Mon. Dec 23rd, 2024

 

ചെന്നൈ:

സ്‌കൂളുകളിലെ ജാതി വിവേചനം ഒഴിവാക്കുന്നതിനായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യന്‍ തടഞ്ഞു. വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ. എസ്. കണ്ണപ്പന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ച സര്‍ക്കുലര്‍ നടപ്പിലാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ നിര്‍ദേശം. തമിഴ്‌നാട്ടില്‍ നിലവില്‍ തുടര്‍ന്നു വരുന്ന രീതികളെല്ലാം അതേപടി തന്നെ തുടരുമെന്നും മന്ത്രി സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.

തമിഴ്‌നാട് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

 

വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ രാഷ്ട്രീയമായി വലിയ വിവാദത്തിനു തുടക്കമിട്ടതോടെയാണ് സര്‍ക്കുലര്‍ തടഞ്ഞുകൊണ്ട് മന്ത്രി നേരിട്ട് രംഗത്തു വന്നത്. സ്‌കൂളുകളിലെ ജാതി വിവേചനം ഒഴിവാക്കാന്‍ ലക്ഷമിട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്തു വന്നതോടെ ബി.ജെ.പി നേതാക്കള്‍ ഇതൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു.

തമിഴ്‌നാട്ടിലെ ചില സ്‌കൂളുകളില്‍ ജാതി തിരിച്ചറിയുന്നതിനായി വിവിധ നിറങ്ങളിലുള്ള റിസ്റ്റു ബാന്‍ഡുകളും മറ്റു ജാതി ചിഹ്നങ്ങളും അണിഞ്ഞു വരുന്ന പതിവ് നിലവിലുണ്ട്. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചില വിദ്യാലയങ്ങളില്‍ ഇത്തരം രീതികള്‍ കൂടുതലായി കണ്ടു വരുന്നത്. ഇത് ജാതിയുടെ അടിസ്ഥാനത്തില്‍ വലിയ വേര്‍തിരിവിനും ദളിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പീഢനങ്ങള്‍ക്കും കാരണമാകുന്നതായി നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ചില ദളിത് വിദ്യാര്‍ത്ഥികളോട് കായിക അധ്യാപകരും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചത് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. ചില മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഈ വിദ്യാര്‍ത്ഥികളെ തടഞ്ഞതായും അന്ന് ആരോപണം ഉയര്‍ന്നു.

ഉച്ചഭക്ഷണം കഴിക്കാന്‍ പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് തമിഴ് നാട്ടിലെ ചില സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ കൈയില്‍ ധരിക്കുന്ന കളര്‍കോഡുള്ള റിസ്റ്റു ബാന്‍ഡുകളുടെ നിറം നോക്കിയാണ് ഇവരുടെ ജാതി വളരെ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നത്. ജാതി വിവേചനം നിലവിലുള്ള ചില സ്‌കൂളുകള്‍ റിസ്റ്റു ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മത ചിഹ്നങ്ങള്‍ അണിഞ്ഞു വരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നതായും പരാതികളുണ്ട്.

 

സര്‍ക്കുലറിന് പ്രേരണയായത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്.

2018 ബാച്ചിലെ 180 ഐ.എ.എസ് ട്രെയിനി ഓഫീസര്‍മാരാണ് തമിഴ്‌നാട്ടിലെ ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ കളര്‍കോഡുള്ള റിസ്റ്റു ബാന്‍ഡുകള്‍ അണിഞ്ഞു വരാന്‍ നിര്‍ബന്ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചുവപ്പ്, മഞ്ഞ, പച്ച, കാവി എന്നീ നിറങ്ങളിലുള്ള റിസ്റ്റു ബാന്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ചിരുന്നതായും വ്യക്തമാക്കിയിരുന്നു. ഈ റിസ്റ്റു ബാന്‍ഡുകളുടെ നിറം നോക്കിയാണ് ജാതി തിരിച്ചറിയുന്നത്.

ഉയര്‍ന്ന ജാതിക്കാരാണോ താഴ്ന്ന ജാതിക്കാരാണോ എന്ന് വ്യക്തമാക്കാന്‍ വേണ്ടി ആയിരുന്നു ഇത്തരം റിസ്റ്റു ബാന്‍ഡുകള്‍. ഇത്തരം റിസ്റ്റു ബാന്‍ഡുകള്‍ കൂടാതെ ചില പ്രത്യേക തരം മോതിരങ്ങളും നെറ്റിയില്‍ തിലകവും ജാതിയുടെ അടയാളമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കണ്ടെത്തിയതായും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ഈ വര്‍ഷം ആദ്യം നടന്ന ഒരു ചര്‍ച്ചയിലാണ് ഈ വിഷയം ഐ.എ.എസ് ട്രെയിനി ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ഇവര്‍ റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദി ദ്രാവിഡ ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

തങ്ങളുടെ ജില്ലകളില്‍ ഇത്തരത്തിലുള്ള സ്‌കൂളുകളുണ്ടോ എന്നു കണ്ടെത്താനുള്ള നടപടി എല്ലാ ജില്ലാ ഓഫീസര്‍മാരും സ്വീകരിക്കണം. റിസ്റ്റു ബാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വിവേചനങ്ങ
ള്‍ ഏതെങ്കിലും സ്‌കൂളില്‍ കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം രീതികള്‍ തടയാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. റിസ്റ്റു ബാന്‍ഡുകള്‍ ധരിക്കാന്‍ കുട്ടികളെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ വര്‍ഗീയ പാര്‍ട്ടികള്‍ ഇത് മുതലെടുക്കാന്‍ ശ്രമം തുടങ്ങി. ബിജെപി നേതാവ് എച്ച്. രാജയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ജാതി ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടയുന്നത് ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമാണെന്നായിരുന്നു രാജയുടെ ആരോപണം.

 

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ തടഞ്ഞുകൊണ്ട് വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയത്. താന്‍ അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഈ സര്‍ക്കുലര്‍ അനാവശ്യമാണെന്നും വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നും സെങ്കോട്ടയ്യന്‍ പറഞ്ഞു. ആദി ദ്രാവിഡ പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് ആദ്യം സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കുലര്‍ അയച്ചതെന്നും ഇത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് സെങ്കോട്ടയ്യന്റെ നിലപാട്.

തമിഴ്‌നാട്ടിലെ 99 ശതമാനം സ്‌കൂളുകളിലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി പറയുന്നത്. ഒരുപക്ഷെ വളരെ അപൂര്‍വമായി അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ താന്‍ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും സെങ്കോട്ടയ്യന്‍ പറയുന്നു. എന്തായാലും നാടിന്റെ നന്മയെക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കുന്നതു തന്നെയാണെന്ന് മന്ത്രിക്ക് പ്രധാനമെന്ന് ഈ നിലപാടില്‍ നിന്ന് വ്യക്തം.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമാകുമ്പോഴും ജാതി വിവേചനത്തിന് അവസാനമായിട്ടില്ല എന്നു തന്നെയാണ് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത്. ജാതി വിവേചനം തടയാനായി പുറത്തിറക്കിയ സര്‍ക്കുലറാണ് രാഷ്ട്രീയ നേട്ടത്തിനായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് റദ്ദാക്കിയത്. ജാതി വിവേചനവും ദളിത് പീഢനവും തുടരുമെന്നു തന്നെയാണ് ഇത്തരം സംഭവങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നത്.

തമിഴ് നാടിന്റെ പലഭാഗങ്ങളിലും ഇത്തരം വിവേചനങ്ങള്‍ ഇപ്പോഴും തുടരുന്നതായി സാമൂഹ്യ പ്രവര്‍ത്തകനായ ‘എവിഡന്‍സ് കതിര്‍’ സാക്ഷ്യപ്പെടുത്തുന്നു. മധുര കേന്ദ്രീകരിച്ച് ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എവിഡന്‍സ്. അംഗന്‍വാടി മുതല്‍ തുടങ്ങുന്നതാണ് ദളിത് വിദ്യാര്‍ത്ഥികളോടുള്ള ഈ വിവേചനം. തുടര്‍ന്നുള്ള വിദ്യാഭ്യാസ കാലം മുഴുവന്‍ ഇവര്‍ ഈ വിവേചനം അനുഭവിക്കേണ്ടി വരികയാണെന്നും കതിര്‍ പറയുന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിക്കടുത്തുള്ള ഒരു സ്‌കൂളിലെ അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥികളെ മൈനസ് എന്നും ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികളെ പ്ലസ് എന്നുമാണ് വിളിക്കാറുള്ള സംഭവം കതിര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *