ഡര്‍ബന്‍:
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച മുന്‍നിര ബാറ്റ്സ്മാന്മാരിലൊരാളായ ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അവിചാരിതമായിട്ടായിരുന്നു അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2019 ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ നല്ല ഫോമിലേക്ക് ഉയരാനോ, ടീമിനു കരുത്തേകാനോ കഴിയാത്തതിനെ തുടർന്നാണ് അംല വിരമിക്കുന്നത്. പ്രതാപ കാലത്തു ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡുകൾ വരെ തകർക്കുവാൻ കെൽപ്പുള്ളവനായി നിരീക്ഷകരാൽ വാഴ്ത്തപ്പെട്ട 36കാരനായ അംല, ദക്ഷിണാഫ്രിക്കയുടെ മികച്ച മുന്‍നിര ടെസ്റ്റ്, ഏകദിന ബാറ്റ്സ്മാനാണ്.
ടീമിനായി നന്നായി പൊരുതി കഴിഞ്ഞു തന്നെയാണ് അംലയുടെ മടക്കം.
ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റ്, 181 ഏകദിനം, 44 ട്വന്‍റി20 മത്സരങ്ങളില്‍ കളിച്ച താരം, ടെസ്റ്റില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് നേടി. 28 ടെസ്റ്റ് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറികളും അംല സ്വന്തം പേരിലാക്കി. പുറത്താകാതെ നേടിയ 311 റണ്‍സാണ് ടെസ്റ്റ് ടോപ് സ്കോര്‍. 181 ഏകദിന മത്സരങ്ങളില്‍നിന്നായി 49.46 ശരാശരിയില്‍ 8113 റണ്‍സ് നേടി. 27 സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയും ഏകദിനത്തില്‍ കുറിച്ചു. ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍ 159. വളരെ വേഗത്തില്‍ 25 ഏകദിന സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരവും അംലയാണ്. ട്വന്‍റി 20യില്‍ 1277 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.