തിരുവനന്തപുരം:
തട്ടിപ്പുകൾ കുറയ്ക്കാൻ എ.ടി.എം. സേവനങ്ങളിൽ നിയന്ത്രണവുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ. സമയനിയന്ത്രണമായിരിക്കും എസ് ബി ഐ യുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകൾക്ക് കൊണ്ടുവരുന്നത്. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി മുതൽ, രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കർശനമായി നിയന്ത്രിക്കാനാണ് ഈ പുതിയ നീക്കമെന്ന് എസ് ബി ഐ വ്യക്തമാക്കി.
മുൻപ്, 40,000 രൂപവരെ എ.ടി.എം. വഴി മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ, വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ എ.ടി.എം. വഴി പിൻവലിക്കാൻ കഴിയുന്ന ആകെ തുകയിൽ ചില നിയന്ത്രണങ്ങളൊക്കെ എസ് ബി ഐ കൊണ്ടുവന്നിരുന്നു. എന്നാൽ, അതിൽ, ഫലംകാണാൻ കഴിയാത്തതോടെയാണ്, രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ് ബി ഐ ഐ.ടി. വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്കയാണ് ഈ വിവരങ്ങൾ സര്‍ക്കുലർ വഴി പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ, രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും എ.ടി.എം. സൗകര്യമുപയോഗിച്ചു രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക അരമണിക്കൂറിനുള്ളിൽ തന്നെ പിന്‍വലിക്കുന്ന രീതി വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതും പുതിയ നടപടിക്ക് കാരണമായി സർക്കുലറിൽ വിശദീകരിക്കുന്നു. ഇത്തരത്തില്‍ ഒന്നിച്ച് പണം പിന്‍വലിക്കുന്ന രീതി ബാങ്കിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പുതിയ മാറ്റത്തെക്കുറിച്ച് എ.ടി.എം. സ്‌ക്രീനിലൂടെയും ശാഖകളിൽ പ്രദര്‍ശിപ്പിച്ചും ഉപഭോക്താളെ അറിയിക്കുന്നതായിരിക്കും.