Mon. Dec 23rd, 2024
ശ്രീനഗര്‍ :

പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച്‌ കശ്മീരിലെ ശ്രീനഗറില്‍ സൈനികരുടെ നേര്‍ക്ക് കല്ലേറ്. പ്രതിഷേധക്കാരെ നിയന്ത്രണ വിധേയമാക്കാൻ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധിപേർക്ക് പരുക്കേറ്റു. സംഘര്‍ഷങ്ങളെ തുടർന്ന്, ജമ്മുവിലും കശ്മീരിലുമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തി.

സുരക്ഷാ ഭീഷണിയെ ചൊല്ലി നിർത്തലാക്കുകയും ദിവസങ്ങൾക്കു ശേഷം, വെളളിയാഴ്ച രാത്രിയോടെ പുന:സ്ഥാപിച്ചതുമായ ഇന്റര്‍നെറ്റ് സൗകര്യം വീണ്ടും വിച്ഛേദിച്ചു. നിലവിൽ, ഇന്റര്‍നെറ്റിനൊപ്പം മൊബൈലിനും കശ്മീരില്‍ വിലക്ക് തുടരുകയാണ്. കനത്ത സുരക്ഷയില്‍ ശ്രീനഗര്‍ ജില്ലയിലെ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നേക്കും. അതേസമയം, സംസ്ഥാനത്ത് 4000 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

അറസ്റ്റിലായവരുടെ എണ്ണത്തെ സംബന്ധിച്ച ശരിയായ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പൊതുസുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്യപ്പെട്ടവരെ, വിചാരണ കൂടാതെ തന്നെ രണ്ടു വര്‍ഷംവരെ തുറങ്കിലടയ്ക്കാനുള്ള അനുമതി സർക്കാരിന് നല്കപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലുണ്ടായ വ്യാപക അറസ്റ്റിൽ ഈ അനുമതി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

നൂറിലധികം പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസപ്രവർത്തകരും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ നൽകുന്ന സൂചന. വാര്‍ത്തവിനിമയ സംവിധാനങ്ങളില്‍, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ തന്നെ സാറ്റലൈറ്റ് ഫോണ്‍ വഴിയായിരുന്നു സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്, മജിസ്ട്രേറ്റ് തന്നെ അറസ്റ്റിലായവരുടെ കണക്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *