Wed. Jan 22nd, 2025
കൊളംബോ:

കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു.
70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന, വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പിനു നടത്തിച്ചത്. എന്നാൽ, ഭക്ഷണമില്ലാതെ എല്ലിൻ കൂടു വരെ പുറത്തു കാണാൻ തുടങ്ങിയ പിടിയാനയുടെ ചിത്രം ലോകമുഴുവനിലും നവമാധ്യമങ്ങൾ വഴി പങ്കുവയ്ക്കപ്പെടുകയും പ്രതിഷേധങ്ങളും പ്രാർത്ഥനകളും ഉണ്ടാവുകയും ചെയ്തു.


ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. എന്നാൽ, സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകം അറിയുന്നത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ടിക്കിരിയായിരുന്നു ചിത്രങ്ങളിൽ.

പ്രകാശം നിറഞ്ഞ ലൈറ്റുകളും ബഹളവും കരിമരുന്നു പുകയും ഈ ആനയ്ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. നിരവധിയാളുകളാണ് ടിക്കിരിയ്ക്ക് വേണ്ടി രംഗത്തെത്തിയത്. കൂടുതൽപ്പേരും പോസ്റ്റ് പങ്കുവച്ചതോടെ ലോകത്തെല്ലായിടത്തും ഈ വാര്‍ത്തയെത്തുകയായിരുന്നു. അതേസമയം, പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ചത്തെ അവസാനഘോഷയാത്രയില്‍ നിന്ന് ടിക്കിരിയെ ഉൾപ്പെടുത്തിയിരുന്നില്ല.

എന്നാൽ, വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു. ആനയുടെ അവസാനത്തെ ചിത്രം പോസ്റ്റ് ചെയ്ത് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, “ഈ ആനയുടെ കിടപ്പ് കണ്ടെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്ന് മനുഷ്യര്‍ പിന്തിരിയട്ടെ”. ആഘോഷപരിപാടികള്‍ക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പോസ്റ്റിലുണ്ട്. അനാരോഗ്യമുള്ള ആനയെ ഉത്സവത്തിനെഴുന്നള്ളിച്ചതിനെ കുറിച്ചന്വേഷിക്കാന്‍ വെള്ളിയാഴ്ച ഉത്തരവിട്ട ശ്രീലങ്കന്‍ സര്‍ക്കാര്‍, ദീര്‍ഘനേരമുള്ള ഘോഷയാത്രയ്ക്ക് ടിക്കിരിയെ പങ്കെടുപ്പിച്ചതെന്തിനായിരുന്നു എന്നതിനെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വന്യജീവി അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതായി ശ്രീലങ്കൻ ടൂറിസം-വനംവകുപ്പ് മന്ത്രി ജോണ്‍ അമാരതുംഗെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *