ന്യൂഡല്‍ഹി:
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നാസിക്കിലെ പ്ലാന്റ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സുഖോയ്-30 M.K.I ഫൈറ്റര്‍ ജെറ്റുവിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ് 2020 മാര്‍ച്ചോടെ അടച്ചു പൂട്ടേണ്ടി വരുമെന്ന് എച്ച്.എ.എല്‍ അധികൃതര്‍ സൂചന നല്‍കുന്നു. പുതിയ സുഖോയ് -30 ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മിക്കാന്‍ വ്യോമസേന ഓര്‍ഡര്‍ നല്‍കിയില്ലെങ്കില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് കമ്പനി.
സുഖോയ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ വിമാനത്തിനുള്ള സ്‌പെയര്‍ പാര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുന്ന 400 ഓളം വിതരണക്കാരും ഇതോടെ പ്രതിസന്ധിയിലാകും. ആറായിരത്തോളം ഘടകങ്ങളാണ് ഇവര്‍ ഓരോ സുഖോയ് വിമാനത്തിനും വേണ്ടി നിര്‍മിച്ചു നല്‍കിക്കൊണ്ടിരിക്കുന്നത്.
70 മില്യണ്‍ ഡോളറിലധികം വില വരുന്ന ഓരോ വിമാനത്തിനും 12.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്‌പെയര്‍ പാര്‍ട്ടുകളാണ് ഈ വിതരണക്കാര്‍ നിര്‍മിച്ചു നല്‍കിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടുതന്നെ ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്കല്‍ ലിമിറ്റഡിന്റെ സുഖോയ് പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാതെ ഈ വിതരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.
ഇന്ത്യന്‍ വ്യോമസേന നല്‍കിയിട്ടുള്ള ഓര്‍ഡര്‍ പ്രകാരം ഇനി നിര്‍മിച്ചു നല്‍കാന്‍ ബാക്കിയുള്ള എട്ട് സുഖോയ്-30 M.K.I ഫൈറ്റര്‍ വിമാനങ്ങളുടെ ഉത്പാദനം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. നിലവില്‍ സുഖോയ് വിമാനങ്ങള്‍ക്കു വേണ്ടി മറ്റ് ഓര്‍ഡറുകളൊന്നും വ്യോമസേന നല്‍കിയിട്ടില്ല. പുതിയ ഓര്‍ഡറുകള്‍ ലഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള നാസിക്കിലെ സുഖോയ് പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും എച്ച്.എ.എല്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.
പ്രതിവര്‍ഷം 12 സുഖോയ് വിമാനങ്ങളാണ് എച്ച്.എ.എല്ലിന്റെ നാസിക്കിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. 272 സുഖോയ് വിമാനങ്ങള്‍ നിര്‍മിക്കാനാണ് കമ്പനിക്ക് വ്യോമസേന ഓര്‍ഡര്‍ നല്‍കിയിരുന്നത്. മാര്‍ച്ചു മാസത്തോടെ ഇതില്‍ അവസാനത്തെ വിമാനവും വ്യോമസേനക്ക് കൈമാറും. റഷ്യന്‍ വിമാന നിര്‍മാണ കമ്പനിയായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ ലൈസന്‍സോടു കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എ.എല്‍ ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. 70.3 മില്യണ്‍ ഡോളറാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് നിര്‍മിക്കുന്ന സുഖോയ് 30 യുദ്ധവിമാനത്തിന്റെ വില.
അഞ്ഞൂറു കോടി ഡോളറിന് 72 സുഖോയ്-30 M.K.I. വിമാനങ്ങള്‍കൂടി ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ഓര്‍ഡറിനായി വ്യോമസേനയ്ക്കും പ്രതിരോധ മന്ത്രാലയത്തിനും എച്ച്.എ.എല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലുണ്ടായ വിമാനാപകടങ്ങളില്‍ നഷ്ടപ്പെട്ട സുഖോയ്-30 വിമാനങ്ങള്‍ക്കു പകരമായി 18 യുദ്ധ വിമാനങ്ങള്‍ക്കു വേണ്ടി ഓര്‍ഡര്‍ നല്‍കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ എന്നാണ് വ്യോമസേന പറയുന്നത്.
ഇന്ത്യയില്‍ നിര്‍മ്മിച്ച സുഖോയ്-30 M.K.I ജെറ്റുവിമാനങ്ങളുടെ വില കൂടുതലായിരുന്നു എന്നാണ് വ്യോമസേന ഉന്നയിക്കുന്ന മറ്റൊരു ആരോപണം. 42.15 മില്യണ്‍ ഡോളറിന് റഷ്യ നല്‍കുന്ന വിമാനമാണ് 70.3 മില്യണ്‍ ഡോളറിന് എച്ച്.എ.എല്‍ നിര്‍മിക്കുന്നത് എന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിലയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ വലിയ അന്തരം കാരണം കമ്പനിക്ക് വലിയ ഓര്‍ഡറുകള്‍ നല്‍കാന്‍ വ്യോമസേനക്കും താല്‍പര്യമില്ല.
അതേസമയം എച്ച്.എ.എല്‍ നിര്‍മ്മിച്ച സുഖോയ് -30 M.KI യുദ്ധവിമാനം പൂര്‍ണ്ണമായും തദ്ദേശീയമല്ല എന്ന് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിംഗ് കമാന്‍ഡര്‍ ആയി വിരമിച്ച ഭീം സിഗ് പറഞ്ഞു. വിമാനത്തിന്റെ 51 ശതമാനം ഘടകങ്ങള്‍ മാത്രമാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള 49 ശതമാനം ഘടകങ്ങളും ഇപ്പോഴും റഷ്യയില്‍ നിന്നു തന്നെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനം നിര്‍മിക്കാന്‍ ആവശ്യമായ ടൈറ്റാനിയം ബ്ലോക്കുകള്‍, ഫോര്‍ജിങുകള്‍, അലുമിനിയം സ്റ്റീല്‍ പ്ലേറ്റുകള്‍ എന്നിവയും, നട്ടും ബോള്‍ട്ടും സ്‌ക്രൂവും ഉള്‍പ്പെടെ മറ്റു നിരവധി വസ്തുക്കളും ഇപ്പോഴും റഷ്യയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നും ഭീം സിംഗ് പറഞ്ഞു.
ഇതുകൂടാതെ സ്‌പെയര്‍പാര്‍ടുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റു സേവനങ്ങള്‍, ഫൈറ്റര്‍ വിമാനങ്ങളുടെ ഓവറോളിങ് എന്നിവയ്ക്കും യഥാര്‍ത്ഥ നിര്‍മ്മാതാവെന്ന നിലയില്‍ റഷ്യന്‍ കമ്പനിയായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനെ തന്നെയാണ് എച്ച്.എ.എല്‍ ആശ്രയിക്കുന്നതെന്നും വ്യോമസേന പറയുന്നു.
എഴുപത്തിരണ്ട് പുതിയ സുഖോയ്-30 M.K.I വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് നിര്‍മാണ കരാര്‍ നല്‍കുന്നതിനായി കഴിഞ്ഞ മാസം റഷ്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പ്രതിരോധവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ വലിയ ഓര്‍ഡര്‍ എച്ച്.എ.എല്ലിന് നല്‍കാന്‍ വ്യോമസേന താല്പര്യം കാണിച്ചില്ല എന്നാണ് സൂചന.
നാസിക്കിലെ സുഖോയ് നിര്‍മാണശാല അടച്ചു പൂട്ടാതിരിക്കണമെങ്കില്‍ ഈ വര്‍ഷം ഏറ്റവും കുറഞ്ഞത് പുതിയതായി 10 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറെങ്കിലും ലഭിക്കണമെന്നാണ് എച്ച്.എ.എല്‍ കണക്കു കൂട്ടുന്നത്.
പ്രതിരോധ മേഖലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം അടച്ചു പൂട്ടുന്നതിന്റ നേട്ടം ആര്‍ക്ക്?
റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ കടലാസ് വിമാനം പോലും നിര്‍മിച്ചിട്ടില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്.എ.എല്‍ വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.
എല്ലാ സൗകര്യങ്ങളുമുള്ള എച്ച്.എ.എല്ലിന്‍റെ പ്ലാന്‍റ് പുതിയ നിര്‍മാണ കരാറുകളില്ലാതെ ആദ്യഘട്ടത്തില്‍ പൂട്ടിയിടുന്നു. അടുത്തഘട്ടം നിര്‍ജീവാവസ്ഥയിലായ സ്ഥാപനം വില്‍പനക്ക് വെയ്ക്കുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യയില്‍ വേറെ ആര്‍ക്കാണ് ഇതുകൊണ്ടാവശ്യം. ഇതുപോലൊരു സ്ഥാപനം സ്വന്തമായില്ലാത്ത കടലാസ് കമ്പനി മുതലാളി ലീസിനോ നിസാര വില നല്‍കിയോ ഈ പ്ലാന്‍റ് സ്വന്തമാക്കുന്നു. കാര്യങ്ങള്‍ വളരെ എളുപ്പം പുതിയൊരു വിമാന നിര്‍മാണ ശാല തുടങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ല മാര്‍ഗം. സ്വന്തം പ്ലാന്‍റുമായി എതിരാളിയും ഇല്ലാതെയായി.