#ദിനസരികള്‍ 851
ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എം. ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്വേഷണത്തില്‍ അദ്ദേഹം പണപ്പിരിവു നടത്തിയെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ദുരന്തനിവാരണ നിയമം അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിക്കുകയും തഹസില്‍ദാര്‍ പോലീസിന് പരാതി നല്കുകയും ചെയ്തു. അതോടൊപ്പം തന്നെ സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖച്ഛായക്കു കോട്ടംതട്ടിയതിനാല്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്റ് ചെയ്യുവാനും തീരുമാനിച്ചുവെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ നേതൃത്വം അറിയിച്ചു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വാസുദേവന്‍, ഇക്കാര്യത്തില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ തെറ്റായിപ്പോയെന്നും ഓമനക്കുട്ടന്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന് മാനസിക വിഷമമുണ്ടാകാന്‍ ഇടയായ സംഭവവികാസങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്നും വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിച്ചു.” വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.
ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകൾക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തിൽ മനസ്സിലായി.
ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി. അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.” എന്നാണ് റവന്യു സെക്രട്ടറി അഭിപ്രായപ്പെട്ടത്. നിയമപരമായി ഓമനക്കുട്ടനെതിരെയുള്ള നടപടികള്‍ അവസാനിച്ചുവെങ്കിലും നിസ്വാര്‍ത്ഥ സേവനം നടത്തുവാന്‍ മുന്നിട്ടിറങ്ങിയ ഒരു വ്യക്തി അനുഭവിച്ച മാനസിക വിഷമത്തിന് ആരാണ് ഉത്തരവാദിത്തം പറയുക? കള്ളനെന്നു വിളിച്ച് ആക്രോശിച്ച പൊതുസമൂഹത്തിന്റെ അല്പത്തരത്തിന് ആരാണുത്തരവാദിത്തം ഏറ്റെടുക്കുക?
എന്നാലും വേണു വാസുദേവന്‍ പറഞ്ഞ മാപ്പ് അവസാനിപ്പിക്കുന്നതു കൂടി നോക്കുക “ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.” ഇവിടെ അയാള്‍ കുറ്റം ചെയ്തിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ആ കുറ്റത്തിന്റെ മാനവികത പരിഗണിച്ചുകൊണ്ട് അദ്ദേഹത്തെ വിമോചിപ്പിക്കുയെന്ന മഹത്തായ കര്‍മ്മവും അദ്ദേഹം അനുഷ്ഠിക്കുന്നുണ്ട്.
ഇവിടെ നിന്നാണ് നാം ചിന്തിച്ചു തുടങ്ങേണ്ടത്. ക്യാമ്പില്‍ ഒരു കുറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അഥവാ ഒരാളില്‍ കുറ്റമെന്ന് കരുതാവുന്ന ഒരു ഇടപെടലുണ്ടായിരിക്കുന്നു. എന്തു കാരണംകൊണ്ട് ന്യായീകരിച്ചാലും കുറ്റമെന്ന നിലയില്‍ അതവിടെ അവശേഷിക്കുന്നു. ആ കുറ്റം ചെയ്യപ്പെടാനുണ്ടായ സാഹചര്യമെന്തൊക്കെയാണ്? ആരാണ് അത് സൃഷ്ടിച്ചത്? ആരാണ് അതിനുത്തരവാദികളാകുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തെ ഫലപ്രദമായി അവസാനിപ്പിച്ചെടുക്കാന്‍ കഴിയുകയുള്ളു.
അതിനു മുമ്പ് ഓമനക്കുട്ടനെന്ന മനുഷ്യനെ കരിവാരിത്തേയ്ക്കാന്‍ പ്രയത്നിച്ചവരെക്കൂടി നാം ഒന്ന് പരിഗണിച്ചു പോകേണ്ടതുണ്ട്.
ഒന്ന് – സത്യമെന്താണെന്ന് തീര്‍ച്ചപ്പെടുത്താന്‍ ശ്രമിക്കാതെ നാലുപേര്‍ കൂടുതലായി കാഴ്ചക്കാരായി വരാനിടയുണ്ടെന്ന് തോന്നുന്ന എന്തു തോന്ന്യവാസവും വാര്‍ത്തയാക്കി മാറ്റുന്ന കുടിലബുദ്ധികളായ മാധ്യമക്കാര്‍. അക്കൂട്ടര്‍ക്ക് നീതിബോധമെന്നത് തൊട്ടുതെറിച്ചിട്ടേയില്ലെന്നതാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. രാവിലെ മുതല്‍ രാത്രിവരെ ഓമനക്കുട്ടനെന്ന കുറ്റവാളിയെക്കുറിച്ചായിരുന്നു ചര്‍ച്ച. അത്തരത്തിലുള്ള ചര്‍ച്ച ഓമനക്കുട്ടനിലൂടെ സി.പി.ഐ.എം. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെക്കൂടി കരിവാരിത്തേയ്ക്കുക എന്നതുതന്നെയായിരുന്നു. ഒരു പക്ഷേ ഓമനക്കുട്ടന്‍ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ പെട്ടയാളായിരുന്നുവെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ ഇത്രയധികം കൊണ്ടാടുമായിരുന്നില്ല എന്ന കാര്യം വസ്തുതയാണ്.
രണ്ട് – ബഹുമാനപ്പെട്ട മന്ത്രി ജി. സുധാകരന്‍. തീര്‍ച്ചയായും മന്ത്രി കുറച്ചു കൂടി ജാഗ്രത കാണിക്കുകയും ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും തീരെ പക്വതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്ന് വ്യക്തമാകുന്നു. ഇടതുപക്ഷത്തിനെതിരെ എന്തുനുണയും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ലെന്ന് പറയുകയും പഠിപ്പിക്കുയും ചെയ്ത ഒരു നേതാവെന്ന നിലയില്‍ മന്ത്രി സുധാകരന് ഇനിയും കാര്യങ്ങള്‍ മനസ്സിലായില്ലെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍? എന്നു മാത്രവുമല്ല, അവിടെയുള്ള ആരും പറയുന്നത് കേള്‍ക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ല. ജനാധിപത്യമെന്ന പദത്തിന്റെ അര്‍ത്ഥം കവികൂടിയായ അദ്ദേഹം വേണ്ട മനസ്സിലാക്കിയില്ലെന്നാണോ? മംഗളം പത്രത്തില്‍ ജോലി ചെയ്യുന്ന മധു എന്ന വ്യക്തി ആര്‍ക്കും പരാതിയില്ലല്ലോ എന്നു മന്ത്രിയോട് പറയുന്നുമുണ്ട്. മംഗളം പത്രമാണെന്ന് ഓര്‍ക്കണം. സഖാവേ എന്നു വിളിക്കുന്ന സഹപ്രവര്‍ത്തകനെക്കുറിച്ചുയര്‍ന്ന ആക്ഷേപത്തിലെ വസ്തുതകള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും വിലയിരുത്താനുമുള്ള ജാഗ്രത അദ്ദേഹത്തിലുണ്ടായില്ല. സഹപ്രവര്‍ത്തകനെ അദ്ദേഹം മുന്‍വിധിയോടെ കള്ളനാക്കി. അതായത് വ്യക്തിപരമായി എത്ര നല്ലവനായാലും മറ്റുള്ളവരെ വിധിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെങ്കില്‍ സുധാകരന് പറ്റിയ പോലെ എന്നൊരു പഴഞ്ചൊല്ല് ഊറിക്കൂടാന്‍ സാധ്യതയുണ്ട് എന്നതാണ് കഥാന്ത്യം.
മൂന്ന് – റവന്യു അധികാരികള്‍ – തഹസില്‍ദാരും വില്ലേജ് ഓഫീസറുമടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഓമനക്കുട്ടനെ കള്ളനാക്കാന്‍ ശ്രമിച്ചവരാണ്. തഹസില്‍ദാര്‍ പണപ്പിരിവിനെപ്പറ്റി വാചാലയായതു് നാം നേരിട്ടു കണ്ടതാണ്. കളക്ടറേയും മേലുദ്യോഗസ്ഥനേയുമൊക്കെ അറിയിക്കാനും പോലീസില്‍ പരാതിപ്പെടാനും എത്ര കുറഞ്ഞ സമയാണ് അവരെടുത്തത്? നാളിതുവരെ ആ ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് ഈ അമിത വ്യഗ്രത കാണിക്കുന്നതെന്നു കൂടി മനസ്സിലാക്കണം. തീര്‍ച്ചയായും ഒരു കാരണവശാലും ക്ഷമിക്കപ്പെടാനാകാത്ത വീഴ്ചയാണ് റവന്യു അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കൂട്ടത്തിലാരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ ആദ്യമായും അവസാനമായും ഇവരെത്തന്നെയായിരിക്കണം.
പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം – കൂടെ പ്രവര്‍ത്തിക്കുന്ന ഒരുവന്റെ അന്തസ്സിനെ സത്യവിരുദ്ധമായി ഇടിച്ചു താഴ്ത്തുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ശരിയാണെന്ന് ധരിച്ചു കൊണ്ട് നടപടിയെടുക്കാന്‍ കാണിച്ച തിടുക്കം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കുന്നതല്ല. ആരു മനസ്സിലാക്കിയില്ലെങ്കിലും ആ സഖാവിനെ തന്റെ ഘടകം മനസ്സിലാക്കണമായിരുന്നു. അദ്ദേഹം ശരിയാണെങ്കില്‍ അവസാന നിമിഷം വരെ ആ ശരിയോടൊപ്പം നില്ക്കാനുള്ള ജാഗ്രത കാണിക്കണമായിരുന്നു. ഇതിപ്പോള്‍ ഏതൊരു വലതുപക്ഷ കക്ഷികളേയും പോലെ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനുള്ള നീക്കമായിപ്പോയിയെന്ന് പറയാതെ വയ്യ.
പ്രതികളില്‍ നിന്ന് വീണ്ടും ഈ സാഹചര്യം സൃഷ്ടിക്കപ്പെടാനുള്ള കാരണമെന്ത് എന്ന ചോദ്യത്തിലേക്ക് മടങ്ങുക. തീര്‍ച്ചയായും ക്യാമ്പ് നടത്തിപ്പിന് ചുമതലപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വലിയ വീഴ്ച പറ്റിയിരിക്കുന്നു. അയാള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട മേലുദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തുല്യപ്രതികളാണ്. തങ്ങള്‍ക്കു പറ്റിയ വീഴ്ച മറച്ചു വെക്കാനുള്ള തത്രപ്പാടാണ് ഓമനക്കുട്ടനെ പ്രതിയാക്കി മാറ്റുവാനുള്ള അമിത വ്യഗ്രതയുടെ പുറകില്‍ പ്രവര്‍ത്തിച്ചത് എന്ന കാര്യം സ്പഷ്ടമാണ്. അതുകൊണ്ട് ഓമനക്കുട്ടന് പിരിവെടുക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരക്കൂടി ശിക്ഷിച്ചാല്‍ മാത്രമേ ഓമനക്കുട്ടനോട് ചോദിച്ച മാപ്പിന് മനുഷ്യത്വത്തിന്റെ മുഖം ലഭിക്കുകയുള്ളു.അതല്ലെങ്കില്‍ വ്യര്‍ത്ഥമായ വാചകക്കസര്‍ത്തുമാത്രമായി റവന്യു സെക്രട്ടറിയുടെ മാപ്പപേക്ഷ മാറും.
ഈ സംഭവത്തില്‍ പ്രത്യക്ഷമായി നമുക്ക് അനുഭവവേദ്യമായ വശങ്ങളെ മാത്രമാണ് നാം പരിശോധിച്ചത്. എന്നാല്‍ ദീര്‍ഘമായി ഉപന്യസിക്കേണ്ട മറ്റൊരു ഘടകം കൂടി ഇതിലുണ്ട്. അത് ഗൂഡമായി പ്രവര്‍ത്തിക്കുന്ന ജാതിയാണ്. ഇത്രയും കാലമായി തങ്ങളുടെ ക്യാമ്പുകളില്‍ കാര്യങ്ങള്‍ നടക്കുന്നത് ഇങ്ങനത്തന്നെയാണെന്നാണ് അവിടുത്തെ അന്തേവാസികള്‍ ഏകസ്വരത്തില്‍ പറയുന്നത്. അതോടൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷമേ ആയിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇത്രമാത്രം കൊണ്ടു പിടിച്ച രീതിയില്‍ കാര്യക്ഷമമായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ആയിട്ടുള്ളുവെന്നും അതിനു മുമ്പേയും ഇവിടെ ക്യാമ്പുകളുണ്ടായിരുന്നുവെന്നും അന്നും ആരും ശ്രദ്ധിക്കാനില്ലാതെ തങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ പിരിവെടുത്തും കടം വാങ്ങിയും കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ഓമനക്കുട്ടനും മറ്റ് ആളുകളും പറയുന്നു. അതേ രീതിതന്നെയാണ് ഇപ്പോഴും അവര്‍ അവലംബിച്ചിരിക്കുന്നത്.
അതായത് സര്‍ക്കാരിന്റെ കരങ്ങള്‍ ഏറെ നാളുകളായി ഈ അധസ്ഥിത വിഭാഗത്തെ തൊട്ടറിയുവാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തു പുരോഗമനത്തെക്കുറിച്ചാണ്, ആരുടെ ക്ഷേമത്തെക്കുറിച്ചാണ്, എന്തു തരത്തിലുള്ള സത്യസന്ധതയെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്? ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നെ ഇതാണെന്ന് തോന്നുന്നു. അതായത് ജാതിയില്‍ താണവന്‍ എന്നും അതായിത്തന്നെ നിലകൊള്ളണമെന്നും അതിനപ്പുറത്തേക്കുള്ളതൊക്കെ അവന്‍ തീണ്ടാതെ ശുദ്ധമായിരിക്കണമെന്നും ചിന്തിക്കുന്ന സവര്‍ണ ബോധത്തിന്റെ സൃഷ്ടിയാണ് ഓമനക്കുട്ടന്‍ സംഭവം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഓമനക്കുട്ടനെ കള്ളനാക്കിയതും ഇപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരാന് ശ്രമിക്കുന്നതും ഒരേ സവർണ്ണ ജാതീയതയുടെ വെളിപ്പെടലുകള്‍ തന്നെയാണ്. മാപ്പു പറച്ചില്‍ പോലും തങ്ങള്‍ക്കുണ്ടായ വീഴ്ചകളെ മറച്ചു വെച്ചു കൊണ്ടും ഓമനക്കുട്ടനെ പ്രതിയാക്കി നിറുത്തിക്കൊണ്ടുമാണെന്നതു കൂടി ശ്രദ്ധിക്കുക. അതായത് അധസ്ഥിതന്‍ തന്നെയാണ് പ്രതി, മേലാളന്മാരായ ഞങ്ങളല്ല എന്നു ചിന്തിക്കുന്നവന്റെ വാഗ്വിലാസം മാത്രമാണ് ഈ മാപ്പുപറച്ചിലെന്ന കാര്യത്തില്‍ സംശയമേതുമില്ല.
കാരണങ്ങളെ വേരോടെ പിഴുതുമാറ്റുവാനും ഓമനക്കുട്ടന്മാരെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടത്. നമുക്കത് കഴിയും. കാരണം ഓമനക്കുട്ടന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ നീണ്ടുചെന്ന കൈകള്‍ ഇപ്പോഴും ഇവിടെ അവേശഷിക്കുന്നുണ്ടല്ലോ!
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.