ന്യൂഡൽഹി:
ബിരുദസർട്ടിഫിക്കറ്റ് ചീഫ് ജസ്റ്റിസിൽ നിന്ന് സ്വീകരിക്കില്ലെന്ന് നിയമപഠനത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി. ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി കാർവയാണ്, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിൽനിന്ന് സ്വർണ മെഡൽ സ്വീകരിക്കില്ലെന്ന നിലപാടുമായി ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചത്. നേരത്തെ, സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനപരാതിയെ അദ്ദേഹം കൈകാര്യം ചെയ്ത രീതിയിലെ കറുത്തവശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുർഭിയുടെ പ്രതിഷേധം.
ലൈംഗിക പീഡന പരാതിയെ സുപ്രീം കോടതി കൈകാര്യം ചെയ്ത രീതിയോടു തനിക്കു കടുത്ത വിയോജിപ്പുണ്ടെന്നാണ് സുർഭി പറയുന്നത്. ഭരണഘടനാപരമായ ധാർമികതയെക്കുറിച്ചും അഭിഭാഷകവൃത്തിയെക്കുറിച്ചും പുസ്തകങ്ങളിൽ നിന്നും പഠിച്ച കാര്യങ്ങളോട് നീതിപുലർത്താത്ത നടപടിയാണിതെന്നും സുർഭി കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസിനെതിരെ ആരോപിക്കപ്പെട്ട പരാതി ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം തന്നെ തലവനായ സ്ഥാപനം പരാജയപ്പെട്ടു – സുർഭി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്, ഡൽഹി സർവകലാശാലയുടെ ചാൻസലർ.