മാഡ്രിഡ്:
റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന, തീരുമാനത്തിൽ ഒടുവിൽ അയവു വരുത്തി മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. സെൽറ്റ വിഗോയ്ക്ക് എതിരായ സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ, ഉർജ്ജസ്വലനായി നിറഞ്ഞാടിയതോടെയാണ് ബെയ്‌ലിനെ സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്താൻ സിദാൻ തയ്യാറായത്. ഈ സീസണിലും ബെയ്ൽ റയലിൽത്തന്നെ തുടരും എന്ന് സിദാൻ അറിയിച്ചു.
റയൽ നേടിയ ആദ്യ ഗോളിനു വഴിയൊരുക്കിയതിന് പുറമെ പലവട്ടം സെൽറ്റ ഗോൾമുഖത്തേക്ക് തീയുണ്ടകൾ പായിച്ചും പ്രതിരോധത്തെ സഹായിച്ചും ബെയ്ൽ കളം നിറഞ്ഞു. അതേസമയം, സൂപ്പർതാരം ലൂക്ക മോഡ്രിച്ച് മത്സരത്തിന്റെ 56–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായിട്ടും റയൽ 3–1 എന്ന ഗോൾ നിലയിൽ വിജയിക്കുകയായിരുന്നു. കരിം ബെൻസെമ (12’), ടോണി ക്രൂസ് (61’), ലൂക്കാസ് വാസ്ക്വെസ് (81’) എന്നിവർ റയലിനുവേണ്ടി ഗോൾ നേടി. ഇതിൽ, ബെൻസെമ നേടിയ ആദ്യ ഗോളിനു വഴിതെളിച്ചത് ഇടതുപാർശ്വത്തിലൂടെ മുറിച്ചു കടന്ന് ബെയ്ൽ നൽകിയ പാസ്സായിരുന്നു.
പ്രീ–സീസൺ മത്സരത്തിനിടെ പരുക്കേറ്റ മാർക്കോ അസെൻസിയോയ്ക്കു പുറമേ, സൂപ്പർ താരം ഏദൻ ഹസാഡിനു കൂടി പരുക്കേറ്റതോടെയാണു മുന്നേറ്റനിരയിൽ സിദാൻ ബെയ്‌ലിന് അവസരം നൽകിയത്. റയൽ ഗോൾകീപ്പർ തിബോ കോർട്ടോയും മത്സരശേഷം ബെയ്‌ലിനെ പ്രശംസിച്ചു.