതു തടയാന്‍ സഭാ നേതൃത്വം ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണമെന്നും സംശയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഉടന്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഈ വര്‍ഷം തന്നെ ‘ദൈവനാമത്തില്‍’ എന്ന പേരില്‍ ആത്മകഥ പുസ്തകമായി പ്രസിദ്ധീകരിക്കും.
കൊച്ചി ആസ്ഥാനമായ പൈന്‍ ബുക്‌സാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആത്മകഥയുടെ കയ്യെഴുത്തു പ്രതി കൈവശം കിട്ടിയതായി പൈന്‍ ബുക്‌സ് അധികൃതര്‍ വെളിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകനായ മില്‍ട്ടന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് പൈന്‍ ബുക്‌സ്.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തു വരുന്നത് സഭയില്‍ വലിയ പൊട്ടിത്തെറികള്‍ക്കു വഴി വെക്കുമെന്നാണ് സൂചന. സഭയ്ക്കുള്ളിലെ പല രഹസ്യങ്ങളും പുറത്താകുന്നതിനൊപ്പം ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ തുറന്നു കാട്ടപ്പെടുകയും ചെയ്യുമെന്നും പ്രസാധകര്‍ പറയുന്നു.
ആത്മകഥയിലെ ഭൂരിഭാഗം പേജുകളും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തില്‍ കന്യാസ്ത്രീയായി ചേര്‍ന്നതിനു ശേഷം സിസ്റ്റര്‍ ലൂസിക്കുണ്ടായ അനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. സഭയില്‍ വ്യാപകമായി നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും ലൈംഗിക ചൂഷണങ്ങളുടെ കഥകളും ഈ പുസ്തകം വെളിച്ചത്തു കൊണ്ടുവരുമെന്ന് സഭാ നേതൃത്വവും ഭയപ്പെടുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ബ്രാങ്കോ മുളയ്ക്കനെതിരെ നടപടിയാവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. തുടര്‍ന്നുള്ള കാലമത്രയും കഠിനമായ അധിക്ഷേപവും അവഗണനയുമാണ് കത്തോലിക്കാ സഭയിലെ അധികാരികളില്‍ നിന്നും എഫ്.സി.സി സന്യാസ സമൂഹത്തിലെ ഉന്നതരില്‍ നിന്നും സിസ്റ്റര്‍ ലൂസിക്ക് നേരിടേണ്ടി വന്നത്. സമരത്തില്‍ പങ്കെടുത്തതും മാധ്യമങ്ങളോട് സംസാരിച്ചതും ഗുരുതരമായ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഏറെ നാളായി വയനാട്ടിലെ മഠത്തില്‍ നിന്നും തനിക്ക് കടുത്ത അവഗണനയാണ് നേരിടുന്നതെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജോലിയുള്ള സിസ്റ്റര്‍ ശമ്പളം സഭയ്ക്ക് നല്‍കിയില്ല, സഭാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ കാര്‍ വാങ്ങി, അനുവാദമില്ലാതെ കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കാരണം കാണിക്കല്‍ നോട്ടീസുകളും നല്‍കി. നേരിട്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ സഭാധികാരികള്‍ക്ക് മുന്നില്‍ ഹാജരായി സിസ്റ്റര്‍ വിശദീകരണവും നല്‍കി. എന്നിട്ടും അവസാനം വിശദീകരണം തൃപ്തികരമല്ല എന്ന പേരില്‍ സഭയില്‍ നിന്നും പുറത്താക്കിയതായി കത്തും കൊടുത്തയച്ചു. പത്തു ദിവസത്തിനകം മഠം വിട്ടു പോകണമെന്ന് കത്തില്‍ അന്ത്യ ശാസനവും നല്‍കി. പത്താം ദിവസമാകുമ്പോഴേക്കും മകളെ മഠത്തില്‍ നിന്നും കൂട്ടി കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മാതാവിന് കത്തയച്ചു.
ചുരുക്കത്തില്‍ സഭ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സമരം ചെയ്തു എന്നത് വലിയ കാരണമായി ചൂണ്ടിക്കാണിക്കുന്നേയില്ല. സഭയുടെ ഭാഗത്തു നിന്നും ഇത്രയും പരീക്ഷണങ്ങള്‍ നേരിടുമ്പോഴും കാര്യങ്ങള്‍ മനസിലാക്കുന്ന സാധാരണക്കാര്‍ സിസ്റ്റര്‍ ലൂസിക്കൊപ്പമാണ്. ഇതു തന്നെയാണ് തന്റെ ശക്തിയെന്ന് സിസ്റ്റര്‍ നേരത്തേ പറയുകയും ചെയ്തിട്ടുണ്ട്.
അതേസമയം നേരത്തേ മഠത്തില്‍ ശമ്പളം മുഴുവന്‍ നല്‍കിയിട്ടും യാത്രാ ആവശ്യങ്ങള്‍ക്കു പണം ചോദിച്ചാല്‍ പോലും നല്‍കാന്‍ അധികൃതര്‍ക്ക് മടിയായിരുന്നു. യാത്രാബുദ്ധിമുട്ടു കൊണ്ടാണ് ഡ്രൈവിങ് പഠിച്ചതും ശമ്പളം ഉപയോഗിച്ച് കാര്‍ വാങ്ങിയതും എന്നും സിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.
മഠത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നിയമ പോരാട്ടം നടത്തി വരുന്നതിനിടെയാണ് ഏറ്റവും ഒടുവില്‍ മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ. ആയ നോബിള്‍ തോമസ് പാറയ്ക്കല്‍ എന്ന വൈദികന്റെ വകയായി കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണം. മഠത്തിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഫാ. നോബിള്‍ തോമസ് സിസ്റ്റര്‍ ലൂസിയെ സോഷ്യല്‍ മീഡിയിലൂടെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ നല്‍കിയ പരാതിയില്‍ ഫാ. നോബിള്‍ തോമസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായിട്ടും തന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് അംഗീകരിക്കാന്‍ വൈദികന്‍ തയ്യാറായിട്ടില്ല. ഇതിനിടെ സിസ്റ്ററെ അധിക്ഷേപിച്ച വൈദികനെ സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച സിസ്റ്റര്‍ ലൂസിയെ കൂടെയുള്ള കന്യാസ്ത്രികള്‍ മഠത്തിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. വിശ്വാസികളുടെ എതിര്‍പ്പുണ്ടെന്ന് വ്യക്തമായിട്ടും സഭാ നേതൃത്വം ഇപ്പോഴും സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള കരുക്കള്‍ നീക്കുന്നതായാണ് സഭയിലെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
യഥാര്‍ത്ഥത്തില്‍ സഭ കൈക്കൊള്ളുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് സിസ്റ്റര്‍ പ്രതികരിച്ചത്. ഇത് സഭാ നേതൃത്വത്തിലെ പലര്‍ക്കും ദഹിച്ചിരുന്നില്ല. തന്റെ ജീവിതാനുഭവങ്ങള്‍ സിസ്റ്റര്‍ സത്യസന്ധമായി തുറന്നെഴുതിയാല്‍ അപ്രിയ സത്യങ്ങള്‍ പലതും പുറത്തറിയുമെന്നും പല മുഖം മൂടികളും അഴിഞ്ഞു വീഴുമെന്നും സഭയുമായി ബന്ധപ്പെട്ട പ്രമുഖര്‍ ഭയക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം ഒരു സോഷ്യല്‍ മീഡിയ കാംപയിനാണോ എന്നും സംശയമുയരുന്നുണ്ട്.
അതേസമയം തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നിലും സഭയും ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹവും ഉണ്ടെന്ന് സിസ്റ്റര്‍ ലൂസിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സിസ്റ്റര്‍ ലൂസിയെ തിരക്കിട്ട് സഭയില്‍ നിന്നും പുറത്താക്കാന്‍ നടത്തിയ നീക്കവും, ഇപ്പോഴുണ്ടായിരിക്കുന്ന സഭ സ്‌പോണ്‍സര്‍ ചെയ്ത സൈബര്‍ ആക്രമണവും സാധാരണ വിഷയമല്ല. ആത്മകഥ പുറത്തിറങ്ങുമെന്നും അത് തങ്ങളെ പൊള്ളിക്കുമെന്നും തിരിച്ചറിഞ്ഞ സഭ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് സൂചന. രൂപതയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന വൈദികന്‍ സഭാ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ യാതൊരു സാധ്യതയുമില്ല. വിവാദമായ ഈ പോസ്റ്റിടുന്നതിനു മുമ്പ് ഈ വൈദികന്‍ സിസ്റ്റര്‍ ലൂസിയെ കുറ്റപ്പെടുത്തിയും സിസ്റ്ററെ പുറത്താക്കാന്‍ ശ്രമിക്കുന്ന എഫ്.സി.സി സന്യാസ സമൂഹത്തിലെ ഉന്നതാധികാരികളെ അഭിനന്ദിച്ചും വീഡിയോ പോസ്റ്റു ചെയ്തിരുന്നു.
ആത്മ കഥയുടെ കയ്യെഴുത്തു പ്രതി മഠത്തിലിരുന്നാല്‍ നശിപ്പിക്കപ്പെടുമെന്നു വ്യക്തമായ സിസ്റ്റര്‍ അത് പ്രസാധകരുടെ കയ്യിലെത്തിക്കുകയായിരുന്നു. തനിക്കുണ്ടായതും സഭയില്‍ നിന്നും നേരിടേണ്ടേി വന്നതുമായ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി താന്‍ ആത്മകഥയെഴുതുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് സിസ്റ്റര്‍ ലൂസി ഇതുവരെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ ഇത് എങ്ങനെയോ തിരിച്ചറിഞ്ഞ സഭാ നേതൃത്വം ആത്മകഥ പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് സൂചന. പ്രസാധകരെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുറത്തു വന്ന സാഹചര്യത്തില്‍ സഭാ നേതൃത്വം നടത്തുന്ന ഇനി ഏതു രീതിയിലായിരിക്കും എന്നാണറിയേണ്ടത്. എന്തായാലും ദൈവനാമത്തില്‍ എന്ന സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പുറത്തു വന്നാല്‍ കേരള സഭയില്‍ അത് വലിയ പൊട്ടിത്തെറിയുണ്ടാക്കും എന്നു തന്നെയാണ് സൂചന.
തന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതോടെ സിസ്റ്റര്‍ ജെസ്മിയുടെ പിന്‍ഗാമിയായി മാറുമോ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ എന്നാണ് വിശ്വാസികളും ഉറ്റു നോക്കുന്നത്. കര്‍മലീത്ത സന്യാസ സമൂഹം വിട്ട് പുറത്തു വന്നതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് 2009ലാണ് സിസ്റ്റര്‍ ജെസ്മി ‘ആമേന്‍’ എന്ന തന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. സഭയില്‍ വലിയ കോളിളക്കമാണ് ആ പുസ്തകം അന്നുണ്ടാക്കിയത്. സഭയിലും കോണ്‍വെന്‍റുകളിലും നടന്നു വരുന്ന പുറത്തറിയാതിരുന്ന പല കാര്യങ്ങളും സിസ്റ്റര്‍ ജെസ്മി തന്‍റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സഭയിലെ പല ഉന്നതരുടെയും പേരുകള്‍ സിസ്റ്റര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രസാധകര്‍ പറഞ്ഞു. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുസ്തകം ഇറങ്ങുന്നതിനു മുമ്പ് പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയൂ എന്നും പൈന്‍ ബുക്‌സ് വ്യക്തമാക്കി. നവംബര്‍ മാസത്തോടെ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് പുസ്തകത്തിന്റെ പ്രസാധകര്‍.