ജയ്‌പൂർ:
കാലിക്കടത്ത് ആരോപിച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ചുകൊന്ന പെഹ്‍ലു ഖാന്റെ കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ടു വർഷം മുമ്പ് പെഹ്‍ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി ബുധനാഴ്ച വെറുതെ വിട്ടിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
2017 ഏപ്രിൽ ഒന്നിനാണ് ഹരിയാനയിലെ ജയ്‌സിംഗ്‌പുര സ്വദേശികളായ പെഹ്‌ലു ഖാനേയും രണ്ടു പുത്രന്മാരേയും ഹിന്ദു സംഘടനയുടെ അംഗങ്ങൾ ചേർന്ന് ആക്രമിക്കുന്നത്. ജയ്‌പൂരിൽ നിന്നും ഒരു പിക്കപ്പ് വാനിൽ കന്നുകാലികളുമായി യാത്ര ചെയ്യുകയായിരുന്നു അവർ. ബെഹ്‌റോർ എന്ന സ്ഥലത്തുവെച്ചാണ് ഇവർക്കെതിരെ ആക്രമണം നടന്നത്. മർദ്ദനത്തിൽ അവശനായി ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച പെഹ്‌ലു ഖാൻ ഏപ്രിൽ മൂന്നിന് മരണപ്പെടുകയായിരുന്നു.
പ്രതികളായ വിപിൻ യാദവ്, കാലു രാം, ദയാനന്ദ്, രവീന്ദ്ര കുമാർ, യോഗേഷ് കുമാർ, ഭീം രാത്തീ, ദീപക് എന്നിവരെയാണു കോടതി വെറുതെ വിട്ടത്. പ്രായപൂർത്തിയാവാത്ത രണ്ടു പ്രതികൾ കൂടെ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.