Wed. Nov 6th, 2024
#ദിനസരികള്‍ 854

 

നാം ഏറെ ചര്‍ച്ച ചെയ്യുകയും ബലേ ഭേഷെന്ന് അഭിനന്ദിക്കുകയും ചെയ്ത ഒരു ചെറുകഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല. ആഴ്ചപ്പതിപ്പില്‍ 2008 ലാണ് ആ കഥ അച്ചടിച്ചു വരുന്നത്. പിന്നാലെ അക്കാദമിയുടെ പുരസ്കാരവും കൊമാലയെ തേടിയെത്തി.മനുഷ്യത്വം മരവിച്ച് മൃഗതുല്യരായി ജീവിച്ചു പുലരുന്ന ഒരു കൂട്ടരാണ് നാമെന്നും അതുകൊണ്ടുതന്നെ ഇവിടം ഹുവാന്‍ റൂള്‍‌‍ഫോയുടെ പെഡ്രോ പരാമയിലെ കൊമാലക്കു തുല്യമാണെന്നും സ്ഥാപിച്ചെടുക്കുകയായിരുന്നു കഥാകൃത്ത്. സഹജീവിയുടെ കണ്ണുനീരൊപ്പാത്തവരുടേയും അവന്റെ മുറിവിന് ഉപ്പു പുരട്ടാത്തവരുടേയും നാട് മരിച്ചവരുടേതിന് സമാനമാണെന്ന വാദത്തിന് എതിര്‍പ്പുണ്ടാവകയില്ല. നാം അത്തരത്തിലുള്ള ഒരു കൊമാലയില്‍ മനഃസാക്ഷിയില്ലാത്തവരായി ജീവിച്ചു പോകുകയാണെന്നാണ് ഈ ചെറുകഥ വാദിച്ചുറപ്പിക്കാന് ശ്രമിച്ചത്.

എന്നാല്‍ ഈ നാടൊരു കൊമാലയാണെന്ന് സ്ഥാപിക്കാനുള്ള അമിത വ്യഗ്രത ഇക്കഥയെത്തന്നെ ശിഥിലമാക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രതിലോമപരമായ ചില സംഭവങ്ങളെയെടുത്ത് അവയെ സാമാന്യവത്കരിച്ചു കൊണ്ട് അതാണ് ഈ നാട് എന്ന് സ്ഥാപിച്ചെടുക്കുവാന്‍ കഥാകൃത്ത് കാണിച്ച കുടില ശ്രമത്തെ ഏതളവുകോലുകൊണ്ടായാലും ന്യായീകരിച്ചെടുക്കുവാന്‍ അത്ര എളുപ്പമല്ലതന്നെ. മനുഷ്യനെന്ന നിലയില്‍ ചില മൂല്യങ്ങളൊക്കെ നാം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന കരുതലിന് പകരം മനുഷ്യനെന്ന പദത്തിന്റെ ഭാവാര്‍ത്ഥങ്ങളോട് ഒരു തരത്തിലും ഇണങ്ങിപ്പോകാത്ത അസുര ജന്മങ്ങള്‍ മാത്രമായി നാം മാറിയിരിക്കുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന നിലയിലേക്ക് തന്റെ വാദങ്ങളെ എത്തിച്ചെടുക്കാന്‍ കഥാകൃത്ത് പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെ നാം ഇനിയും മനുഷ്യരാകേണ്ടതുണ്ടെന്ന ആര്‍ജ്ജവത്തിലേകും അതുവഴി കലയുടെ ഉദാത്തമായ മറ്റു സാധ്യതകളിലേക്കും കടന്നെത്തുമായിരുന്ന ഒരു ഇതിവൃത്തത്തെ അനാവശ്യമായി ഏതൊക്കെയോ ഊടുവഴികളിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണുണ്ടായതെന്ന് പറയേണ്ടി വരുന്നത് ഖേദകരം തന്നെയാണ്.

കടബാധ്യത മൂലം ഈ വരുന്ന ആഗസ്ത് പതിനഞ്ച് പുലര്‍‌‍ച്ചേ പന്ത്രണ്ടിന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതി വെച്ചുകൊണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്ന 45 വയസ്സുകാരനായ കുണ്ടൂര്‍ വിശ്വനെ അവതരിപ്പിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വിശ്വന്‍ മരിക്കുമോ ഇല്ലയോയെന്ന ചോദ്യമുന്നയിച്ചുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ വാഗ്‌ധോരണികളിലൂടെ കുണ്ടൂര്‍ വിശ്വന് സംഭവിച്ചിരിക്കുന്ന കെടുതികളെക്കുറിച്ച് നമുക്കൊരു ധാരണയുണ്ടാക്കുവാന്‍ കഥാകൃത്ത് പരിശ്രമിക്കുന്നുണ്ട്. താന്‍ ജാമ്യം നിന്ന ഒരു ലോണ്‍ തിരിച്ചടക്കാതെ തന്റെ സുഹൃത്ത് പറ്റിച്ചതുമൂലം തനിക്കാകെയുണ്ടായ ഏഴര സെന്റു ഭൂമിയും വീടും വെള്ളൂര്‍ സഹകരണ ബാങ്ക് ജപ്തി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സങ്കടത്തിലാണ് വിശ്വനും കുടുംബവും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. ലോണ്‍ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ബാങ്ക് വിശ്വന് നോട്ടീസ് അയക്കുന്നു. അത് നടപ്പിലിരിക്കുന്ന സ്വാഭാവികമായ ഒരു രീതിയാണെന്നതിനെ മറച്ചു വെച്ചു കൊണ്ട് പൊതുസമൂഹം ബലമായി വിശ്വനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന മട്ടിലാണ് കഥ വികസിച്ചു വരുന്നത്. ജാമ്യം നില്ക്കുക എന്നതിനര്‍ത്ഥം താനാണുറപ്പ് എന്ന് പ്രഖ്യാപിക്കുയാണല്ലോ. അതുകൊണ്ട് ലോണ്‍ എടുത്തവന്‍ തിരിച്ചടവ് മുടക്കിയാല്‍ അതിന് ജാമ്യക്കാരന്‍ കൂടി ഉത്തരവാദിയാകുമെന്നും അത് സാമ്പത്തികവ്യവഹാരങ്ങളുടെ പൊതുവായ രീതിയാണെന്നും നമുക്കറിയാം. എന്നാല്‍ ഇവിടെ ചിത്രീകരിക്കപ്പെടുന്നത് കുണ്ടൂര്‍ വിശ്വനൊഴിച്ച് മറ്റുള്ളവരെല്ലാം തന്നെ കാട്ടാളത്തത്തിന്റെ പ്രതീകങ്ങളായിട്ടാണ്. ഒരു തരത്തിലും മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത, മൃഗതുല്യരായ അക്കൂട്ടരാണ് നാട്ടിലാകെത്തന്നെയും എന്ന് എഴുത്തുകാരന്‍ ഓരോ മൂലയ്ക്കുനിന്നും പ്രഖ്യാപിക്കുന്നു. എടുത്തു കാണിക്കാനാണെങ്കില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. വിശ്വനെ പറ്റിച്ച ആത്മസുഹൃത്ത് സുധാകരന്‍, ഒരു മനസാക്ഷിയുമില്ലാതെ ബാങ്കിന് ബാങ്കിന്റെ വഴി എന്ന് പ്രഖ്യാപിക്കുന്ന പ്രസിഡന്റ്, വിശ്വന് ആത്മഹത്യ ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചപ്പെടുത്തുന്ന മനശാസ്ത്രജ്ഞന്‍, നാടൊരു കൊമാലയായി എന്ന് ആണയിടുന്ന എന്‍.സി.ആര്‍.ബിയിലെ ഉദ്യോഗസ്ഥന്‍, ആത്മഹത്യ പരാജയപ്പെട്ടാല്‍ വിശ്വനെതിരെ തീര്‍ച്ചായും കേസെടുക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഫാത്തിമ ബീഗം, അങ്ങനയങ്ങനെ ഈ കഥയില്‍ അണിനിരന്നിട്ടുള്ള എല്ലാവരും തന്നെ കൊമാലയിലെ അന്തേവാസികളാകുന്ന ഒരു കാഴ്ചയാണ് എഴുത്തുകാരന്‍ നമുക്കായി ഒരുക്കുന്നത്.

സമൂഹത്തില്‍ നിലനില്ക്കുന്ന സാമ്പത്തിക വിനിമയങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരാളാണ് എഴുത്തുകാരനെന്ന വിശ്വാസം എനിക്കില്ല. എന്നിരുന്നാല്‍‌പ്പോലും സ്വന്തം സുഹൃത്തിന് ജാമ്യം നിന്ന ഒരുവനെ പ്രതിസ്ഥാനത്തേക്കു കൊണ്ടുവരിക വഴി തീര്‍ത്തും ദുര്‍ബലമായ ഒരു കഥാതന്തുവാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. പൊള്ളയായ ആ മുഴയുടെ മുകളിലെ ഏച്ചു കെട്ടലുകളായി ബാക്കിയുള്ള സംഭവവികാസങ്ങളൊക്കെ ഒടുങ്ങിപ്പോകുന്നു. പലപ്പോഴും നമ്മെ ഒന്ന് പരിഭ്രമിപ്പിക്കാന്‍ പോലും കഥയുടെ ഒന്നാം പാതിയില്‍ എഴുത്തുകാരന് കഴിയുന്നില്ലെന്നത് വസ്തുതയാണ്. അയഞ്ഞതും ഇഴയിളകിയതുമായ സന്ദര്‍ഭങ്ങളെ സൃഷ്ടിച്ചുകൊണ്ട് അടച്ചൊരു ആക്ഷേപം ഉന്നയിക്കാന്‍ മാത്രമാണ് കഥാകൃത്തിന് കഴിയുന്നത്. അതു പക്ഷേ ഒരിക്കലും വായനക്കാരന്റെ ഉള്ളിലേക്ക് ചെന്നു കൊള്ളുന്നവയാകുന്നുമില്ല. ബാങ്ക് പ്രസിഡന്റും മനശാസ്ത്രജ്ഞനും പോലീസുകാരനും മറ്റും മറ്റും അവനവന്റെ സ്ഥാനങ്ങളെ അടയാളപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് ഇടപെടുന്നതെന്ന് മാത്രമല്ല, അതല്ലാതെ മറ്റൊരു പോംവഴിയും അവരുടെ മുന്നിലില്ല താനും. കണ്ണീരിന്റെ മാനദണ്ഡം വെച്ച് കടം എഴുതിത്തള്ളാനാണെങ്കില്‍ പിന്നെ ബാങ്കും പൂട്ടി വീട്ടിലിരുന്നാല്‍ പോരേ എന്നല്ലാതെ മറ്റെന്താണ് ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ ചോദിക്കുക? കടം എടുക്കുമ്പോഴും കടത്തിന് ജാമ്യം നില്ക്കുമ്പോഴും ഇത്തരമൊരു സാധ്യതയെ കാണാത്തയാളാണ് കഥയിലെ നായകനായ വിശ്വനെന്ന് നാം വിശ്വസിക്കണമെന്നാണോ കഥാകാരന്‍ ഉന്നം വെക്കുന്നത്? അങ്ങനെ ചിന്തിക്കാനുള്ള ശേഷിയേ വായനക്കാരനുള്ളു എന്നു കരുതിയതാണ് ഈ കഥ പാഴായിപ്പോകാനുള്ള പ്രധാന കാരണമെന്ന് പറയാതെ. അതായത് വായനക്കാരന് ഇത്രയൊക്കെ മതി എന്നു ചിന്തിക്കുന്ന ഒരെഴുത്തുകാരനില്‍ നിന്നും ഇത്രയൊക്കെയേ നാം പ്രതീക്ഷിക്കേണ്ടതുള്ളു.

നമ്മുടെ മാധ്യമരംഗത്തുള്ള തെമ്മാടിത്തരങ്ങളെ എടുത്തുകാട്ടി ഊന്നിപ്പറയാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കാഴ്ചക്കാരെ പിടിച്ചു നിറുത്തുവാനും ഒരു സാധാരണ വിഷയത്തെ ഊതിപ്പെരുപ്പിക്കാനും ത്രസിപ്പിക്കുന്നതായി വലിച്ചു നിറുത്തുവാനും അവര്‍ക്കുള്ള പ്രത്യേക വൈദഗ്ദ്യത്തെ ഈ കഥ വിമര്‍ശന വിധേയമാക്കുന്നുണ്ട്. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഉത്തരവാദിത്ത ബോധമില്ലാതെ നാട്ടിലാകെ കുഴപ്പമുണ്ടാക്കുന്ന മാധ്യമങ്ങളെ വിമര്‍ശിക്കുന്ന അസ്സലൊരു കഥയായി ഇതു മാറിയേനെ. എന്നാല്‍ സംഭവിച്ചതാകട്ടെ മാവിലെറിഞ്ഞത് മാവിലും കൊണ്ടില്ല പ്ലാവിലെറിഞ്ഞത് പ്ലാവിലും കൊണ്ടില്ല എന്ന മട്ടിലായിപ്പോയിയെന്നു മാത്രം.

കഥയ്ക്ക് ഒരു കഥയുടെ മാനം കൈവരുന്നത് രണ്ടാം പാതിയിലാണ്. അതായത് സുധാകരനെ തിരഞ്ഞു വീടുവിട്ടു പോകുന്ന വിശ്വനുണ്ടാകുന്ന അനുഭവങ്ങള്‍ ഒരു പരിധിവരെ ഈ കഥയെ വലിയ പരിക്കേല്ക്കാതെ രക്ഷപ്പെടുത്തുന്നുണ്ട്. മനുഷ്യത്വമില്ലാത്തവരെ കൂടുതല്‍ മിഴിവാര്‍ന്ന രീതിയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇവിടെ കഥാകൃത്തിന് കഴിയുന്നു. അപകടമുണ്ടായി വഴിയില്‍ ചതഞ്ഞു വീണവനെ താങ്ങാതെ കടയടച്ച് വീട്ടിലേക്കു പോകുന്ന ചായക്കച്ചവടക്കാരനും ആശുപത്രിയിലേക്ക് പോകുന്ന വണ്ടിയില്‍ ഒപ്പം കയറി സ്വന്തം വീട്ടിനടുത്തെത്തുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഇറങ്ങിപ്പോകുന്ന മധ്യവയസ്കനുമൊക്കെ ഈ കഥയില്‍ മനസ്സിനെ തൊട്ടു പോകുന്ന കഥാപാത്രങ്ങളാണ്. എന്നാല്‍ സകലരേയും ആ ഗണത്തിലുള്ളവരായി പെടുത്തിക്കൊണ്ട് കൂടെക്കൂടെ ഇവിടം ഈ സ്ഥലം കൊമാലയാണ് എന്ന പ്രഖ്യാപനം അസംബന്ധമാകുന്നു.

ഒരു ജപ്തി നടപടിയുടെ പുറത്ത് അസ്വാഭാവികമായ തൊങ്ങലുകള്‍ തൂക്കി എഴുതപ്പെട്ട ഒരു കഥ ചില ഭയപ്പാടുകളെ പങ്കുവെക്കുവാന്‍ ശ്രമിക്കുന്നുവെന്നല്ലാതെ വായനക്കാരനില്‍ ഒരു തരത്തിലും മനുഷ്യനെന്ന മൂല്യത്തെക്കുറിച്ച് സംശയമുണ്ടാക്കുന്നില്ല.അങ്ങനെ സംഭവിക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം സ്വാഭാവികമായ ഒരു നടപടിക്രമത്തെ അവലംബിച്ചു കഥ രചിക്കപ്പെട്ടു എന്നതു മാത്രമാണ്. കഥാകൃത്ത് കൊമാല കൊമാല എന്നു വിളിച്ചു ഭയപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോഴും എന്താണൊരു ഒച്ച എന്നൊരു കൌതുകം മാത്രമേ കേള്‍വിക്കാരനിലുണ്ടാകുന്നുള്ളു. അങ്ങനെയാണ് കൊമാല പരാജയപ്പെട്ട ഒരു കഥയാകുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *