ന്യൂഡല്‍ഹി:
ഉന്നാവോ പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി. മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറുമായി ബന്ധപ്പെട്ട് അതിജീവിച്ച പെൺകുട്ടിക്കുണ്ടായ വാഹനാപകടത്തിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ച സമയം കൂടി കൂട്ടി നല്കി. നിലവിൽ, പെണ്‍കുട്ടിയും അഭിഭാഷകനും അന്വേഷണത്തോട് സഹകരിക്കാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതിയിലാണുള്ളത്. ഇതിനെ തുടർന്നാണ് സിബിഐ, കോടതിയിൽ നാലാഴ്ച്ച സമയം നീട്ടി ചോദിച്ചത്. എന്നാല്‍, കോടതി രണ്ടാഴ്ചത്തെ സമയം മാത്രമാണ് നീട്ടി നല്‍കിയത്.
അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അതിജീവിച്ച പെണ്‍കുട്ടി, ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സതേടി വരുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുള്ളതിനാലാണ്, അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് സിബിഐ അറിയിച്ചു. എന്നാൽ, രണ്ടാഴ്ചകാലം സമയം നീട്ടി നല്കിയ സുപ്രീംകോടതി പരാതിക്കാരിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
കഴിഞ്ഞ മാസം 28നാണ് റായ്ബറേലിയില്‍ വച്ച് അതിജീവിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാർ ദുരൂഹമായ സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നത്. നമ്പർ പ്ലേറ്റുകൾ മൂടിക്കെട്ടിയ ട്രക്ക്, കാറിൽ വന്നിടിച്ചുണ്ടായ അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.