ന്യൂഡല്‍ഹി:
ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി ജഡ്ജി ധര്‍മ്മേഷ് ശര്‍മ്മയാണ് ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലാണ് നടപടി.
ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള നാലു കേസുകളാണ് ജസ്റ്റിസ് ധര്‍മേഷ് ശര്‍മയുടെ പരിഗണനയിലുള്ളത്. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കള്ളക്കേസെടുത്തതും ഇയാള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായ രണ്ടു കേസുകളും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ച് കൊലപ്പെടുത്തിയതിനാണ് ഒരു കേസ്. ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചു എന്ന് കള്ളക്കേസുണ്ടാക്കി പെണ്‍കുട്ടിയുടെ പിതാവിനെ കുടുക്കിയതിനാണ് മറ്റൊരു കേസുമുണ്ട്. ഈ രണ്ടു കേസുകളിലുമായി സേംഗറിനും മറ്റ് ഒന്‍പതു പ്രതികള്‍ക്കും എതിരെയാണ് ഡല്‍ഹി കോടതി കൊലകുറ്റം ചുമത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുന്ന കൊലപാതകം, ഭീഷണിപ്പെടുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ കുറ്റങ്ങളും ആയുധ നിയമത്തിലെ 25-ാം വകുപ്പനുസരിച്ചുള്ള കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ നിശബ്ദനാക്കാനോ ഇല്ലാതാക്കാനോ വേണ്ടി സേംഗര്‍ നടത്തിയ വലിയൊരു ഗൂഢാലോചനയായിരുന്നു ഇതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ഉന്നാവില്‍ ഉണ്ടായിരുന്നില്ലെന്നും ഡല്‍ഹിയിലായിരുന്നു എന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ പോലും ഉന്നാവിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി കുല്‍ദീപ് സിംഗ് സെംഗാര്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞു.
മറ്റുള്ളവരെ കൊണ്ട് കൊലപാതകം നടപ്പിലാക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇത്. എം.എല്‍.എ യുടെ നിര്‍ദ്ദേശമനുസരിച്ചാണ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജയിലില്‍ എത്തിക്കുന്നതിനു മുമ്പുതന്ന ക്രൂരമായി മര്‍ദിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതും ഗൂഢാലോചനയുടെ തെളിവാണെന്നും കോടതി പറഞ്ഞു.
പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും എം.എല്‍.എ ആയ കുല്‍ദീപ് സിംഗ് സെംഗാറിന്റെയും സഹോദരന്റെയും പേര് സിബിഐ മനപൂര്‍വം ഒഴിവാക്കിയിരുന്നു എന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതും കോടതി പരിഗണിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സേംഗര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ കഴിഞ്ഞയാഴ്ച പോക്‌സോ നിയമ പ്രകാരം കോടതി കുറ്റം ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതക കുറ്റവും ചുമത്തിയിട്ടുള്ളത്.
ഉന്നാവോ കേസുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ മൂന്നു പോലീസുകാര്‍ക്ക് നല്‍കിയിരുന്ന ജാമ്യവും കോടതി റദ്ദാക്കി. മക്കി പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന അശോക് സിങ് ബദൂരിയ, സബ് ഇന്‍സ്‌പെക്ടര്‍ കമ്ത പ്രസാദ്, പോലീസ് കോണ്‍സ്റ്റബിള്‍ അമിര്‍ ഖാന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കിയ കോടതി ഇവരെ കൊലക്കുറ്റം ചുമത്തി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്നും ഉത്തരവിട്ടു.
സിബിഐ അന്വേഷിച്ചു വരുന്ന കേസ് സുപ്രീം കോടതിയാണ് ലക്‌നൗ സിബിഐ കോടതിയില്‍ നിന്നും ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു തീരുമാനം. പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഒഴികെ ബാക്കി കേസുകളെല്ലാം ആഗസ്റ്റ് ഒന്നു മുതല്‍ ഡല്‍ഹി കോടതിയിലാണ് വിചാരണ നടത്തുന്നത്.
കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചത്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. ജൂലൈ 28ന് റായ്ബറേലിയിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ ഈ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്.
അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ വാഹനാപകട കേസ് പരിഗണിക്കുന്ന ലക്‌നൗ സി.ബി.ഐ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരുന്നു. കോടതിയുടെ നിര്‍ദേശം ലഭിച്ചതോടെ ട്രക്ക് ഡ്രൈവര്‍ ആശിഷ് കുമാറിനെയും, ക്ലീനര്‍ മോഹന്‍ ശ്രീവാസിനെയും സി.ബി.ഐ ഉദ്യോഗസ്ഥര്‍ ടെസ്റ്റിനായി ഇന്നലെ ഗാന്ധി നഗറില്‍ എത്തിച്ചിരുന്നു. ഇരുവരുടെയും ബ്രെയിന്‍ മാപ്പിങും വിരലടയാള പരിശോധനയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്.
കള്ളക്കേസുകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയും തള്ളി.
ഇതിനിടെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രതികള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസുകള്‍ എടുപ്പിച്ചിരുന്നു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത 20 കേസുകളുടെ തത്സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ യു.പി. സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ ഈ ആവശ്യം സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച്, ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട കേസ് ഈമാസം 19-നു കേള്‍ക്കുമെന്നും അറിയിച്ചു.
ഉന്നാവോ ബലാത്സംഗ കേസില്‍ എം.എല്‍.എ കുറ്റങ്ങള്‍ നിഷേധിച്ചിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബി.ജെ.പി ഇയാളെ പുറത്താക്കിയത്. സാങ്കേതികമായി പാര്‍ട്ടിക്ക് പുറത്താണെങ്കിലും പാര്‍ട്ടി നേതാക്കളുമായി സെംഗാറിന് ഇപ്പോഴും നല്ല ബന്ധമാണ്.