Wed. Nov 6th, 2024
രാജസ്ഥാന്‍:
പെഹ്‌ലുഖാനെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി തന്നെ ഇന്ത്യന്‍ ജനത മുഴുവന്‍ ടിവി ചാനലുകളിലൂടെയും സമൂഹ മാധ്യങ്ങളിലൂടെയും കണ്ടതാണ്. ഗോ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അക്രമി സംഘത്തിന്റെ കൈകളാല്‍ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടതാണ് എന്നു തിരിച്ചറിയാന്‍ ഇതിലും വലിയ എന്തു തെളിവായിരുന്നു നീതിപീഠത്തിന് വേണ്ടിയിരുന്നത്.

ഇന്നും പെഹ്‌ലുഖാന്‍ എന്ന പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ആദ്യമെത്തുക ഈ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്. എന്നിട്ടും രാജസ്ഥാനിലെ അല്‍വാര്‍ ജില്ലാ കോടതി പ്രതികളായ ആറുപേരെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിന്റെ വിധി പുറത്തു വന്ന 2019 ആഗസ്റ്റ് 14ന് സംഘപരിവാര്‍ അനുകൂലികളല്ലാത്ത ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്തയെ വിശേഷിപ്പിച്ചത് ഷോക്കിങ് ന്യൂസ് എന്നായിരുന്നു.

പ്രതികളെയെല്ലാം ജില്ലാ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് രാജ്യം മുഴുവന്‍ ഉയര്‍ന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ദേശീയ നേതാക്കളും ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഒരാളെ തല്ലിക്കൊല്ലുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ടായിരുന്നിട്ടും എന്തായിരുന്നു കോടതി പറയുന്ന തെളിവുകളുടെ അഭാവം എന്നാണ് മനുഷ്യത്വം മരവിക്കാത്തവര്‍ ചോദിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായ നീതിനിഷേധം മരിച്ചിട്ടും പെഹ്‌ലുഖാനു നേരെ തുടര്‍ന്നു.

പെഹ്‌ലുഖാന്‍ കേസിന്റെ നാള്‍വഴി ഇങ്ങനെ

2017 ഏപ്രില്‍ ഒന്നിനായിരുന്നു രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ പശു സംരക്ഷകരായ ആള്‍ക്കൂട്ടം പട്ടാപ്പകല്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ജയ്പൂരില്‍ നടന്നിരുന്ന കന്നുകാലി മേളയില്‍ പങ്കെടുക്കാന്‍ പോയ പെഹ്ലുഖാന്‍ അവിടെ നിന്നും കറവയുള്ള രണ്ടു പശുക്കളെ വാങ്ങിയിരുന്നു. നിയമവിധേയമായി തന്നെയാണ് ഇവര്‍ പശുക്കളെ വാങ്ങിയത്.

തുടര്‍ന്ന് ഈ പശുക്കളെ മിനിലോറിയില്‍ കയറ്റി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് പോകുകയായിരുന്നു പെഹ്‌ലുഖാനും മക്കളും രണ്ട് അനുയായികളും. വൈകിട്ട് ആറുമണിയോടെ അല്‍വാര്‍ ജില്ലയിലെ ബെഹ്റോറില്‍ ദേശീയപാതയില്‍ വെച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇവരുടെ വാഹനം തടഞ്ഞു. ആദ്യം എല്ലാവരുടെയും പേരു ചോദിച്ച അക്രമികള്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ എന്ന യുവാവിനെ മാത്രം കയ്യേറ്റം ചെയ്യാതെ വെറുതെ വിട്ടു. നിയമ വിരുദ്ധമായി പശുക്കടത്തു നടത്തുന്നു എന്നാരോപിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അക്രമികള്‍ അതി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 2017 ഏപ്രില്‍ രണ്ട് 

അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പോലീസ് പെഹ്ലു ഖാനും മക്കള്‍ക്കും എതിരെ പശുക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തി എന്നപേരില്‍ കേസെടുത്തു. രാജസ്ഥാന്‍ ബോവൈന്‍ അനിമല്‍ ആക്റ്റ്-1995 ചുമത്തിയായിരുന്നു കേസ്. അതായത് നിയമപ്രകാരം കറവപ്പശുക്കളെ വാങ്ങി കൊണ്ടുപോയവര്‍ക്കെതിരെ പശുവിനെ നിയമവിരുദ്ധമായി കശാപ്പിനായി കൊണ്ടുപോയി എന്ന കുറ്റം ചുമത്തി കേസെടുക്കുന്നു.

 2017 ഏപ്രില്‍ നാല് 

പരിക്കേറ്റ് ചികിത്സയിലായിരുന്ന പെഹ്ലു ഖാന്‍ മരിക്കുന്നു. അക്രമികള്‍ അല്‍വാറിലുള്ളവര്‍ തന്നെ ആയിരുന്നതിനാല്‍ പെഹലുഖാന്‍ ഇവരെ തിരിച്ചറിഞ്ഞിരുന്നു. മരണമൊഴിയില്‍ ആറ് അക്രമികളുടെ പേരാണ് പെഹ്ലുഖാന്‍ പറഞ്ഞിരുന്നത്. മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ആറുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി.

ഇതിനിടെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. പെഹ്‌ലുഖാന്‍ മരിച്ചതോടെ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ഇടയാക്കി.

മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. കേസ് ആദ്യം അന്വേഷിച്ചത് ബെഹ്‌റൂര്‍ പൊലീസ് സ്റ്റേഷന്‍ മുന്‍ ഹൗസ് ഓഫീസര്‍ രമേശ് സിന്‍സിന്‍വറായിരുന്നു. ഇയാള്‍ അക്രമം നടന്ന ഏപ്രില്‍ ഒന്നിന് തന്നെ ആശുപത്രിയിലെത്തി പെഹ്‌ലുഖാന്റെ മൊഴി രേഖപ്പെടുത്തി. തന്നെ മര്‍ദിച്ച ഓം യാദവ്, ഹുകുംചന്ദ് യാദവ്, നവീന്‍ ശര്‍മ, സുധീര്‍ യാദവ്, രാഹുല്‍ സൈനി, ജഗ്മല്‍ എന്നിവരുടെ പേരുകള്‍ പെഹ്‌ലുഖാന്‍ പോലീസിനോട് പറഞ്ഞു. പലകാര്യങ്ങളിലും വീഴ്ചവരുത്തിയ സിന്‍സിന്‍വര്‍ പ്രതികളെ പിടികൂടുകയോ തിരിച്ചറിയല്‍ പരേഡിനായി പെഹ്‌ലുഖാനു മുന്നില്‍ ഹാജരാക്കുകയോ ചെയ്തില്ല. ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുന്നതിലും വീഴ്ച വരുത്തി. ഇതിനിടെയാണ് പെഹ്‌ലുഖാന്‍ മരിക്കുന്നത്. അക്രമത്തിന്റെ വീഡിയോയില്‍ ഉള്ളവര്‍ എന്നു പറഞ്ഞ് പെഹ്‌ലുഖാന്‍ തന്റെ മൊഴിയില്‍ പറയാത്ത വേറെ ഒരു കൂട്ടം ആളുകളെയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റു ചെയ്തത്.

 2017 ഏപ്രില്‍ എട്ട് 

ബെഹ്‌റൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പര്‍മല്‍ സിങ് കേസന്വേഷണം ഏറ്റെടുത്തു. പര്‍മല്‍ സിങ് അക്രമത്തിന്റെ മറ്റൊരു വീഡിയോയുമായി രംഗത്തെത്തി. സിന്‍സിന്‍വര്‍ അറസ്റ്റ് ചെയ്തവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി.

 2017 ജൂലൈ ഒന്‍പത് 

അന്വേഷണം സി.ബി.സി.ഐ.ടി.ക്ക് കൈമാറപ്പെടുന്നു. ക്രൈം ബ്രാഞ്ച് അഡീഷണല്‍ എസ്.പി ഗോവിന്ദ് ദേത്ത മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായി രംഗത്തെത്തി. എഫ്.ഐ.ആറില്‍ പറഞ്ഞ ആറു പേരും അക്രമം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് ഗോവിന്ദ് ദേത്ത കണ്ടുപിടിച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത് എന്നായിരുന്നു ഗോവിന്ദ് ദേത്തയുടെ വാദം. അക്രമികളുടെ പേരുകള്‍ പെഹ്‌ലുഖാന്‍ എങ്ങിനെ അറിഞ്ഞുവെന്ന സംശയം കൂടി ഉന്നയിച്ച് പെഹ്‌ലുഖാന്റെ മരണമൊഴി ഉള്‍പ്പെടെ ചോദ്യം ചെയ്ത ഗോവിന്ദ് ദേത്ത ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചു. മരണമൊഴിയില്‍ പറഞ്ഞ ആറു പേരും ഇതോടെ രക്ഷപ്പെട്ടു.

 2017 സെപ്റ്റംബര്‍ 

പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പേരുപറഞ്ഞ ആറുപേരെയും സി.ബി.സി.ഐ.ഡി കുറ്റവിമുക്തരാക്കി. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ വേറെ ഒന്‍പതു പേര്‍ക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു.

 2019 മെയ് 

പെഹ്ലുഖാന്റെ രണ്ടു മക്കള്‍ക്കതിരെയും പശുക്കളെ നിയമ വിരുദ്ധമായി കശാപ്പിനായി കൊണ്ടുപോയി എന്ന കുറ്റം ചുമത്തി രാജസ്ഥാന്‍ ബോവൈന്‍ അനിമല്‍ ആക്റ്റ് 1995 പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചു.
പെഹ്‌ലുഖാനെ കൊന്ന പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാവഴികളും ഒരുക്കിയ പോലീസ് അദ്ദേഹത്തിന്റെ മക്കളെ കുടുക്കാന്‍ പുതിയ കേസുമായി രംഗത്തെത്തുകയായിരുന്നു.

 2019 ഓഗസ്റ്റ് 7 

പെഹ്‌ലുഖാന്‍ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 44 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയാക്കി വിചാരണ അവസാനിച്ചു.

 2019 ഓഗസ്റ്റ് 14 

പെഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി ആറുപ്രത്രികളെയും നിരുപാധികം വിട്ടയച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിച്ച കേസില്‍ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ വളരെ എളുപ്പമായി.

പെഹ്‌ലുഖാന്‍ കേസ് രാജസ്ഥാന്‍ പോലീസ് അട്ടിമറിച്ചതെങ്ങനെ ?

മൂന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച ആശയക്കുഴപ്പം തന്നെ ഇതില്‍ പ്രധാനം. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയപ്പോള്‍ തെളിവായി വരുന്ന വീഡിയോ ദൃശ്യം മാറുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളും മാറുന്നു. ക്രൈംബ്രാഞ്ച് വന്നപ്പോള്‍ വേറെ പ്രതികളായി. മരണമൊഴിയിലുള്ള പ്രതികളെ ആദ്യമേ തന്നെ രക്ഷപ്പെടുത്തി. അന്വേഷണത്തില്‍ രാജസ്ഥാന്‍ പൊലീസിന്റെ അനാസ്ഥ പ്രതികള്‍ക്ക് രക്ഷപെടാന്‍ കൃത്യമായ വഴി തുറന്നു നല്‍കി.

പ്രതികള്‍ക്കെതിരെയുള്ള പ്രധാന തെളിവായിരുന്ന വീഡിയോ ഉറവിടത്തെ കുറിച്ച് പോലീസ് തന്നെ സൃഷ്ടിച്ച ആശയക്കുഴപ്പം ഇതെല്ലാം തെളിവുകളുടെ വിശ്വാസ്യത ഇല്ലാതാക്കി. വീഡിയോയില്‍ കുടുങ്ങിയ അക്രമികളുടെ ചിത്രങ്ങളും വീഡിയോയും ആദ്യം അന്വേഷണം നടത്തിയ സിന്‍സിന്‍വര്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചില്ല. പിന്നീട് വീഡിയോ കൈവശമില്ല എന്നായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്. ഉറവിടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനും പോലീസിന് കഴിഞ്ഞില്ല.

തുടര്‍ന്ന കേസില്‍ രണ്ടാമത് അന്വേഷണം നടത്തിയ പര്‍മാല്‍ സിങ് കൊണ്ടു വന്ന വീഡിയോ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ പകര്‍ത്തിയതാണെന്ന് പറഞ്ഞിരുന്നു. കോടതിയിലെത്തിയപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൂറുമാറി. ഇതോടെ ഈ വീഡിയോയുടെ വിശ്വാസ്യതയും കോടതിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അക്രമത്തിന്റെ രണ്ടു വീഡിയോകളും കോടതി തള്ളി.

അഭിപ്രായ വ്യത്യാസമുള്ള രണ്ടു സംഘം ഡോക്ടര്‍മാരും രണ്ടു സെറ്റ് പ്രതികളും കൂടി ആയതോടെ കേസ് ആകമാനം ആശയക്കുഴപ്പത്തിലായി.

വ്യത്യസ്ത അഭിപ്രായങ്ങളുള്ള രണ്ട് സംഘം ഡോക്ടര്‍മാരെയാണ് പൊലീസ് കോടതിയിലെത്തിച്ചത്.

പെഹ്‌ലുഖാന്റെ മരണം ഹൃദായാഘാതം മൂലമാണെന്ന് ആശുപത്രിയില്‍ ചികിതിസിച്ച ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചപ്പോള്‍, മര്‍ദ്ദനം മൂലമുണ്ടായ മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നായിരുന്നു മരണമെന്ന് പോസ്റ്റു മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ കോടതില്‍ പറഞ്ഞു.

തന്റെ കക്ഷികള്‍ക്കുമേല്‍ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. സംഭവം കണ്ട ഒരു ദൃക്സാക്ഷി പോലും തന്റെ കക്ഷികളെ തിരിച്ചറിഞ്ഞിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ അത് തെളിവായി അനുവദിക്കരുതെന്നുമുള്ള വാദങ്ങളും കോടതി അംഗീകരിച്ചു.

ഒരു നിരപരാധിയെ തല്ലിച്ചതച്ചു കൊന്ന സംഘപരിവാര്‍ ക്രിമിനലുകള്‍, ഇവരെ രക്ഷിക്കാന്‍ വഴിയൊരുക്കിയ പോലീസ്, അവസരത്തിനൊത്ത് സൃഷ്ടിക്കപ്പെട്ട പുകമറയുടെ പേരില്‍ പ്രതികളെ വിട്ടയച്ച കോടതി, എല്ലാകൈകളിലും പെഹ്‌ലുഖാന്‍ എന്ന നിരപരാധിയുടെ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹ മനസാക്ഷി എന്തു ചിന്തിക്കുന്നു എന്നു തിരിച്ചറിഞ്ഞ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് ഇനി പെഹ്‌ലുഖാന്റെ കുടുംബത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *