Mon. Dec 23rd, 2024
#ദിനസരികള്‍ 853

 

കാഞ്ചന സീതയില്‍ അഭൌമികമായ പരിവേഷങ്ങളില്‍ നിന്നെല്ലാം വിമുക്തരായ സീതാരാമന്മാരേയും ലവകുശന്മാരേയും മറ്റും നാം കണ്ടു ഞെട്ടുന്നതിന് മുമ്പ് ജി. അരവിന്ദന്‍ ചെറിയ ലോകവും വലിയ മനുഷ്യരും എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പര ചെയ്തിട്ടുണ്ടായിരുന്നു. ഉണ്ടെന്ന് ചിലരെങ്കിലും കരുതുകയും അങ്ങനെ അഭിനയിക്കുകയും ചെയ്യുന്ന അസാമാന്യമായ തിളക്കങ്ങളെയെല്ലാം മാറ്റി വെച്ചു കൊണ്ട് ജീവിതത്തിന്റെ പച്ചയായ മുഖങ്ങളെയായിരുന്നു അരവിന്ദന്‍ അന്ന് തന്റെ കാര്‍ട്ടൂണിലൂടെ വരച്ചിട്ടത്. അങ്ങനെ ചായം തേക്കാതെ മുഖവുമായി മനുഷ്യരോട് സംവദിച്ചതുകൊണ്ടായിരിക്കണം ആ കാര്‍ട്ടുണ്‍ പരമ്പര അത്രയും ജനകീയമായതും പിന്നീട് നാം കാണുന്ന എഴുപതുകളിലെ അരവിന്ദന് ചവിട്ടി നില്ക്കാന്‍ നിലമൊരുക്കിയതും.

യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചുകൊണ്ട് തിളക്കം നിലനിറുത്തുവാന്‍ വെമ്പുന്ന ഒരു കപടലോകത്തിലേക്കാണ് അരവിന്ദന്റെ രാമു ആദ്യമായി കടന്നു വരുന്നത്. അന്നൊരു റിപ്പബ്ലിക് ഡേയായിരുന്നു. അഭ്യസ്തവിദ്യനായ രാമു പക്ഷേ തൊഴില്‍രഹിതനായിരുന്നെങ്കിലും പ്രതീക്ഷ നിറഞ്ഞ ഒരു മുഖം അവനുണ്ടായിരുന്നു. ചുറ്റും മനോഹരമായി വേഷം ധരിച്ച യുവതികളുടെ ആഘോഷ പ്രകടനവും പോലീസ് സേനയുടെ പരേഡും നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളുമൊക്കെ നടക്കുന്നത് രാമു ആസ്വദിക്കുന്നുണ്ട്. എന്നാലും ഈ കൊട്ടിഘോഷിക്കലുകള്‍ക്കപ്പുറത്ത് തൊഴിലില്ലായ്മ ഒരു വസ്തുതയായി നിറഞ്ഞു നില്ക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് നോ വേക്കന്‍സി ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ട്. ജീവിതത്തിന്റെ തുടക്കത്തിലേക്ക് മാത്രം കടന്ന രാമുവിന് പക്ഷേ ജോലിയില്ലായ്മ ഖേദിക്കുവാനുള്ള ഒരു കാരണമായി മാറിയിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ ബോര്‍ഡുകൂടി ഇല്യുമിനേറ്റ് ചെയ്ത് ഭംഗി കൂട്ടാന്‍ മാനേജറോട് രാമുവിന് പറയാനുള്ള മാനസികാവസ്ഥയുണ്ടായിരുന്നു. പോകപ്പോകെ തൊഴിലില്ലായ്മ രാമുവിന്റെ ജീവിതത്തിലെ ഏറ്റവും മൂര്‍ത്തമായ ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഒന്നുകില്‍ സ്കൂള്‍ ഉടമയുടെ മകളെ വിവാഹം കഴിയ്ക്കണം അല്ലെങ്കില്‍ രണ്ടായിരം രൂപ ദക്ഷിണയായി നല്കണം എന്ന അന്തരാളഘട്ടത്തില്‍ മിഴിച്ചു നിന്നു പോകുന്ന രാമുവിനെ വരച്ചിട്ടുകൊണ്ട് ഒരു കാലത്തു നിലനിന്നിരുന്ന തൊഴിലില്ലായ്മയേയും സാമൂഹ്യാവസ്ഥയേയും അരവിന്ദന്‍ കൃത്യമായും സൂചിപ്പിക്കുന്നു.

അങ്ങനെ ഒരു കാലഘട്ടം അഭിമുഖീകരിച്ച മുഴുവന്‍ പ്രതിസന്ധികളേയും അരവിന്ദന്‍ കാര്‍ട്ടൂണീകരിച്ചു. കാര്‍ട്ടൂണ്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് പ്രഥമമായി തോന്നുന്ന ചിരിയെന്ന സാധ്യത അരവിന്ദന്‍ – ബോധപൂര്‍വ്വമെന്നു പറയാനാകില്ലെങ്കിലും തുലോം വിരളമായിരുന്നു.- ഒന്ന് കണ്ണു നിറയാതെ ചിരിക്കാനാകാത്ത വിധം തന്റെ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാത്തരം സന്ത്രാസങ്ങളും അനുഭവിച്ചുകൊണ്ടാണ് ആ കഥാപാത്രങ്ങള്‍ മലയാളികളെ തൊട്ടുനിന്നത്. അതു പക്ഷേ ഒ.വി. വിജയന്‍ ധര്‍മ്മപുരാണത്തില്‍ ചെയ്തതുപോലെ പൊട്ടിത്തെറിയുടേതായ ഒരു ഘട്ടവുമുണ്ടാക്കിയില്ല. തന്റെ കടുത്ത പ്രതിഷേധങ്ങളെപ്പോലും മുദ്രാവാക്യങ്ങളായി പരിണമിപ്പിക്കാതെ ആവിഷ്കരിക്കാന്‍ കഴിഞ്ഞുവെന്നത് അരവിന്ദന്റെ വലിയ വിജയമായി ചിലരെങ്കിലും വിലയിരുത്തിയേക്കാം. വിജയന്‍ എല്ലാതരം വ്യവസ്ഥിതികളോടും തുടരെത്തുടരെ ഏറ്റു മുട്ടി കോലാഹലങ്ങളുണ്ടാക്കിയപ്പോള്‍ അരവിന്ദനാകട്ടെ ഉള്ളു പൊള്ളയായ അത്തരം അവസ്ഥകളുടെ മുഖത്തുറ്റു നോക്കി സൌമ്യമായി ചിരിച്ചതേയുള്ളു. എന്നാല്‍ ആ ചിരിയാകട്ടെ ഏതു ദുര്‍വഹമായ കോട്ടകൊത്തളങ്ങളേയും കടന്നേറുവാന്‍ കെല്പുള്ളതായിരുന്നു. അത് എല്ലാം കണ്ടറിയുന്നവന്റെ ആനന്ദരഹിതമായ ചിരിയായിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് കാല്‍ നൂറ്റാണ്ടു തികയുന്നതിനു മുമ്പു തന്നെ രാഷ്ട്രീയ മാമാങ്കങ്ങളില്‍ ജനം അവിശ്വാസം പ്രകടിപ്പിക്കാന്‍‍ തുടങ്ങിയിരുന്നു. ഒരു കാലത്ത് മൂല്യങ്ങളായി കണ്ടിരുന്നവയെല്ലാം തന്നെ ചുവടു വെച്ചേ ചീഞ്ഞു പോകുന്നതിന്റേയും ജീവിതത്തിന്റേയും രാജ്യത്തിന്റേയുമൊക്കെ പ്രത്യാശയാകുമെന്ന് നിനച്ചിരുന്നവയൊക്കെ വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതിന്റേയും വ്യഥകള്‍ അരവിന്ദന്‍ ആവിഷ്കരിക്കുന്നുണ്ട്. ഒരിലക്ഷന്‍ കാലത്തെ സ്ഥാനാര്‍ത്ഥികളുടെ വെപ്രാളങ്ങളെ നേരിട്ടു കണ്ട രാമു, നില്ക്കുക ഒരു വിഷമം പിടിച്ച സംഗതി തന്നെ സംശയമില്ല എന്ന് ഗുരുജിയോട് പറയുമ്പോള്‍, അതിന്റെ ക്ഷീണം തീര്‍ക്കാനാവും അടുത്ത അഞ്ചു വര്‍ഷം ഫാനിന്റെ ചുവട്ടില്‍ കുഷന്‍ഡ് കസേരയില്‍ കിടന്നുറങ്ങുന്നത് എന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി എന്ന വിഖ്യാതമയാ പല്ലവി ഇവിടെ കേവലം അസംബന്ധമായി മാറിയിരിക്കുന്നുവെന്നാണ് ഗുരുജി സൂചിപ്പിക്കുന്നത്. പ്രതീക്ഷാ നഷ്ടത്തിന്റെ ഖിന്നത തൂങ്ങി നില്ക്കുന്ന ഒരു കാലഘട്ടത്തിന്റെ കണ്ണാടിയായി ഇവിടെ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും മാറുന്നു.

വെള്ളം കയറാത്തതായ അറകളൊന്നും അവശേഷിക്കാത്ത ഒന്നായി എല്ലാ മേഖലകളും മാറുന്നുണ്ട്. ജാതിയും മതവും സമൂഹത്തെ നിയന്ത്രിക്കുകയും നിയമിക്കുകയും ചെയ്യുന്ന അവസ്ഥകളിലേക്ക് ജനത കൂപ്പുകുത്തിത്തുടങ്ങുന്നു. കേമന്മാരായ കച്ചവടക്കാര്‍ ഒരേ സമയം വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഓടിത്തുടങ്ങുന്നതിന്റെ ആദ്യകാലദൃശ്യങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നു. നേരിട്ടു വന്ന സ്ഥാനാര്‍ത്ഥിയോട് എന്തായാലും നമ്മളൊരു ജാതിയല്ലേ എന്നും പിന്നാലെ വന്നവരോട് വിപ്ലവാഭിവാദ്യങ്ങള്‍, നമുക്ക് പന്തംകൊളുത്തി ഉശിരന്‍ പ്രകടനം വേണ്ടേ എന്നും ചോദിക്കുന്ന മുതലാളി ഇന്നത്തെപ്പോലെ അന്നും അരങ്ങു വാഴുന്നുണ്ട്.

ഏതാണ് ശരി എന്നല്ല, എതാണ് എനിക്ക് ശരി എന്ന് ഒതുങ്ങിപ്പോകുന്ന ഒരു കാലഘട്ടത്തിന്റെ ആശാനിരാശകളെ ആവിഷ്കരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് അരവിന്ദന്‍. (മറ്റൊരാള്‍ ഒരു പക്ഷേ അബുവായിരിക്കണം) ചേരിയിലെ പാവങ്ങള്‍ക്കു ലോണ്‍ പാസ്സാക്കുന്ന കൂട്ടത്തില്‍ അവരുടെ അഡ്രസ്സില്‍ ഓരോ അപേക്ഷ കൊടുത്ത് തങ്ങള്‍ക്കുകൂടി ഓരോ ലോണ്‍ തരപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന അരവിന്ദന്റെ മലയാളി എല്ലാക്കാലത്തും നിലനില്ക്കുന്ന ഒരുവനാണ്. അതുകൊണ്ടുതന്നെ ചെറിയ മനുഷ്യരും വലിയ ലോകവും ഏതുകാലത്തും നമ്മോട് അര്‍ത്ഥവത്തായി സംവദിച്ചുകൊണ്ടേയിരിക്കും, തീര്‍ച്ച.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *