Mon. Dec 23rd, 2024

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെക്കുറിച്ച് ധാരാളം കുറിപ്പുകൾ കണ്ടു. കുഞ്ഞുങ്ങളെക്കുറിച്ച് ഓർത്ത് ഒരുപാട് പരിഭ്രമിക്കേണ്ട. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

വെള്ളം കയറാനിടയുള്ളിടങ്ങളിലും ക്യാമ്പുകളിലും വച്ചാണെങ്കിലും പരിമിതമായ സൗകര്യത്തിൽ നിന്നുകൊണ്ട് നമുക്കുതന്നെ ചെയ്യാവുന്നവയാണ്. ഏറ്റവും മിനിമം ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. അതിൽ മൂന്നാമത്തേത് കുഞ്ഞ് തനിയെ ചെയ്തുകൊള്ളും.

1. നവജാത ശിശുക്കൾ തൊട്ട് ഒന്നും രണ്ടും മാസമായ വാവകൾ വരെ നേരിടാൻ സാദ്ധ്യതയുള്ള ഒന്നാമത്തെ പ്രശ്നം ശരീരതാപനില താഴ്ന്നുപോകാനിടയുണ്ടെന്നതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത് തടയാവുന്നതാണ്.

– കുഞ്ഞിൻ്റെ വസ്ത്രങ്ങൾ ഈർപ്പമില്ലാത്തതാവണം ( മഴയത്ത് ഇത് സാധിക്കാനാണ് ഏറ്റവും പ്രയാസമെന്നറിയാം , എങ്കിലും ശ്രമിക്കുക.. പ്ലാസ്റ്റിക് കവറുകളിലോ മറ്റോ ഉണങ്ങിയവ ഭദ്രമായി സൂക്ഷിക്കാവുന്നതാണ്.)

– കുഞ്ഞിനെ വസ്ത്രമിടുവിക്കുമ്പോൾ കൈകളും കാലുകളും കവർ ചെയ്യുന്നത് ഉചിതമാണ് (നവജാതശിശുക്കളുടേത് പ്രത്യേകിച്ചും). ശരീരതാപനില നഷ്ടപ്പെടുന്നത് തടയാൻ കഴിയും.

– കംഗാരു മദർ കെയർ – അഥവാ കുഞ്ഞിനെ അമ്മയുടെ / പരിചാരകൻ്റെ നെഞ്ചോട് ചേർത്തുവച്ച് പരിചരിക്കുന്ന അവസ്ഥ. ഇതിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ്.അമ്മയുടെ സ്‌തനങ്ങൾക്കിടയിലായി കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്നു. തല ഒരു വശത്തേക്കും അൽപ്പം മുകളിലേക്കും ചരിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാൻ സഹായിക്കും.

കുഞ്ഞിന്റെ കാലുകൾ ‘W’ ആകൃതിയിൽ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തെക്കുമാണെന്ന് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അരമുതൽ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കുന്നത് നല്ലതാണ്.ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടുന്ന രീതിയിലെ വസ്ത്രം ധരിക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടതിരിക്കാൻ ശ്രദ്ധിക്കണം

2. ഭക്ഷണം – അമ്മിഞ്ഞപ്പാൽ തന്നെയാണ് കുഞ്ഞിന് ഏറ്റവും എളുപ്പം കിട്ടാവുന്ന ശുദ്ധമായ ഭക്ഷണം. അതിന് അമ്മയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. അതായത് വീട്ടിലൊരു അമ്മയുണ്ടെങ്കിൽ, നവജാത ശിശുവുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൻ്റെ വീതം വയ്പിൽ ആദ്യ പ്രയോറിറ്റി അമ്മയ്ക്കാണ് എന്ന് ചുരുക്കം.

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന് വെള്ളം വഴി പകരാൻ സാദ്ധ്യതയുള്ള ഒട്ടുമിക്ക രോഗങ്ങളും ഒഴിവാക്കാനാവുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അപ്പോൾ വയറിളക്ക രോഗങ്ങളും അതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെ ഒഴിച്ചുനിർത്താം

മുൻപ് പറഞ്ഞ കംഗാരു മദർ കെയറിൻ്റെ സമയത്തും മുലയൂട്ടലിൻ്റെ സമയത്തും ആവശ്യമായ സ്വകാര്യത ഉറപ്പ് വരുത്താനും അമ്മയെയും കുഞ്ഞിനെയും കംഫർട്ട് നൽകി ഇരുത്താനും ഉള്ള ഉത്തരവാദിത്വം കൂടെയുള്ളവർക്കാണ്.

3. ഉറക്കം – വയറ് നിറഞ്ഞാൽ ഈ വികൃതികൾ അമ്മയുടെ നെഞ്ചിനോട് ചേർന്നുകിടന്ന് ഉറങ്ങിക്കൊള്ളും. കുഞ്ഞ് ഉണർന്ന് കരയുന്നതെല്ലാം അസുഖത്തിനാണെന്ന് കരുതേണ്ട. ശരീരം നനയുന്നതും തണുപ്പടിക്കുന്നതുമെല്ലാം അവർക്ക് അസ്വസ്ഥതയുണ്ടാക്കാം. ശാന്തമായ അമ്മയുടെ ഗർഭപാത്രമല്ലല്ലോ പുറത്ത്…

മുലയൂട്ടിയാൽ തോളത്തിട്ട് നന്നായി തട്ടി (അമ്മയ്ക്ക് നഴ്സുമാരോ പ്രസവമെടുത്ത ഡോക്ടറോ പറഞ്ഞുകൊടുത്തിട്ടുണ്ടാവും) ഗ്യാസ് കളയാൻ മറക്കരുത്. അതുകൊണ്ടുതന്നെ കുറെയധികം കരച്ചിലുകൾ കുറഞ്ഞുകിട്ടും.

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർ നവജാതശിശുക്കളെയും കൈക്കുഞ്ഞുങ്ങളെയും കൊഞ്ചിക്കുന്നതിൽ നിന്ന് താൽക്കാലികമായെങ്കിലും വിട്ടുനിൽക്കുന്നത് ഉചിതമാണ്. കാരണം അറിയാമല്ലോ. ഇൻഫെക്ഷനുകൾ കുഞ്ഞിനു ലഭിക്കാതിരിക്കാൻ തന്നെ..

അല്പം ബുദ്ധിമുട്ടാണെങ്കിലും നമുക്ക് ഒന്നിച്ച് ആഞ്ഞുപിടിച്ച് മുന്നോട്ട് പോകാം. മഴ മാറും , മാനം തെളിയും. അതുവരെയേ ഈ കഷ്ടപ്പാടുള്ളൂ..

– Dr. Nelson Joseph.

Leave a Reply

Your email address will not be published. Required fields are marked *