Mon. Dec 23rd, 2024

 

ഇടുക്കി :

മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള പട്ടികവര്‍ഗ വകുപ്പു ഡയറക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ സത്യാഗ്രഹം നടത്താനുള്ള ഒരുക്കത്തിലാണ് ആദിവാസി സംഘടനകള്‍. ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ മിനി സിവില്‍ സ്‌റേറഷനു മുന്നിലാണ് സത്യാഗ്രഹം.

ആദിവാസി വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ടി.എസ്.പി ഫണ്ടില്‍ നിന്നും 1997ലാണ് ഹോസ്റ്റല്‍ നിര്‍മിക്കാനായി 18.50 ലക്ഷം രൂപ അനുവദിച്ചത്. 1999ല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ പട്ടിക വര്‍ഗ വകുപ്പിന് ഈ കെട്ടിടം അധിക കാലം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇടുക്കി ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുകയും ചെയ്തില്ല.

ആദ്യകാലത്ത് കുറച്ചു കാലം ഈ കെട്ടിടത്തില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനായി ഉപയോഗിച്ചു.

പിന്നീട് 2010ല്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി ട്രൈബ്യൂണല്‍ രൂപീകരിച്ചപ്പോള്‍ ഇതേ ഹോസ്റ്റല്‍ കെട്ടിടമാണ് ഓഫീസ് തുടങ്ങാന്‍ അനുവദിച്ചത്. ചുരുക്കത്തില്‍ മൂന്നാറിലെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ സര്‍ക്കാര്‍ ഇവിടത്തെ ആദിവാസി കുട്ടികള്‍ക്കവകാശപ്പെട്ട ഹോസ്റ്റല്‍ കെട്ടിടം കയ്യേറുകയായിരുന്നു.

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിച്ച ശേഷമാണ് കെട്ടിടത്തില്‍ ഹോസ്റ്റല്‍ ആരംഭിക്കാന്‍ പട്ടിക വര്‍ഗ വകുപ്പിന് കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജൂലൈ ഒന്നാം തീയതി മുതല്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കിത്തുടങ്ങി. ജൂലൈ അവസാനത്തോടെ പൂര്‍ണ തോതില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായിരുന്നു ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയത്.

സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും ഗതാഗത സൗകര്യങ്ങളില്ലാത്തതുമായ പ്രദേശങ്ങളാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകള്‍. ഇവിടങ്ങളില്‍ നിന്ന് കാടും മലയും താണ്ടി ദിവസേന സ്‌കൂളുകളിലേക്ക് പഠിക്കാന്‍ പോയി വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 25 കിലോ മീറ്ററോളം അകലെയാണ് പല ആദിവാസി ഗ്രാമങ്ങളും. അതുകൊണ്ടുതന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഊരുകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ ഈ ഹോസ്റ്റല്‍ തന്നെയാണ് ആശ്രയം. മൂന്നാറിലെ ആറു പഞ്ചായത്തുകളിലെ കുട്ടികള്‍ക്കായുള്ള ഒരേയൊരു ഹോസ്റ്റലാണിത്.

ഇടമലക്കുടി, വട്ടവട, മാങ്കുളം തുടങ്ങിയ മേഖലകളിലെ കുട്ടികളാണ് ഈ വര്‍ഷം ഹോസ്റ്റല്‍ തുടങ്ങിയപ്പോള്‍ കൂടുതലായും പ്രവേശനം നേടിയത്. ആവശ്യത്തിന് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാതെ ഇടുക്കി ജില്ലയിലെ പല ആദിവാസി ഊരുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. ഇതിനിടയിലാണ് ഉള്ള ഹോസ്റ്റല്‍ കൂടി വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി ശുപാര്‍ശ ചെയ്തത്. മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ നടത്തുന്നതിനാണ് ഹോസ്റ്റല്‍ കെട്ടിടം വിട്ടു കൊടുക്കാന്‍ ശ്രമം നടക്കുന്നത്.

അതേസമയം പട്ടിക വര്‍ഗ വകുപ്പിന്റെ ഫണ്ട് വകമാറ്റി ആദിവാസികളെ കാട്ടില്‍ നിന്നും കുടിയിറക്കാനായി ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ആരോപണം നേരിടുന്നയാളാണ് പുകഴേന്തിയെന്നും ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു.

ഇപ്പോള്‍ പട്ടിക വകുപ്പിന്‍റെ കൈയിലുള്ള കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് എഞ്ചിനീയറിംഗ് കോളേജിലെ ക്ലാസുകള്‍ നടത്താനായി കൈമാറിക്കഴിഞ്ഞാല്‍ പിന്നീടത് വിദ്യാഭ്യാസ വകുപ്പിന്‍റെതായി മാറും. വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായ ഹോസ്റ്റല്‍ ഇല്ലാതാവുകയും ചെയ്യും.

പൊതുവിദ്യാഭ്യാസത്തിന് വേണ്ടി മൂന്നാറില്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ആവശ്യത്തിന് ഫണ്ട് ഉള്ളതാണ്. എന്നിട്ടുപോലും ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിനായി നിര്‍മിച്ച് ഹോസ്റ്റല്‍ മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിനായി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിന്നാക്ക മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസി ഫോറം ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എന്‍. മോസസ് വോക്ക് ജോണലിനോട് പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നിരവധി ദ്രോഹ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആളാണ് പുകഴേന്തിയെന്നും ഹോസ്റ്റല്‍ കൈമാറാന്‍ ഒത്താശ ചെയ്യുന്ന പുകഴേന്തിക്കെതിരെ കേസെടുക്കാന്‍ പട്ടിക വര്‍ഗ്ഗ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ആദിവാസി ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിവാസി ഫോറം സംസ്ഥാന പ്രസിഡന്റ് എം.ആര്‍. അശോക് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇടമലകുടി പോലെ പിന്നാക്കം നില്‍ക്കുന്ന വനമേഖലകളില്‍ നിന്നും വരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പ്രീമെട്രിക് ഹോസ്റ്റല്‍ പിടിച്ചെടുക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനവും, നിയമ വിരുദ്ധവുമാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ പ്രതിഷേധ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചതെന്നും ആദിവാസി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *