ന്യൂഡല്‍ഹി:
ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ക്കു പുറമേ അന്തര്‍ദേശീയ വിഷയങ്ങളും വിദേശ നിക്ഷേപം പിന്‍വലിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എഫ്.പി.ഐ നികുതിയും ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഏര്‍പ്പെടുത്തിയ സൂപ്പര്‍റിച്ച് ടാക്‌സും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ആഗോള പിപണിയിലെ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പൂര്‍ണമായും ഒഴിഞ്ഞിട്ടുമില്ല.
ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ബലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന പരോക്ഷ നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവാണുണ്ടായത്. ഇത് ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനാണ് ഈ സാമ്പത്തിക വര്‍ഷം സൂപ്പര്‍ റിച്ച് ടാക്‌സ് ഉള്‍പ്പെടെ പുതിയ പ്രത്യക്ഷ നികുതികള്‍ അടിച്ചേല്‍പിക്കാനുള്ള തീരുമാനമെടുത്തത്. ഇതും വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഓഹരി വിപണിയിലെ ചലനങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
രണ്ട് കോടി രൂപയോ അതിലധികമോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴ് ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ സര്‍ച്ചാര്‍ജായി ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ആദായ നികുതിക്കു പുറമേ ആണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ സര്‍ചാര്‍ജ്.
ഈ പുതിയ നികുതി തങ്ങള്‍ക്കുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം വ്യക്തമായതോടെയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
സൂപ്പര്‍ റിച്ച് ടാക്‌സ് എഫ്.പി.ഐ നിക്ഷേപകരെ ബാധിക്കുന്നതിങ്ങനെ..
ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുള്ള എഫ്.പി.ഐ.കളില്‍ പലതും ഒരു കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി സ്ഥാപനമായോ രജിസ്റ്റര്‍ ചെയ്യാത്തവയാണ്. അസോസിയേഷന്‍ ഓഫ് പേഴ്സണ്‍സ് (A.O.P) എന്ന പേരിലാണ് ഈ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ നികുതി അടച്ചു വന്നിരുന്നത്.
നിയമത്തിന്റെ കണ്ണില്‍ A.O.P-യെ ഒരു വ്യക്തിയായാണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ വ്യക്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സൂപ്പര്‍ റിച്ച് ടാക്‌സ് ഈ സ്ഥാപനങ്ങളും അടയ്‌ക്കേണ്ടി വരും. സാധാരണ നിരക്കിലുള്ള ആദായ നികുതിക്കു പുറമേ ഏഴു ശതമാനം സൂപ്പര്‍ റിച്ച് ടാക്‌സ് കൂടി നല്‍കുന്നതിനേക്കാള്‍ നല്ലത് കച്ചവടം നിര്‍ത്തുന്നതാണ് എന്നാണ് എഫ്.പി.ഐ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട്. ഇതു തന്നെയാണ് ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടാന്‍ പ്രധാന കാരണമാകുന്നത്.
ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇക്വിറ്റിയിലും കടപത്രത്തിലുമായി നിക്ഷേപിക്കപ്പെട്ടിരുന്ന 2,985.88 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടയില്‍ എണ്ണായിരെ കോടി രൂപയിലധികം വരുന്ന നിക്ഷേപങ്ങള്‍ പിന്‍ലിച്ചിട്ടുള്ളത്.
സാമ്പത്തിക രംഗത്തു നിലനില്‍ക്കുന്ന ആശങ്കകള്‍ കാരണം നിരവധി എഫ്.പി.ഐ നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റ് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ 16 വരെയുള്ള കാലയളവില്‍ 10,416.25 കോടി രൂപയുടെ ഓഹരികള്‍ വിറ്റതായി ഓഹരിവിപണിയിലെ നിക്ഷേപക ഡാറ്റ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ കാലയളവില്‍ 2,096.38 കോടി ഡോളര്‍ ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണുന്നത് നെഗറ്റീവ് ട്രെന്‍ഡ്
ഓഗസ്റ്റുമാസത്തില്‍ ഇതുവരെ നടന്ന 10 ട്രേഡിംഗ് സെഷനുകളില്‍ ഒമ്പതിലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നെറ്റ് സെല്ലര്‍മാരായിരുന്നു. ഇത് എഫ്.പി.ഐ നിക്ഷേപത്തോടുള്ള തീവ്ര നെഗറ്റീവ് വികാരം തന്നെയാണ് കാണിക്കുന്നതെന്ന് മോര്‍ണിംഗ്സ്റ്റാറിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
എഫ്പിഐയ്ക്കുള്ള ഉയര്‍ന്ന നികുതി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നത് വിദേശ നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചു. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് പ്രഖ്യാപിച്ച ബജറ്റില്‍ സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ അവതരിപ്പിച്ച ഉയര്‍ന്ന സര്‍ചാര്‍ജും ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് പുറത്തുകടക്കാന്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതായി ശ്രീവാസ്തവ വ്യക്തമാക്കി.
ഇതു കൂടാതെ നിരവധി ആഭ്യന്തര, ആഗോള ഘടകങ്ങളും ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് വിദേശ ഫണ്ടുകള്‍ ഒഴിഞ്ഞുപോകാന്‍ കാരണമായി. ഇതിന്റെ പ്രതിഫലനമാണ് ജൂലൈയിലും ഓഗസ്റ്റ് ആദ്യവും കണ്ടത്.
സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പ്രകടനത്തില്‍ കാര്യമായ മാന്ദ്യം ഉണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളും തിരിച്ചടിയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാര രംഗത്തും വരുമാനത്തിലും അനുഭവപ്പെട്ട കുറവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള കാലയളവില്‍ വ്യാപാര രംഗം വന്‍ തിരിച്ചടിയാണ് നേരിട്ടത്. വാഹന വിപണിയുള്‍പ്പെടെയുള്ള മേഖലകളിലെല്ലാം വില്‍പന കുത്തനെ ഇടിഞ്ഞു.
ആഗോള രംഗത്ത് യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും, യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളതായി സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന പല സാമ്പത്തിക നയങ്ങളും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അത്ര മെച്ചപ്പെട്ട ചിത്രങ്ങളല്ല നല്‍കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക നില എന്താകും എന്നതിനെ കുറിച്ച് ഇപ്പോഴും വലിയ പ്രതീക്ഷകളൊന്നും എഫ്.പി.ഐ നിക്ഷേപകര്‍ക്കില്ല.