കോട്ടയം:
കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഉറച്ച് നിന്നപ്പോള്‍ പ്രതിഭാഗം ഇതിനെ പൂര്‍ണ്ണമായും എതിര്‍ത്തു.
മൂന്ന് മാസം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാന്‍ വേണ്ടി കേസ് പരിഗണിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ കോടതി വ്യക്തത തേടി. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ടു. നീനുവിന്റെയും മുഖ്യസാക്ഷി ലിജോയുടേയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ദുരഭിമാനക്കൊല തന്നെയാണെന്ന് ആവര്‍ത്തിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്. 28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.