Wed. Jan 22nd, 2025

 

വര്‍ക്കല:

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കാരുണ്യ ഹസ്തവുമായി വര്‍ക്കല-ശിവഗിരി റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍ സി. പ്രസന്നകുമാര്‍. പ്രളയ ദുരന്തമേഖലയിലെ കുട്ടികള്‍ക്കായി മുപ്പതിനായിരം രൂപയോളം വില വരുന്ന വസ്ത്രങ്ങളാണ് ഇദ്ദേഹം സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി വാങ്ങി നല്‍കിയത്.

വര്‍ക്കല താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്ററിലെത്തിച്ച വസ്ത്രങ്ങള്‍ വി.ജോയി എം.എല്‍.എ ഏറ്റുവാങ്ങി. തഹസില്‍ദാര്‍ എ. വിജയന്‍, റവന്യൂ ഉദ്യോഗസ്ഥരായ വിമല്‍ ബാബു, ജി.കെ. സിന്ധു, കവിതാരാജ്, അര്‍ച്ചനാതമ്പി, വിജയകുമാര്‍, വര്‍ക്കല പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ലൈനകണ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും ഇദ്ദേഹം മുന്‍കൈയെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ പ്രളയം ബാധിച്ച ചെങ്ങന്നൂരിലേക്ക് എത്തിച്ചു നല്‍കിയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം സുമനസുകളുടെ കൂടി സഹകരണത്തോടെയാണ് അന്ന് റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ കളക്ഷന്‍ സെന്റര്‍ ഒരുക്കി അവശ്യ വസ്തുക്കള്‍ ശേഖരിച്ചത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനായി ചെങ്ങന്നൂര്‍ സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് ട്രെയിനില്‍ അയച്ചു കൊടുത്തു.

ഇത്തവണ നമ്മുടെ പ്രദേശത്ത് പ്രളയം ബാധിച്ചില്ല. അത് ദൈവാനുഗ്രഹമാണ് അതു കൊണ്ടു തന്നെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്നും പ്രസന്ന കുമാര്‍ പറയുന്നു. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് കുട്ടികളാണ്. ഭാവിയിലെ പൗരന്മാരായ അവര്‍ക്കും എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടേണ്ട അവസ്ഥയിലാണ്. ഈ ചിന്തയാണ് കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രസന്നകുമാര്‍ വോക് മലയാളത്തോട് പറഞ്ഞു. നമ്മളാരും സുരക്ഷിതരല്ലെന്നും അതുകൊണ്ടുതന്നെ സാധിക്കുന്ന എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ വരുമാനത്തില്‍ നിന്നും ഒരു പങ്ക് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസന്നകുമാര്‍ മാറ്റിവയ്ക്കാറുമുണ്ട്. അധ്യാപികയായ ഭാര്യ ഷീബയും മക്കളായ അമര്‍നാഥും അദ്വൈതും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.

തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ പ്രസന്ന കുമാര്‍ മൂന്നു വര്‍ഷത്തോളമായി വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തേ ചെന്നൈ റെയില്‍വേ ഡിവിഷനിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് തിരുവനന്തപുരം ഡിവിഷനിലെത്തി. ശിവഗിരി സ്‌റ്റേഷനിലെത്തുന്നതിന് മുമ്പ് കൊല്ലം ജില്ലയിലുള്ള മയ്യനാട് റെയില്‍വേ സ്റ്റേഷനിലായിരുന്നു ഇദ്ദേഹം.

വര്‍ക്കലയിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകന്‍ കൂടിയാണ് പ്രസന്ന കുമാര്‍. റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് ഇദ്ദേഹമെന്ന് വര്‍ക്കലയിലെ റെയില്‍വേ യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *