ന്യൂഡൽഹി:
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ ലോക് സഭയിലും പാസായി. ഏഴ് മണിക്കൂര്‍ വരെ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ലോക്സഭയും റദ്ദാക്കിയത്. 72നെതിരെ 351 വോട്ടുകള്‍ക്കാണ് ജമ്മുകശ്മീർ വിഭജന ബില്‍ ലോക്സഭയിൽ പാസാക്കിയത്. ഒപ്പം, ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും സഭയിൽ പാസായി, 66നെതിരെ 366 വോട്ടുകള്‍ക്കാണ് പുനസംഘടനാ ബില്‍ പാസായത്.
370-ാം വകുപ്പാണ് കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റിയതെന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു, നടപടി ഒരിക്കലും വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല, രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തിയാണ്. ഹുറിയത്തിനെ ഒരിക്കലും പരിഗണിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചര്‍ച്ചയുടെ തുടക്കം തന്നെ ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ ശക്തമായ വാഗ്വാദമുണ്ടായി.
നേരത്തെ, പ്രതിപക്ഷ പ്രതിഷേധം കടന്ന് രാജ്യസഭയിലും ജമ്മു കശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടനാ ബില്ലും സര്‍ക്കാര്‍ പാസാക്കിയിരുന്നു. പ്രതിഷേധം കത്തിപ്പടരുന്ന അന്തരീക്ഷത്തിലാണ് ലോക്സഭയിലും അമിത് ഷാ പ്രമേയവും പുനസംഘടന ബില്ലും അവതരിപ്പിച്ച് ചര്‍ച്ച ആരംഭിച്ചത്. നിലവിലെ നീക്കം ജമ്മു കശ്മീരിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.
Resolution revoking Article 370 from Jammu & Kashmir passed in Lok Sabha pic.twitter.com/BhDpDJV0Bs
— ANI (@ANI) August 6, 2019
എന്നാല്‍ സംസ്ഥാനത്തെ അന്ധകാരത്തിലാക്കിയുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനമാണെന്നും യു.എന്‍. പരിഗണനയിലുള്ള വിഷയമാണിതെന്നും അധിര്‍ രഞ്ജന്‍ ചൌധരി എതിർത്തു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണോ എന്നും അധിര്‍ രഞ്ജന്‍ ചൌധരി ചോദിച്ചു. കശ്മീര്‍ യു.എന്നിന് കീഴില്‍ വരാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിടുന്നതോടെ നിയമമായി മാറും. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് വിഭജിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. ലഡാക്കിന് നിയമസഭയുണ്ടാകില്ല.