ആൾവാർ:
പെഹ്‌ലു ഖാനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിധി ബുധനാഴ്ച, രാജസ്ഥാനിലെ ആൾവാറിലെ ഒരു അഡീഷണൽ ജില്ലാക്കോടതി പ്രസ്താവിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഈ കേസിന്റെ വാദം ആഗസ്റ്റ് 7 നു പൂർത്തിയായിരുന്നു. അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി സരിത സ്വാമിയാണ് ഈ കേസിന്റെ വാദം കേട്ടത്. വാദം കേട്ടതിനുശേഷം, വിധി ആഗസ്റ്റ് 14 നു പുറപ്പെടുവിക്കുമെന്നാണ് ജഡ്ജി പ്രസ്താവിച്ചത്.
2017 ഏപ്രിൽ ഒന്നിനാണ് ഹരിയാനയിലെ ജയ്‌സിംഗ്‌പുര സ്വദേശികളായ പെഹ്‌ലു ഖാനേയും രണ്ടു പുത്രന്മാരേയും ഹിന്ദു സംഘടനയുടെ അംഗങ്ങൾ ചേർന്ന് ആക്രമിക്കുന്നത്. ജയ്‌പൂരിൽ നിന്നും ഒരു പിക്കപ്പ് വാനിൽ കന്നുകാലികളുമായി യാത്ര ചെയ്യുകയായിരുന്നു അവർ. ബെഹ്‌റോർ എന്ന സ്ഥലത്തുവെച്ചാണ് ഇവർക്കെതിരെ ആക്രമണം നടന്നത്. മർദ്ദനത്തിൽ അവശനായി ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച പെഹ്‌ലു ഖാൻ ഏപ്രിൽ മൂന്നിന് മരണപ്പെടുകയായിരുന്നു.
പ്രതികളായ വിപിൻ യാദവ്, കാലു രാം, ദയാനന്ദ്, രവീന്ദ്ര കുമാർ, യോഗേഷ് കുമാർ, ഭീം രാത്തീ, ദീപക് എന്നിവരുടെ ശിക്ഷയാണ് ഇന്നു വിധിക്കുക. പ്രായപൂർത്തിയാവാത്ത രണ്ടു പ്രതികൾ കൂടെ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.