#ദിനസരികള്‍ 850
പതനത്തിന്റെ കേരള മാതൃക എന്ന ലേഖനത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ എഴുതുന്നു;- ജറേഡ് ഡയമണ്ട് എഴുതിയ പതനം എന്ന പുസ്തകത്തില്‍ പുരാതന മനുഷ്യസംസ്കാരങ്ങള്‍ എങ്ങനെ പരിസ്ഥിതി അപചയത്താല്‍ തകര്‍ന്നു പോയി എന്ന് വിശദീകരിക്കുന്നുണ്ട്. സമ്പത്തിന്റെ അത്യുന്നതമായ കൊടുമുടിയില്‍ നിന്നും താഴേക്കുള്ള പതനത്തിനു പൊതുവായ കാരണം മരണപ്പെട്ട സംസ്കാരങ്ങളുടെ രോദനം ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാമെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതി വിഭവങ്ങളുടെ നാശമാണ് ക്ഷയത്തിന്റെ ആരംഭം കുറിക്കുന്നത്. ഇതിനെ എക്കോളജിക്കല്‍ ആത്മഹത്യ അല്ലെങ്കില്‍ എക്കോസൈഡ് എന്ന് വിളിക്കാവുന്നതാണ്. പഴയ സംസ്കാരങ്ങളുടെ തകര്‍ച്ചയില്‍ പരിസ്ഥിതി ക്ഷയങ്ങളാണ് കാണുന്നത്.അവയില്‍ ചിലത് വനനശീകരണം, മണ്ണിന്റെ അപചയം, മണ്ണൊലിപ്പ്, മണ്ണിന്റെ വര്‍ദ്ധിച്ച അമ്ലീകരണം, ജലമാനേജ്മെന്റിന്റെ അഭാവം, അപരിമിതമായ വേട്ടയാടലും മത്സ്യബന്ധനവും എന്നിവയാണ്.” ഇക്കാരണങ്ങള്‍ തന്നെയാണ് ഇക്കാലങ്ങളിലും നമ്മെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രകൃതി പരീക്ഷണങ്ങളെന്ന് ഒന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
അതുകൊണ്ടു ഇനിയെങ്കിലും പ്രകൃതിയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിത രീതിയെക്കുറിച്ചും വികസന സങ്കല്പങ്ങളെക്കുറിച്ചുമൊക്കെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍തന്നെ നാമിവിടെയുണ്ടാക്കിയിട്ടുള്ള മുറിവ് ഉണക്കാന്‍ എത്ര കാലം പിടിക്കുമെന്ന് സുനിശ്ചിതമായി പറയുക വയ്യ. മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള എല്ലാ “നശീകരണ വികസനങ്ങളും” നാം നടപ്പിലാക്കിയിട്ടുണ്ട്. നമ്മുടെ വമ്പന്‍ പ്രൊജക്ടുകളില്‍ പാരിസ്ഥിതികാഘാതത്തെക്കുറിച്ച് പേരിനെന്തെങ്കിലും ചര്‍ച്ച ചെയ്ത് ഉണ്ടാകാനിടയുള്ള വിവാദങ്ങളെ അവസാനിപ്പിക്കുക എന്നല്ലാതെ എത്രകണ്ട് ആത്മാര്‍ത്ഥതയുണ്ട് എന്ന ചോദ്യം തന്നെ അസ്ഥാനത്തുള്ളതാണ്.
രണ്ടു പ്രളയങ്ങളെ അടുത്തടുത്ത രണ്ടു വര്‍ഷങ്ങളില്‍ നേരിട്ടു കണ്ടതിന്റെ അനുഭവത്തിലെങ്കിലും പ്രകൃതിയോട് മയത്തിലാകുക എന്നൊരു സമീപനം നമ്മിലുണ്ടാകേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ഒലിച്ചു പോയ സംസ്കാരങ്ങളുടെ ദുര്‍ഗതി തന്നെയായിരിക്കും നമ്മേയും കാത്തിരിക്കുകയെന്ന കാര്യം സുനിശ്ചിതമാണ്. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. ഒരു നിയമം ആവിഷ്കരിച്ചു കഴിഞ്ഞാല്‍ അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സര്‍ക്കാര്‍ അനുവദിച്ചു നല്കുന്ന ചെറിയ ചെറിയ ആനുകൂല്യങ്ങളിലൂടെ വന്‍തോതിലുള്ള അക്രമം നടമാടുന്നതായി നമുക്ക് അറിയാം. ഉദാഹരണത്തിന് അഞ്ചു സെന്റു മാത്രം ഉള്ളവര്‍ക്ക് വയല്‍ നികത്താം എന്നൊരു ഇളവുണ്ട്. ആ ഇളവിന്റെ മറ പറ്റി ഏക്കറു കണക്കിനു കിടക്കുന്ന വയലുകൾ അഞ്ചു സെന്റ് അഞ്ചു സെന്റായി പല വ്യക്തികളുടെ പേരിലേക്ക് മറിച്ചു വിറ്റ് അവയെല്ലാം നികത്താനുള്ള ഉത്തരവ് സമ്പാദിക്കുന്നു. അങ്ങനെ വിശാലമായ ഒരു പാടശേഖരം തന്നെ ഹൌസിംഗ് കോളനിയായി മാറുന്നു.
രാഷ്ട്രീയമായ കാരണങ്ങളാല്‍ മുന്‍ സര്‍ക്കാറിന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചും വെള്ളം ചേര്‍ത്തും പിന്നാലെ വരുന്ന സര്‍ക്കാറുകള്‍ നടത്തുന്ന ഇടപെടലുകളുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല.
ഇനിയെങ്കിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രകൃതിസൌഹൃദമായ ഒരു ജീവിത രീതി നാം പരുവപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.