Mon. Dec 23rd, 2024
കൊച്ചി:

പ്രളയബാധിതര്‍ക്കായി എണ്ണം പോലും നോക്കാതെ വസ്ത്രങ്ങള്‍ സമ്മാനിച്ച നൗഷാദിന് ആദരമൊരുക്കി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. തുണികള്‍ സമ്മാനിച്ച് നാടിന്റെ പ്രിയങ്കരനായി മാറിയ നൗഷാദിനെ തുണികൊണ്ട് ചിത്രീകരിച്ചാണ് സുരേഷ് തന്റെ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനായി അവശ്യവസ്തുക്കള്‍ സമാഹരിക്കാന്‍ എത്തിയ സംഘത്തിന് തന്റെ കടയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ ഏറിയ പങ്കും വിലനോക്കാതെ സംഭാവന ചെയ്തയാളാണ് തെരുവ് കച്ചവടക്കാരനായ നൗഷാദ്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഡാവിന്‍ചി സുരേഷ് തുണികള്‍ കൊണ്ട് നൗഷാദിന്റെ രൂപമൊരുക്കിയത്. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കൊണ്ടായിരുന്നു ചിത്രീകരണം.

സ്വന്തം സമ്പാദ്യവും കച്ചവട ഉല്പന്നവുമായ തുണികള്‍ ദാനം ചെയ്ത നൗഷാദ് ഇക്കയുടെ ചിത്രമൊരുക്കാന്‍ തുണി തന്നെയല്ലേ ഉചിതമായ മീഡിയം എന്നാണ് ഡാവിഞ്ചി സുരേഷിന്റെ ചോദ്യം.

നൗഷാദിന്റെ ചിത്രമൊരുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സുരേഷ് പറയുന്നതിങ്ങനെ…

‘കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനായി ജൈസല്‍ എന്ന ചെറുപ്പക്കാരന്‍ സ്വയം ചവിട്ടു പടിയായി നിന്നത് നമ്മള്‍ കണ്ടതാണ്. ഈ വര്‍ഷം ദുരന്തം ആവര്‍ത്തിച്ചപ്പോള്‍ നന്മ നിറഞ്ഞ മറ്റൊരു മുഖം നൗഷാദ് എന്ന സഹോദരനില്‍ കൂടി നമുക്കു കാണാന്‍ കഴിഞ്ഞു. കൊച്ചിയിലെ ചെറിയൊരു വഴിയോര കച്ചവടക്കാരനായ ഇദ്ദേഹം സ്വന്തം കടയിലെ തുണികള്‍ മുഴുവനും ചാക്കിലാക്കി ഈ പെരുന്നാള്‍ സമയത്ത് മറ്റുള്ളവര്‍ക്കു വേണ്ടി ദാനം ചെയ്തു.

നൗഷാദിന്റെ ചിത്രമൊരുക്കുന്ന ഡാവിന്‍ചി സുരേഷ്

മഴവെള്ളം എന്റെ പ്രദേശം മുഴുവനും നിറഞ്ഞ് വീടിന്റെ പടിവരെ വന്നു തിരിച്ചു പോയി. ചെളിയും ചവറും ക്ലീന്‍ ചെയ്യുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ നന്മയ്ക്ക് ആദരവായി ഒരു ചിത്രം വരയ്ക്കണമെന്നു തോന്നിയത്. ഏതു മീഡിയത്തില്‍ വേണം എന്ന ചിന്തയിലാണ് അവസാനം തുണികള്‍ തന്നെ തെരഞ്ഞെടുത്തത്.’

വീടിനുള്ളിലേക്ക് വെള്ളം കയറുമോ എന്ന സംശയത്തില്‍ പരമാവധി സാധനങ്ങള്‍ മുകളിലേക്ക് കയറ്റി വെച്ചിരുന്നു. ഇതോടെ മുറിയില്‍ ധാരാളം സ്ഥലമുണ്ടായിരുന്നു അതുകൊണ്ടാണ് പ്രധാന മുറിയില്‍ തന്നെ നൗഷാദിന് ആദരവായി ഈ ചിത്രം ഒരുക്കിയത്. കഴിഞ്ഞയാഴ്ച സുരേഷ് നിര്‍മിച്ചിരുന്ന ഗിന്നസ് പക്രുവിന്റ ചലിക്കുന്ന ശില്പം ഏറെ ശ്രദ്ധ നേടിയിരുന്നു.

പലപ്പോഴും ദുരന്തങ്ങളാണ് മനുഷ്യരിലെ നന്മ നിറഞ്ഞ വശങ്ങള്‍ പുറത്തു കൊണ്ടു വരുന്നതും, നന്മയുള്ള മനുഷ്യരെ തിരിച്ചറിയാന്‍ സഹായിക്കുന്നതും.

നൗഷാദിനെ കേരളം തിരിച്ചറിഞ്ഞതിങ്ങനെ.

മലയാള ചലചിത്ര താരമായ രാജേഷ് ശര്‍മ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൗഷാദിന്റെ നന്മ ലോകമറിഞ്ഞത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്തയക്കാനുള്ള വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ശേഖരിക്കാന്‍ ബ്രോഡ് വേയിലെത്തിയതായിരുന്നു രാജേഷും സഹപ്രവര്‍ത്തകരും.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ സംഭരിക്കാന്‍ എത്തിയതാണെന്നറിഞ്ഞതോടെ നൗഷാദ് ആവശ്യമുള്ള സാധനങ്ങള്‍ താന്‍ നല്‍കാമെന്നുപറഞ്ഞു. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളാണോ വേണ്ടതെന്ന് ചോദിച്ച നൗഷാദ് ഇവരെയും കൂട്ടി തന്റെ അടച്ച കട തുറന്ന് ആവശ്യത്തിന് വസ്ത്രങ്ങള്‍ എടുത്തു നല്‍കുകയായിരുന്നു.

നൗഷാദിന്റെ നല്ലമനസു തിരിച്ചറിഞ്ഞ അത്ഭുതപ്പെട്ട രാജേഷ് ശര്‍മ വസ്ത്രങ്ങള്‍ എണ്ണം പോലും നോക്കാതെ നൗഷാദ് വാരി നല്‍കുന്നതുള്‍പ്പെടെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ തല്‍സമയം പങ്കു വെക്കുകയായിരുന്നു. വില്‍ക്കാനായി കെട്ടുകളായി വെച്ചിരുന്ന പുത്തന്‍ വസ്ത്രങ്ങളാണ് ഇദ്ദേഹം വാരി ചാക്കുകളിലാക്കി നല്‍കിയത്. മനുഷ്യരെ സഹായിക്കുന്നതാണ് തന്റെ ലാഭമെന്നാണ് നൗഷാദ് പറയുന്നത്. ഇദ്ദേഹത്തിന്റെ നന്മ കേരളം തിരിച്ചറിയണമെന്നു പറഞ്ഞു കൊണ്ടാണ് രാജേഷ് വീഡിയോ പങ്കു വെച്ചത്.

 

ഇതോടെ ഒറ്റദിവസം കൊണ്ട് നൗഷാദ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറി. സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ നൗഷാദിനോടുള്ള ആദരവു നിറഞ്ഞ വാക്കുകള്‍ കൊണ്ട് നിറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ക്കു പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലെയും ഹെഡ്‌ലൈനായി നൗഷാദ് ഒറ്റ ദിവസം കൊണ്ടു മാറി. വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ നൗഷാദ് വര്‍ഷങ്ങളായി ബ്രോഡ് വേയിലെ വഴിയോരത്ത് തുണികച്ചവടം നടത്തി വരികയാണ്.

ഇതാണെന്റെ പെരുന്നാള്‍ ആഘോഷം. നമ്മള്‍ ഈഭൂമിയില്‍ നിന്നും പോകുമ്പോള്‍ ഒന്നും കൊണ്ടു പോകില്ലല്ലോ. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് സഹോദരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ നമുക്കെങ്ങനെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്നും നൗഷാദ് ചോദിക്കുന്നു.

താന്‍ ഇത് സാധാരണ ചെയ്യാറുള്ളതാണെന്നും കഴിഞ്ഞ പ്രളയകാലത്തും ഇങ്ങനെ തുണികള്‍ നല്‍കിയിരുന്നു. ഇത്തവണ വീഡിയോ പുറത്തു വന്നതു കൊണ്ടാണ് എല്ലാവരും അറിഞ്ഞത്. പ്രശസ്തി താന്‍ ആഗ്രഹിക്കുന്നില്ല. ഇത് തന്റെ കടമയാണെന്നാണ് താന്‍ കരുതുന്നതെന്നും നൗഷാദ് പറഞ്ഞു.

നന്മയുടെ വെളിച്ചം പകരുന്ന നൗഷാദ് എന്ന സഹോദരനെ മലയാളി ഇത്തവണയെങ്കിലും തിരിച്ചറിഞ്ഞു എന്നത് സമൂഹ മാധ്യമങ്ങളുടെ വലിയ നേട്ടം തന്നെയാണ്. നൗഷാദിന്റെ നന്മ തിരിച്ചറിഞ്ഞ നിരവധി പേര്‍ പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹ സമ്മാനങ്ങളുമായി എത്തിയെങ്കിലും ഒന്നും വേണ്ട എന്ന നിലപാടാണ് നൗഷാദിന്. തനിക്കു നല്‍കാന്‍ ആഗ്രഹിക്കുന്നത് ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കു നല്‍കാനാണ് നൗഷാദിന്റെ അഭ്യര്‍ത്ഥന.

അഭിനന്ദനവുമായി സിനിമാ താരങ്ങളും

ഇതിനിടെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും നൗഷാദിനോടുള്ള ആദരവ് പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും ജയസൂര്യയും നേരിട്ടു തന്നെ നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. നൗഷാദിന്റെ ഫോണില്‍ ലോകമെങ്ങുമുള്ള മലയാളികളുടെ സ്‌നേഹ പ്രവാഹമാണിപ്പോള്‍. വിശ്രമമില്ലാതെ ബെല്ലടിച്ചു കൊണ്ടിരിക്കുകയാണ് നൗഷാദിന്റെ ഫോണ്‍.

 

നൗഷാദിന്റെ കാര്യത്തില്‍ ഇത് തീര്‍ച്ചയായും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപെരുന്നാള്‍ തന്നെയാണ്. നന്മയുടെ വഴിയില്‍ നൗഷാദിന് പിന്തുണയുമായി ഭാര്യ നിസയും മക്കളായ ഫര്‍സാനയും ഫഹദും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *