Thu. Jan 23rd, 2025
#ദിനസരികള്‍ 844

 

പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന കെ.എം. ബഷീര്‍ എന്ന പേര്. ഇടക്കിടയ്ക്ക് ആരെങ്കിലുമൊക്കെ ഈ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഒരു പ്രളയത്തിലും മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമായ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം മുങ്ങിപ്പോകരുത്.

പോലീസും മറ്റ് അധികാരികളും കൂടി ഒരു ശിക്ഷ പോലും ലഭിക്കാനിടയില്ലാത്ത വിധത്തില്‍ ശ്രീറാമിനെ നിയമപരമായി സഹായിച്ചു കഴിഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കുവാനോ ആവശ്യമായ തെളിവുകളുണ്ടാക്കുവാനോ തയ്യാറാകാത്ത പോലീസാണ് ഈ കേസിലെ ഒന്നാമത്തെ പ്രതിയെന്ന് നിസ്സംശയം പറയാം. എന്നാല്‍ പരിണത പ്രജ്ഞനായ ഡോ. ബി. ഇക്ബാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്കു പേജില്‍ എഴുതിയ ഒരു കുറിപ്പ് ഈ സംഭവത്തിന്റെ മറ്റൊരു വശത്തെക്കൂടി അനാവരണം ചെയ്യുന്നുണ്ട്. ആ കുറിപ്പ് ഞാനിവിടെ പകര്‍ത്തുന്നു :- “ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് മദ്യലഹരിയിൽ ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൌമ്യനും മികച്ച പത്രപ്രവർത്തകനുമായ് കെ എം ബഷീർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ മലയാളികളുടെ നീതി ബോധത്തിനും ധാർമ്മികതക്കും നേരെ കടുത്ത വില്ലുവിളികൾ ഉയർത്തികൊണ്ടിരിക്കയാണ്.

മദ്യപരിശോധന മനപൂർവ്വം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പോലീസുകാരെ കോടതി തന്നെ വിമർശിച്ചിട്ടുണ്ട്.
ശ്രീറാമിനെ ആദ്യം പരിശോധിച്ച ജനറലാശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മദ്യം മണത്തെന്ന് പറയുന്നുണ്ടെങ്കിലും രക്തപരിശോധന നടത്താൻ ശ്രമിച്ചില്ല. ഡോ. ശ്രീറാമിനെ പിന്നീട്‌ ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വൈദ്യ ശാസ്ത്ര ധാർമ്മികത നിരന്തരം ലംഘിച്ച് നിഷ്കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടർ കൂടിയായ ഐ.എ.എസ്. ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവർക്ക് പ്രശ്നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തിൽ പെടുന്നവർക് തലക്ക് പരിക്ക് പറ്റുമ്പോൾ അപൂർവ്വമായി കാണപ്പെടുന്ന Retrograde Amnesia എന്ന മറവി വൈകല്യം ഡോ. ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് രേഖപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. പരിക്ക് പറ്റുന്നതിന് മുൻപുള്ള കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ പറ്റാതെ വരുന്നതിനെയാണ് Retrograde Amnesia എന്ന് പറയുക. ഇനിപ്പോൾ പിന്നീടുള്ള വിവരങ്ങളും മറന്ന് പോകുന്ന Anterograde Amnesia എന്ന ഓർമ്മ തകരാറുകൂടി ഡോ. ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഡോക്ടർമാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാൻ കേരള സമൂഹത്തിനാവില്ല.

രോഗ ചികിത്സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്കൽ പ്രൊഫഷൻ പിന്തുടരേണ്ട നൈതിക പെരുമാറ്റരീതി എന്തൊക്കെയെന്ന് ലോക മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ കൌൺസിലും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഡോക്ടർമാർ ചെയ്യുന്ന അധാർമ്മിക പ്രവർത്തനങ്ങളും ചതിയും വഞ്ചനയും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ അതെപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടർമാർ ബാധ്യസ്ഥരാണെന്ന് പെരുമാറ്റ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

World Medical Association International Code of Medical Ethics states that “A physician shall…report to the appropriate authorities those physicians who practice unethically or incompetently or who engage in fraud or deception”
Medical Council of India Code of Medical Ethical Regulations 2 (Amended up to 2016) states that “A Physician should expose, without fear or favour, incompetent or corrupt, dishonest or unethical conduct on the part of members of the profession.”
അതോടൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യ ധാർമ്മികതാ പെരുമാറ്റ ചട്ടം പറയുന്നു.

Medical Council of India.J(The physician shall not aid or abet torture nor shall he be a party to either infliction of mental or physical trauma or concealment of torture inflicted by some other person or agency in clear violation of human rights.

കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാൻ ബാദ്ധ്യസ്ഥൻ കൂടിയായ ഉയർന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടർ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അർഹമായ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങൾക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നിൽക്കയാണെന്ന് പൊതു സമൂഹം കരുതുന്നു. വൈദ്യശാസ്ത്ര ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയ കുറ്റകൃത്യത്തെ തുടർന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാർമ്മികതകളെപറ്റി പ്രതികരിക്കാൻ ഡോക്ടർമാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർമാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കിൽ പിൽകാലത്ത് ഈ കുറ്റകൃത്യത്തിൽ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും (08/09/2019.)”

കേരളത്തിലാകെ ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കേസായിട്ടും പൊതുജനങ്ങളാകെ ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും എത്ര ലാഘവത്തോടെയാണ് കേസ് അട്ടിമറിക്കുള്ള അവസരങ്ങളും അതിനു വേണ്ടിയുള്ള പുതിയ പുതിയ സാങ്കേതികത്വങ്ങളുടെ വാദമുഖങ്ങളും സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കുക! പോലീസിന്റെ തെമ്മാടിത്തരങ്ങള്‍ നാം ആവോളം ചര്‍ച്ച ചെയ്തതാണ്. കോടതിയും വളരെ കര്‍ശനമായിത്തന്നെയാണ് പോലീസിനെ കൈകാര്യം ചെയ്തത് എന്നതും ഓര്‍ക്കുക.

എന്നാല്‍ ഇവിടെ ഡോക്ടര്‍ ബി. ഇക്ബാല്‍ ചൂണ്ടിക്കാണിക്കുന്നത് നാമിത്ര നാളും അത്രക്കൊന്നും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയത്തെയാണ്. അധികാരസ്ഥാനങ്ങളുടെ നിര്‍‌ദ്ദേശങ്ങള്‍ക്കു വഴങ്ങി എത്ര സമര്‍ത്ഥമായാണ് നമ്മുടെ മെഡിക്കല്‍ രംഗം കേസുകളെ വഴിതിരിച്ചു വിടാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നത്? വളരെ സജീവമായ ശ്രദ്ധയോടെ നമ്മുടെ വൈദ്യ രംഗത്ത് നിലനില്ക്കുന്ന മൂല്യരാഹിത്യത്തെക്കൂടി ചര്‍ച്ച ചെയ്യണമെന്ന് ഇക്ബാല്‍ ഓര്‍മ്മപ്പെടുത്തുന്നു. പൊതുസമൂഹം ഇനി പ്രതികരിക്കേണ്ടത് മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ലാത്ത ഇത്തരം രാക്ഷസീയതകളോടു കൂടിയാണ്. ശ്രീറാം വെങ്കിട്ടരാമനോടൊപ്പം പോലീസും ഒത്തു കളിച്ച ആരോഗ്യവിശാരദന്മാരും വിചാരണ ചെയ്യപ്പെടുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *